താന്‍ തൃശൂര്‍കാരനല്ലല്ലോ, ആ സമയത്ത് പത്മരാജന്‍ പറഞ്ഞു തന്ന കാര്യങ്ങളാണ് ചെയ്തത്; മോഹന്‍ലാല്‍

ത്മരാജന്‍ സംവിധാനം ചെയ്ത ‘തൂവാനത്തുമ്പികള്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷ മോശമായിരുന്നുവെന്ന രഞ്ജിത്തിന്റെ പരാമര്‍ശത്തിന് മറുപടിയുമായി മോഹന്‍ലാല്‍. അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

താന്‍ തൃശൂര്‍കാരനെല്ലെന്നും ആ സമയത്ത് പത്മരാജന്‍ പറഞ്ഞു തന്ന കാര്യങ്ങളാണ് ചെയ്തതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ”തനിക്ക് പറ്റുന്ന രീതിയിലാണ് ചെയ്തത്, എനിക്ക് അറിയാവുന്ന രീതിയിലല്ലേ പറയാന്‍ പറ്റൂ. അന്ന് ഒരു പക്ഷേ തനിക്ക് കറക്ട് ചെയ്ത് തരാന്‍ ആളുണ്ടായിരുന്നില്ല,” മോഹന്‍ലാല്‍ പറഞ്ഞു.

വിവാദങ്ങളില്‍ ഇടയ്ക്ക് ഇടയ്ക്ക് പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തന്നെക്കുറിച്ച് ആളുകള്‍ പറയുന്നത് ശ്രദ്ധിക്കാറില്ലെന്നും താന്‍ വേറെയൊരു മോഹന്‍ലാല്‍ ആണെന്നും ഇനി തെളിയിച്ചിട്ട് വേറെയൊന്നും കിട്ടാനില്ലെന്നും അദ്ദേഹം പറഞ്ഞു. സന്തോഷമായി കഴിയുകയെന്നതാണ് തന്റെ ലക്ഷ്യം. വല്ലവന്റെയും വായിലുള്ള ചീത്ത വാങ്ങിവെയ്ക്കുന്നത് എന്തിനാണെന്നും മോഹന്‍ലാല്‍ ചോദിച്ചു.

ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തൂവാനത്തുമ്പികളിലെ ഭാഷാ പ്രയോഗത്തെ വിമര്‍ശിച്ച് സംവിധായകന്‍ രഞ്ജിത്ത് രംഗത്തെത്തിയത്. ‘തൂവാനത്തുമ്പികളി’ല്‍ ഉപയോഗിച്ചിരിക്കുന്നതുപോലെയല്ല യഥാര്‍ത്ഥത്തില്‍ തൃശൂര്‍ ഭാഷയെന്നും സിനിമയിലേത് വളരെ ബോറായിരുവെന്നുമായിരുന്നു രഞ്ജിത്തിന്റെ പരാമര്‍ശം.

”നമുക്കൊക്കെ ഇഷ്ടപ്പെട്ടതാണ് മോഹന്‍ലാല്‍ നായകനായ ചിത്രം തൂവാനത്തുമ്പികള്‍. അതിലെ തൃശൂര്‍ ഭാഷ ബോറാണ്. തിരുത്താന്‍ മോഹന്‍ലാലും പപ്പേട്ടനും ശ്രമിച്ചിട്ടില്ല. ഭാഷയെ ഇമിറ്റേറ്റ് ചെയ്യാനാണ് ശ്രമിച്ചത്. നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ എന്നൊന്നും പറയുന്നവരല്ല തൃശൂരുകാര്‍. തൃശൂര്‍ സ്ലാംഗില്‍ എന്തൂട്ടാ എന്നൊക്കെ പറയണം എന്നില്ല, പ്രകടമായിട്ട്. ഇതേ ജയകൃഷ്ണന്‍ ക്ലാരയോട് പപ്പേട്ടന്റെ തന്നെ സാഹിത്യത്തിലാണ് സംസാരിക്കുന്നത്. പക്ഷേ മോഹന്‍ലാലിന്റെ ഭാഷയ്ക്ക് അയാളുടേത് തന്നെ ഒരു താളമുണ്ട്. അയാള്‍ കണ്‍വിന്‍സിങ്ങായ ഒരു ആക്ടറാണ്,” എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.

Top