മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ‘ഒടിയന്‍’ തമിള്‍ എംവി എന്ന വെബ്‌സൈറ്റില്‍

കൊച്ചി : മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ഒടിയന്‍ ഇന്റര്‍നെറ്റില്‍. തമിള്‍ എംവി എന്ന വെബ്‌സൈറ്റിലാണ് ചിത്രം അപ്ലോഡ് ചെയ്തത്.

അതേസമയം ഹര്‍ത്താലിനെ മറികടന്ന് കേരളത്തില്‍ റിലീസ് ചെയ്ത ആദ്യ സിനിമയായാണ് ഒടിയന്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുക ചിലവിട്ട് ഏറ്റവും കൂടുതല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമ തുടങ്ങും മുന്‍പ് ‘ഒടിഞ്ഞു’ പോകുമോ എന്ന ആശങ്കയിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍.

ബി.ജെ.പി ഹര്‍ത്താല്‍ ഒരു കാരണവശാലും മാറ്റിവയ്ക്കില്ലന്ന് വ്യക്തമായതോടെ മോഹന്‍ലാലും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകന്‍ ശ്രീകുമാരമേനോനും രാത്രി തന്നെ ചര്‍ച്ച നടത്തി റിലീസ് മാറ്റി വയ്‌ക്കേണ്ടതില്ലന്ന് തീരുമാനിക്കുകയായിരുന്നു.

രാജ്യത്തിന് അകത്തും പുറത്തും ഒരേ സമയം പ്രഖ്യാപിച്ച റിലീസ് തിയ്യതി കേരളത്തില്‍ മാത്രമായി മാറ്റി വച്ചാല്‍ അത് സിനിമയുടെ വിജയത്തിന് ദോഷം ചെയ്യുമെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു ഇത്.

തുടര്‍ന്ന് തിയറ്റര്‍ ഉടമകള്‍ക്കും ഇതു സംബന്ധമായ തീരുമാനം രാത്രി തന്നെ ആശിര്‍വാദ് സിനിമാസ് കൈമാറി. തിയറ്റര്‍ ഉടമകളുടെ സംഘടനകളും ഒടിയന്‍ ഹര്‍ത്താല്‍ ദിനത്തില്‍ റിലീസ് ചെയ്യാന്‍ അംഗങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി.

സുരക്ഷ ഒരുക്കാന്‍ പൊലീസില്ലങ്കില്‍ മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തുണ്ടാകുമെന്ന് സംഘടനാ നേതാക്കളും തിയറ്ററുകാരെ ബന്ധപ്പെട്ട് പിന്നീട് അറിയിച്ചു.ഇതോടെയാണ് മടിച്ചു നിന്ന തിയറ്റര്‍ ഉടമകളും റിസ്‌ക്ക് എടുക്കാന്‍ തയ്യാറായത്.

ഒടിയന്‍ പ്രദര്‍ശിപ്പിക്കാന്‍ തയാറായ തിയറ്ററുകള്‍ക്ക് മുന്നിലെല്ലാം വന്‍ ആള്‍ക്കൂട്ടമാണിപ്പോള്‍. പുലര്‍ച്ചെ 4.30 ന് ആണ് ആദ്യ ഷോ തുടങ്ങിയത്. പടക്കം പൊട്ടിച്ചും കൂറ്റന്‍ കട്ടൗട്ടുകള്‍ക്കു മുന്നില്‍ നൃത്തം ചവിട്ടിയും ആരാധകര്‍ ഒടിയന്റെ ആഗമനം ആഘോഷിച്ചു.

Top