‘അമ്മ’യില്‍ നിന്ന് രാജിവെച്ച് പുറത്തു പോയവര്‍ക്ക് തിരിച്ചുവരാന്‍ അപേക്ഷ നല്‍കാം: മോഹന്‍ലാല്‍

Mohanlal

കൊച്ചി: താര സംഘടനയായ എ.എം.എം.എയുടെ ഭരണഘടനാ നിയമാവലി ഭേദഗതി ചെയ്യുന്ന കാര്യം എല്ലാ അംഗങ്ങളുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. പുതിയ നിയമാവലികള്‍ സംബന്ധിച്ച് അംഗങ്ങളാരും എതിര്‍പ്പ് പറഞ്ഞിട്ടില്ല. ചില മാറ്റങ്ങള്‍ മാത്രമാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനറല്‍ ബോഡി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍വതി തിരുവോത്തും രേവതിയും ഷമ്മി തിലകനും അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇവ പരിഗണിക്കും. രാജിവച്ചവര്‍ തിരിച്ചുവരുന്നതിനായി അപേക്ഷ നല്‍കിയിട്ടില്ല. അപേക്ഷ നല്‍കിയാല്‍ അവര്‍ക്കും തിരിച്ചുവരാമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. അക്രമിക്കപ്പെട്ട നടി സ്വമേധയാ സംഘടന വിട്ടതാണ്. സിനിമകളിലേയ്ക്ക് വിളിച്ചിട്ട് അവര്‍ വരുന്നില്ലെന്നാണ് പറഞ്ഞത്. അവര്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം ഇല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

താരസംഘടനയായ ‘അമ്മ’ യുടെ ഭരണഘടനാ ഭേദഗതിയില്‍ അടക്കം ഡബ്ല്യു.സി.സി നിര്‍ദ്ദേശങ്ങള്‍ ജനറല്‍ ബോഡിയില്‍ അറിയിച്ചിരുന്നു. ഭേദഗതിയുമായി ബന്ധപ്പെട്ട കരടിന്മേല്‍ ഇനിയും ചര്‍ച്ച ആവശ്യമാണെന്നും, എതിര്‍പ്പ് രേഖാമൂലം അറിയിക്കുമെന്നും ഡബ്ല്യു.സി.സി അറിയിച്ചു.എതിര്‍പ്പുള്ള വിഷയങ്ങളില്‍ ഡബ്ല്യുസിസിയുടെ നിര്‍ദ്ദേശങ്ങള്‍ രേഖാമൂലം നല്‍കി. ഉപസമിതികളില്‍ ഒന്നില്‍ പോലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നില്ല. അമ്മയില്‍ നിന്ന് രാജിവച്ച നടിമാരുടെ തിരിച്ചുവരവിനെ കുറിച്ചും നിലപാട് വ്യക്തമാക്കുന്നില്ലെന്ന് ഡബ്ല്യു.സി.സി അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.രേവതിയും പാര്‍വതി തിരുവോത്തുമാണ് ഡബ്ല്യു.സി.സിയില്‍ നിന്ന് പങ്കെടുത്തത്.

Top