എമ്പുരാന്റെ വിശേഷങ്ങള്‍ പങ്കുവച്ച് മോഹന്‍ലാല്‍; 2020 അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചേക്കും

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ലൂസിഫറിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ലൂസിഫറില്‍ നിന്നു തന്നെ രണ്ടാം ഭാഗത്തിന്റെ സൂചനകളും ലഭിച്ചിരുന്നു. ഇപ്പോള്‍ 2020 അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട പണിപ്പുരയിലാണ് പൃഥ്വിരാജെന്നും ചിത്രത്തിന്റെ തിരക്കഥ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ ചേര്‍ന്ന പത്രസമ്മേളനത്തിനാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനെ കുറിച്ച് ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നീ നാലംഗ സംഘം തന്നെയാവും എമ്പൂരാനെയും നയിക്കുകയെന്നാണ് സൂചന.

ലൂസിഫറിലെ പല കഥാപാത്രങ്ങളുടെയും മുന്‍കാലമായിരിക്കും എമ്പുരാനിലൂടെ അവതരിപ്പിക്കുകയെന്ന് നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഒരുപാട് സസ്‌പെന്‍സുകള്‍ കോര്‍ത്തിണക്കിയെത്തുന്ന എമ്പുരാനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും.

Top