അഭിനയം വെള്ളിത്തിരക്ക് പുറത്തും . . . തകർന്നത് ബി.ജെ.പിയുടെ പ്രതീക്ഷകൾ !

കേരളത്തിലും തമിഴകത്തും താമരയുടെ പൂക്കാലം സ്വപ്നം കണ്ട ബി.ജെ.പിയെ ചതിച്ചത് രണ്ട് സൂപ്പര്‍ താരങ്ങള്‍. തമിഴ് നാട്ടില്‍ രജനിയാണ് വില്ലനായതെങ്കില്‍ കേരളത്തില്‍ മോഹന്‍ലാലാണ് സംഘ പരിവാര്‍ പ്രതീക്ഷകള്‍ തകര്‍ത്തത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ ഫാന്‍സ് അസോസിയേഷന്റെ കൊടി ഉപയോഗിച്ച് പ്രചരണം നടത്തരുതെന്ന് രജനീകാന്ത് അനുയായികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാനാണ് ആഹ്വാനം. രജനിയെ രാഷ്ട്രീയത്തിലിറക്കാന്‍ ചരട് വലിച്ച ആര്‍.എസ്.എസ്- ബി.ജെ.പി നേതൃത്വത്തിനാണ് പുതിയ തീരുമാനം തിരിച്ചടിയായിരിക്കുന്നത്. തമിഴകത്ത് നിന്നുള്ള എം.പിമാരില്‍ കണ്ണും നട്ടായിരുന്നു സൂപ്പര്‍ സ്റ്റാറില്‍ സംഘപരിവാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്.

rajanikanth

രജനി മുഖം തിരിച്ചതോടെ അണ്ണാ ഡി.എം.കെ, പട്ടാളി മക്കള്‍ കക്ഷി, നടന്‍ വിജയകാന്തിന്റെ ഡിഎംഡികെ എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് ബി.ജെ.പി തമിഴകത്ത് ഭാഗ്യപരീക്ഷണം നടത്തുന്നത്. നിലവില്‍ കന്യാകുമാരിയില്‍ നിന്നും ജയിച്ച പൊന്‍ രാധാകൃഷണന്‍ മാത്രമാണ് ബി.ജെ.പിയുടെ ലോകസഭയിലെ ഏക പ്രതിനിധി.

രജനി രംഗത്തിറങ്ങാത്ത സാഹചര്യത്തില്‍ തമിഴകം ഡി.എം.കെ മുന്നണി തൂത്ത് വാരുമെന്നാണ് അഭിപ്രായ സര്‍വ്വേ ഫലം നല്‍കുന്ന സൂചന. ഇവിടെ സി.പി.എമ്മും സി.പി.ഐയും രണ്ട് വീതം സീറ്റുകളില്‍ ഡി.എം.കെ മുന്നണിയിലാണ് മത്സരിക്കുന്നത്.

അതേസമയം, നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സി.പി.എം മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ചെമ്പടക്ക് സഹായകരമായ നിലപാടായിരിക്കും കമല്‍ സ്വീകരിക്കുകയെന്നാണ് സൂചന. 39 ലോകസഭാംഗങ്ങളാണ് തമിഴകത്ത് നിന്നും പ്രതിനിധാനം ചെയ്യുന്നത്.

കേരളത്തില്‍ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ പടര്‍ത്തിയത് മോഹന്‍ലാലാണ്. തിരുവനന്തപുരത്ത് മോഹന്‍ലാലിനെ മത്സരിപ്പിക്കുക വഴി കേരളത്തില്‍ ശക്തമായ ഒരു അട്ടിമറി മുന്നേറ്റമായിരുന്നു ബി.ജെ.പി ലക്ഷ്യമിട്ടിരുന്നത്.

സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയുമായി ചേര്‍ന്ന് മോഹന്‍ലാല്‍ സഹകരിച്ച് വരുന്നതും ബി.ജെ.പിയുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമായിരുന്നു.

പത്മഭൂഷണ്‍ ലാലിന് നല്‍കിയതിന് പിന്നിലും കാവിയുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്ന വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. മമ്മൂട്ടിയേക്കാള്‍ എന്ത് അധിക യോഗ്യതയാണ് ലാലിന് ഉള്ളതെന്ന ചോദ്യവും വ്യാപകമായിരുന്നു.

എല്ലാ വിഭാഗം ജനങ്ങളും ഇഷ്ടപ്പെടുന്ന താരത്തിന്റെ രാഷ്ട്രീയ താല്‍പ്പര്യത്തില്‍ ആരാധകരില്‍ വലിയ വിഭാഗവും ആശങ്കയിലായിരുന്നു. ഇതിനിടെയാണ് പഴയ ആനക്കൊമ്പ് കേസില്‍ ഒരു പുനരന്വേഷണ സാധ്യതയും തെളിഞ്ഞ് വന്നത്.

ഇടതുപക്ഷത്തെ പിണക്കി കാവിയണിഞ്ഞാല്‍ അത് വ്യക്തിപരമായും വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന തിരിച്ചറിവിലാണ് ലാല്‍ താല്‍ക്കാലികമായാണെങ്കില്‍ പോലും രാഷ്ട്രീയമോഹം ഉപേക്ഷിച്ചത്.

പത്മഭൂഷണ്‍ രാഷ്ട്രപതിയില്‍ നിന്നും വാങ്ങിയ ശേഷം തനിക്ക് രാഷ്ട്രീയമില്ലെന്ന് ലാല്‍ പരസ്യമായി പ്രഖ്യാപിച്ചത് തന്നെ ഒരു ഭയം ഉള്ളിലുള്ളതു കൊണ്ടാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും തനിക്ക് വേണ്ടപ്പെട്ടവരുണ്ടെന്ന് പറയുന്ന ലാല്‍ ആര്‍.എസ്.എസ് നേതാക്കളുമായുള്ള ബന്ധത്തെ ന്യായീകരിക്കാനാണ് ശ്രമിച്ചത്.

അതേസമയം, സംസ്ഥാനത്തെ 20 ലോകസഭ മണ്ഡലത്തില്‍ ഏതെങ്കിലും ഒന്നില്‍ മോഹന്‍ലാലിനെ പ്രചരണത്തിന് കൊണ്ടുവരുവാന്‍ പറ്റുമോ എന്ന അവസാന ഘട്ട ശ്രമത്തിലാണ് ബി.ജെ.പി.

കെ.ബി ഗണേഷ് കുമാറിനു വേണ്ടി സുഹൃത്തെന്ന പരിഗണനയില്‍ വോട്ട് ചോദിച്ച ലാലിന് ബി.ജെ.പിയിലെ സുഹൃത്തുക്കളായ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് ചോദിക്കാം എന്നതാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ നിലപാട്. ഇതിനും ലാല്‍ വഴങ്ങിയില്ലെങ്കില്‍ നല്‍കിയതെല്ലാം പാഴായി എന്ന് വിലയിരുത്തേണ്ട ഗതികേടായിരിക്കും ബി.ജെ.പിയ്ക്കുണ്ടാവുക.

Top