കാലമെത്ര ചെന്നാലും മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് ബിഗ് സ്ക്രീനില്‍ മടുക്കാത്ത രണ്ട് സാന്നിധ്യങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. സിനിമാജീവിതം ആരംഭിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഇരുവരുടെയും താരമൂല്യം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. ഇരുവരുടെയും ആരാധകര്‍ തമ്മിലുള്ള സോഷ്യല്‍ മീഡിയ ഫാന്‍ ഫൈറ്റുകള്‍ പലപ്പോഴും ഉണ്ടാവാറുണ്ടെങ്കിലും അവര്‍ക്കിടയിലെ സൗഹൃദം ഇന്നും ദൃഢമായി നില്‍ക്കുന്നു. മറ്റെയാളിന്റെ വിജയങ്ങളില്‍ സന്തോഷിക്കുന്ന മനസ് കൂടിയുള്ള സുഹൃത്തുക്കളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇപ്പോഴിതാ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം കാതല്‍ താന്‍ കണ്ട കാര്യം പറയുകയാണ് മോഹന്‍ലാല്‍. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇതേക്കുറിച്ച് പറയുന്നത്.
“ഞാന്‍ അദ്ദേഹത്തിന്റെ സിനിമ കണ്ടു. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സിനിമയാണ് കാതല്‍. മമ്മൂട്ടിക്ക ഏറ്റവും മനോഹരമായി അഭിനയിച്ചിരിക്കുന്ന സിനിമയാണ്”, മോഹന്‍ലാല്‍ പറയുന്നു. താന്‍ നായകനായ ഏറ്റവും പുതിയ ചിത്രം മലൈക്കോട്ടൈ വാലിബന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ പ്രതികരണം. ജിയോ ബേബിയുടെ സംവിധാനത്തിലെത്തിയ കാതല്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറെ വ്യത്യസ്തമായ ചിത്രവും കഥാപാത്രവുമായിരുന്നു. സ്വവര്‍ഗാനുരാഗം പശ്ചാത്തലമാക്കിയ ചിത്രത്തില്‍ മാത്യു ദേവസ്സി എന്ന റിട്ട. സഹകരണ ബാങ്ക് ഉദ്യോഗസ്ഥനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ജ്യോതികയായിരുന്നു ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. കഴിഞ്ഞ വര്‍ഷം നവംബറില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിന് പിന്നീട് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.
അതേസമയം മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ചിത്രം മലൈക്കോട്ടൈ വാലിബനും വലിയ പ്രേക്ഷകപ്രതീക്ഷ നേടിയിട്ടുള്ള ചിത്രമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്നു എന്നതാണ് ചിത്രത്തിന്റെ യുഎസ്‍പി. ജനുവരി 25 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ലിജോയുടെ കരിയറില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രവുമാണ് ഇത്.