പ്രണവ് ചിത്രം ‘ഹൃദയം’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി മോഹന്‍ലാല്‍

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. പ്രണവിനൊപ്പം കല്യാണി പ്രിയദര്‍ശനും, ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിലും ഇവര്‍ മൂവരും ഉണ്ട്. മോഹന്‍ലാല്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ ലോഞ്ച് ചെയ്‍തത്.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്റെ തിരിച്ചുവരവ് ചിത്രമാണ് ഇത്. 42 വര്‍ഷത്തിനു ശേഷം സിനിമാ നിര്‍മ്മാണത്തിലേക്ക് തിരിച്ചെത്തുന്ന മെറിലാന്‍ഡിന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പങ്കുവച്ചത്.

‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമെത്തുന്ന വിനീത് ശ്രീനിവാസന്‍ ചിത്രവുമാണ് ഹൃദയം.

Top