മിന്നൽ മുരളിയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് മോഹൻലാൽ

ലോകസിനിമക്ക് മുന്‍പില്‍ ഇനി മലയാളിക്കും അഭിമാനത്തോടെ കാണിച്ചുകൊടുക്കുവാന്‍ ഒരു സൂപ്പര്‍ഹീറോ..! ബാംഗ്ലൂര്‍ ഡേയ്‌സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന മിന്നല്‍ മുരളിയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ മോഹന്‍ലാല്‍, അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി.

ഗോദക്ക് ശേഷം ടോവിനോ തോമസ് – ബേസില്‍ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. മറ്റ് ഭാഷകളിലും ചിത്രം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മര്‍മപ്രധാനമായ ക്ലൈമാക്‌സ് സംഘട്ടനരംഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഏപ്രില്‍ പത്തോട് കൂടി ബാക്കിയുള്ള ഭാഗങ്ങളും ചിത്രീകരണം പൂര്‍ത്തിയാകും. ചിത്രം ഓണം റിലീസായി തീയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Top