ഉദ്ഘാടനവേദിയില്‍ മോഹന്‍ലാലിനായി ആര്‍പ്പു വിളിച്ച ആരാധകര്‍ക്ക് പിണറായിയുടെ വിമര്‍ശനം

പാലക്കാട്: മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് വേണ്ടി ആര്‍പ്പു വിളിച്ച ആരാധകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് നെന്‍മാറയിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.

ആശുപത്രിയുടെ ഉദ്ഘാടകന്‍ ആയാണ് മുഖ്യമന്ത്രി എത്തിയത്. മോഹന്‍ലാലായിരുന്നു വിശിഷ്ടാതിഥി. ഇരുവരും ഒരുമിച്ചാണ് വേദിയിലെത്തിയതും. മോഹന്‍ലാല്‍ എത്തുന്നതറിഞ്ഞ് ആരാധകരുടെ വലിയ കൂട്ടം തന്നെ ആശുപത്രി ഉദ്ഘാടനത്തിനെത്തിയിരുന്നു.

മോഹന്‍ലാലിനെ കണ്ട ആരാധകര്‍ കയ്യടിച്ചും ആര്‍പ്പു വിളിച്ചും സന്തോഷം പ്രകടിപ്പിയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിന് എഴുന്നേറ്റിട്ടും മോഹന്‍ലാലിന് വേണ്ടിയുള്ള ആര്‍പ്പുവിളി അവസാനിപ്പിക്കാന്‍ ആരാധകര്‍ തയ്യാറായില്ല. തുടര്‍ന്ന്, ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമാണ് അറിയാവുന്നതെന്നും മറ്റുള്ളതിനെ കുറിച്ചൊന്നും അവര്‍ ബോധവാന്‍മാരല്ലെന്നുമായിരുന്നു പിണറായിയുടെ പ്രതികരണം.

പിണറായിയുടെ വിമര്‍ശനം കേട്ടതോടെ സദസ്സ് നിശബ്ദമാവുകയായിരുന്നു. ഉദ്ഘാടന പ്രസംഗം അധികം നീട്ടാതെ മുഖ്യമന്ത്രി വേദി വിടുകയും ചെയ്തു. തുടര്‍ന്ന് സംസാരിച്ച മോഹന്‍ലാല്‍ ഈ സംഭവത്തെ കുറിച്ച് പരാമര്‍ശിച്ചില്ല.

Top