കൊച്ചി: നടന്‍ ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് നടിമാര്‍ നല്‍കിയ കത്തില്‍ എ.എം.എം.എ എക്‌സിക്യൂട്ടിവില്‍ തീരുമാനമായില്ല.ദിലീപിനെതിരെ അച്ചടക്കനടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനം എടുക്കാനാകില്ലെന്ന് എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍. ഇക്കാര്യത്തില്‍ ജനറല്‍ ബോഡിയാണ് അന്തിമതീരുമാനമെടുക്കേണ്ടത്. ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ക്കുന്നത് വരെ കാത്തിരിയ്ക്കണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെട്ടു.
നിയമോപദേശം അനുസരിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് എ.എം.എം.എയുടെ നിലപാട്. എന്ന് ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കാനാകും എന്ന് ഇപ്പോള്‍ പറയാനാകില്ല. ഇക്കാര്യം നടിമാരെ രേഖാമൂലം അറിയിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ബലാത്സംഗക്കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രേവതി, പദ്മപ്രിയ, പാര്‍വതി എന്നീ അഭിനേതാക്കളാണ് വീണ്ടും കത്ത് നല്‍കിയത്. ഈ മാസം മാത്രം മൂന്നാമത്തെ കത്താണ് നടിമാര്‍ നല്‍കുന്നത്.