Mohanlal Priyadarshan In Ooty For Oppam after a long gap of 22 years

സംവിധായകന്‍ പ്രിയദര്‍ശന്റെ പ്രിയപ്പെട്ട ലൊക്കേഷനാണ് ഊട്ടി. കിലുക്കവും മിന്നാരവും ചിത്രീകരിച്ച ഊട്ടിയില്‍ പ്രിയ സുഹൃത്ത് മോഹന്‍ലാലിനോടൊപ്പം വീണ്ടുമെത്തിയിരിക്കുകയാണ് പ്രിയന്‍.

ഒപ്പം എന്ന സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കാനാണ് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശന്‍ ഊട്ടിയില്‍ സംവിധായകനായി എത്തിയത്. മോഹന്‍ലാലിനൊപ്പം ഊട്ടിയില്‍ നിന്നുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കൊച്ചി, വാഗമണ്‍ എന്നിവടങ്ങളിലായി ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിട്ടാണ് പ്രിയദര്‍ശനും ലാലും ഇപ്പോള്‍ ഊട്ടിയില്‍ എത്തിയിരിക്കുന്നത്. ജയരാമന്‍ എന്ന അന്ധകഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ഒരു ഫല്‍റ്റില്‍ നടക്കുന്ന കൊലപാതകത്തിന് ജയരാമന്‍ സാക്ഷിയാകുന്നതും തുടര്‍ന്ന് കുറ്റവാളിയെ കണ്ടെത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
യോദ്ധ, ഗുരു എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അന്ധനായി അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു മുഴുനീള അന്ധന്റെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top