കാലാപാനിയുടെ പരാജയം ഒരു ‘പാഠം’, മരക്കാർ ‘കളം’ മാറ്റിയത് പേടിച്ചോ ?

‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ തിരക്കഥ പ്രിയദര്‍ശനാണെങ്കില്‍ ഇപ്പോള്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദത്തിന്റെ തിരക്കഥ നടന്‍ മോഹന്‍ലാലിന്റേതു തന്നെയാണ്. ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവിന് മോഹന്‍ലാലുമായുള്ള ബന്ധം അറിയുന്ന ഏതൊരാളും അങ്ങനെ മാത്രമേ ചിന്തിക്കുകയുള്ളൂ. ലാല്‍ കൈവിട്ടാല്‍ അതോടെ തീരുന്നതാണ് ആന്റണിയുടെ സിനിമാ ജീവിതം. ഇക്കാര്യം ഏറ്റവും നന്നായി അറിയാവുന്നതും ആന്റണി പെരുമ്പാവൂരിന് തന്നെയാണ്. അങ്ങനെയുള്ള ആന്റണി ഒരിക്കലും സാഹസം കാട്ടുകയില്ല. മരയ്ക്കാര്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കിയത് മോഹന്‍ലാല്‍ തന്നെയാണെന്നത് പ്രേക്ഷകരും തിരിച്ചറിയണം. അതിനു തന്നെയാണ് സാധ്യതയും കൂടുതല്‍. 100 കോടി മുടക്കി നിര്‍മ്മിച്ച മരയ്ക്കാര്‍ മാത്രമല്ല മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന മറ്റു അഞ്ചു സിനിമകള്‍ കൂടി ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം തിയറ്റര്‍ ഉടമകളോട് മാത്രമല്ല കേരളത്തിലെ പ്രേക്ഷകരോട് കൂടിയുള്ള വെല്ലുവിളിയാണ്. ഇക്കാര്യത്തിലും തനിക്ക് അറിവില്ല എന്നു മോഹന്‍ലാല്‍ പറഞ്ഞാല്‍ വിശ്വസിക്കുക ബുദ്ധിമുട്ടാണ്. ഒരു ഡ്രൈവറെ പിടിച്ച് ലാല്‍ നിര്‍മ്മാതാവാക്കിയത് തന്നെ തന്റെ ‘അജണ്ടകള്‍’ നടപ്പാക്കാനാണ്. ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന എത്രയോ നിര്‍മ്മാതാക്കള്‍ ഇവിടെയുണ്ട്. എന്നാല്‍ ആന്റണി പെരുമ്പാവൂരിനു മാത്രം അന്നും ഇന്നും ഇതൊന്നും ബാധകമല്ല. അദ്ദേഹം എപ്പോള്‍ ആഗ്രഹിച്ചാലും ലാലിന്റെ ഡേറ്റ് റെഡിയാണ്. അത്രയ്ക്കും ‘കരുതല്‍’ ആന്റണിയുടെ കാര്യത്തില്‍ ലാലിനുണ്ട്. ഈ ‘കരുതലിന്റെ’ പിന്നാമ്പുറ കഥകള്‍ ചികയാന്‍ തല്‍ക്കാലം ഞങ്ങള്‍ക്കും താല്‍പ്പര്യമില്ല. അത് സിനിമാ മേഖലയാണ് പരിശോധിക്കേണ്ടത്.

ആന്റണിയെ അയാളുടെ പഴയ ജീവിതത്തിലേക്കു തള്ളിയിടാന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണു ‘മരക്കാര്‍’ ഒടിടിയില്‍ റിലീസ് ചെയ്യാന്‍ താനും ലാലും സമ്മതിച്ചതെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ ഇപ്പോള്‍ പറയുന്നത്. ഒരു വാദത്തിനു വേണ്ടി ഇക്കാര്യം അംഗീകരിച്ചാല്‍ പോലും മറ്റു അഞ്ചു സിനിമകള്‍ എന്തു കൊണ്ട് ഒ.ടി.ടിയില്‍ എന്ന ചോദ്യത്തിന് പ്രിയദര്‍ശനും ഇനി മറുപടി പറയേണ്ടതുണ്ട്. താനും ലാലും ഒരു പൈസ പോലും മരയ്ക്കാര്‍ സിനിമക്ക് പ്രതിഫലം വാങ്ങിയിട്ടില്ലെന്നും ലാഭം കിട്ടിയാല്‍ എടുക്കാമെന്നാണ് പറഞ്ഞതെന്നുമാണ് പ്രിയദര്‍ശന്റെ മറ്റൊരു വാദം. സ്വന്തം സിനിമ തിയറ്ററില്‍ പൊട്ടുമെന്ന ഭയം പ്രിയദര്‍ശനും ലാലിനും ഉണ്ടായിരുന്നോ എന്നതും ഈ സാഹചര്യത്തില്‍ സംശയിക്കുക തന്നെ വേണം.

കോവിഡും നിയന്ത്രണങ്ങളും ഒന്നും ഇല്ലാതിരുന്ന ഒരുകാലത്ത് റിലീസ് ചെയ്ത പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ ചിത്രമായ കാലാപാനി എട്ടു നിലയിലാണ് പൊട്ടിയിരുന്നത്. മരയ്ക്കാര്‍ പോലെ വമ്പന്‍ തുക ചിലവിട്ട് നിര്‍മ്മിച്ച ‘കാലാപാനിയുടെ’ ആ ഗതി ഇപ്പോഴും മോഹന്‍ലാലിനെയും ഗുഡ് നൈറ്റ് മോഹനനെയും സംബന്ധിച്ച് ഞെട്ടിക്കുന്ന ഓര്‍മ്മകളാണ്. അത്രയ്ക്കും വലിയ നഷ്ടമാണ് ഇരുവര്‍ക്കും കാലാപാനി സമ്മാനിച്ചിരുന്നത്. 25 വര്‍ഷത്തിനു മുന്‍പ് അത്തരം ഒരു അനുഭവം അവര്‍ക്കുണ്ടായത് കോവിഡ് വന്നിട്ടല്ല, തിയറ്ററുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും അല്ല. സിനിമ വേണ്ടത്ര പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാതിരുന്നതു കൊണ്ടു മാത്രമാണ് പരാജയം സംഭവിച്ചിരുന്നത്. അതുപോലെ ഒരനുഭവം ‘മരയ്ക്കാറില്‍’ ലാലും പ്രിയദര്‍ശനും ആന്റണിയും പ്രതീക്ഷിക്കുന്നുണ്ടോ എന്ന ഗൗരവമുള്ള ചോദ്യം സോഷ്യല്‍ മീഡിയകളിലും ഇപ്പോള്‍ വ്യാപകമാണ്. ഈ അനുഭവങ്ങള്‍ ഉള്ളതുകൊണ്ടു കൂടിയാണ് തിയറ്റര്‍ ഉടമകള്‍ കൂടുതല്‍ പണം അഡ്വാന്‍സായി നല്‍കാനും മടിച്ചിരിക്കുന്നത്. അതും ഒരു യാഥാര്‍ത്ഥ്യമാണ്.

തിയറ്ററില്‍ നിന്നും വാഗ്ദാനം ചെയ്ത അഡ്വാന്‍സ് തുക പോരെന്ന് ആന്റണി പെരുമ്പാവൂര്‍ വാശിപിടിച്ചതിനു പിന്നിലും ഈ ആശങ്കയാവാന്‍ സാധ്യതയുണ്ട്. ആന്റണിയെ പഴയ ജീവിതത്തിലേക്ക് തള്ളി വിടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുന്നവര്‍ ഒരു മാസ് സിനിമ റിലീസായാല്‍ തിയറ്റര്‍ ഉടമയ്ക്കു മാത്രമല്ല കപ്പലണ്ടി കച്ചവടം നടത്തുന്നവര്‍ ഓട്ടോക്കാര്‍ തുടങ്ങി തിയറ്ററിലെ കാന്റീനിലെ പയ്യനുവരെ അതിന്റെ പ്രയോജനം ലഭിക്കുമെന്ന കാര്യവും ഓര്‍ക്കുന്നത് നല്ലതാണ്. സിനിമയുടെ ഈ ശൃംഖല തകരാതെ നോക്കേണ്ടത് നിര്‍മ്മാതാക്കളുടെയും സൂപ്പര്‍ താരങ്ങളുടെയും ബാധ്യതകൂടിയാണ്. ഇതു മറന്നു പ്രവര്‍ത്തിച്ചാല്‍ ഇപ്പോഴുള്ള താരപ്പകിട്ടിനെയും അധികം താമസിയാതെ അതു ബാധിക്കും. താരമാക്കാന്‍ കഴിയുന്ന പ്രേക്ഷകര്‍ക്കു തന്നെ ഏത് താരത്തെയും ഒന്നുമല്ലാതാക്കാനും വളരെ പെട്ടന്നു തന്നെ കഴിയും.

പ്രേക്ഷകരെ സംബന്ധിച്ച് സിനിമകള്‍ തിയറ്ററുകളില്‍ കാണുന്നതിനു തന്നെയാണ് ഇഷ്ടപ്പെടുന്നത്. മൊബൈല്‍ സ്‌ക്രീനിലും ലാപ്പിലും ടാബിലുമെല്ലാം സിനിമ കണ്ടാല്‍ അതൊരിക്കലും തൃപ്തി നല്‍കുകയില്ല. ഇങ്ങനെ ലാലിന്റെ സിനിമകളെല്ലാം ഒടിടിയില്‍ റിലീസ് ചെയ്യാനാണ് ആന്റണി പെരുമ്പാവൂര്‍ തീരുമാനിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കു ചേരുക സീരിയല്‍ നിര്‍മ്മാണമായിരിക്കും. ഇതിനേക്കാള്‍ ഭേദവും അതുതന്നെയാണ്. ഇത്തരം മനോഭാവ മുള്ളവരെ പ്രേക്ഷകരാണ് ശരിക്കും പാഠം പഠിപ്പിക്കേണ്ടത്. ഡ്രൈവറായ ആന്റണി പെരുമ്പാവൂരിനെ നിര്‍മ്മാതാവാക്കിയത് മോഹന്‍ലാലാണെങ്കില്‍, ആ മോഹന്‍ലാലിനെ സൂപ്പര്‍ താരമാക്കിയത് ഇവിടുത്തെ പ്രേക്ഷകരാണ്. ലാലിന്റെ ആരാധകര്‍ പോലും ഒരിക്കലും ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് ആന്റണി പെരുമ്പാവൂര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവിടെയാണ് മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ നിലപാടിന് നാം കയ്യടിക്കേണ്ടത്. സിനിമയെ നിലനിര്‍ത്തുന്ന പ്രേക്ഷകരുടെയും തിയറ്റര്‍ ഉടമകളുടെയും മനസ്സ് തൊട്ടറിഞ്ഞ നീക്കമാണ് മമ്മുട്ടി ഇതിനകം തന്നെ നടത്തിയിരിക്കുന്നത്. 30കോടിയോളം മുതല്‍ മുടക്കുള്ള ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പ് ‘ എന്ന സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് പുതിയ തീരുമാനം. നേരത്തെ ഒടിടിയില്‍ റിലീസ് ചെയ്യാന്‍ എടുത്ത തീരുമാനം മമ്മൂട്ടി ഇടപെട്ടാണ് മാറ്റിച്ചിരിക്കിന്നത്. ദുല്‍ഖര്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒടിടി റിലീസ് ആയി ഏകദേശം തീരുമാനിച്ച ചിത്രമായിരുന്നു കുറുപ്പ്. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് വന്‍ തുകയാണ് ‘കുറുപ്പിനായി’ വാഗ്ദാനം ചെയ്തിരുന്നത്. ഇതെല്ലാം വേണ്ടന്നു വച്ചാണ് ദുല്‍ഖര്‍ സിനിമയിപ്പോള്‍ തിയറ്ററുകളില്‍ എത്തുന്നത്.

തിയറ്ററുകളുടെ നിലനില്‍പ്പ് മുന്‍ നിര്‍ത്തി ഒരു നടനെന്ന നിലയില്‍ മമ്മൂട്ടി ചെയ്ത വലിയ കാര്യമാണിത്. തിയേറ്റര്‍ റിലീസിനായി ‘കുറുപ്പിന്റെ’ നിര്‍മ്മാതാക്കള്‍ ഒരു നിബന്ധനകളും മുന്നോട്ട് വെച്ചിരുന്നില്ലെന്നാണ് തിയറ്ററുകളുടെ സംഘടനാ നേതാവായ വിജയകുമാറും പറയുന്നത്. ഇതു ‘കുറുപ്പിന്റെ’ ഉറപ്പല്ല സാക്ഷാല്‍ മമ്മുട്ടിയുടെ ഉറപ്പാണ്. ഈ സിനിമ തിയറ്ററില്‍ തന്നെ ഇനി കളിച്ചിരിക്കും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ‘കുറുപ്പ് ‘ റിലീസാകുന്നത്. മമ്മുട്ടിയുടെ ഈ ഇടപെടലിന് വലിയ പിന്തുണയാണ് സിനിമാ മേഖലയില്‍ നിന്നും ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ ആരാധകരും ഈ സന്തോഷം സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചിട്ടുണ്ട്. ഇതോടെ ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ വെട്ടിലായിരിക്കുന്നത് നടന്‍ മോഹന്‍ലാലിന്റെ ആരാധകരാണ്. ‘മരയ്ക്കാര്‍’ തിയറ്ററുകളില്‍ കളിക്കണമെന്ന് ഏറ്റവും അധികം ആഗ്രഹിച്ചതും ഇവര്‍ തന്നെയാണ്. അത് സാധ്യമാകാത്ത പശ്ചാത്തലത്തില്‍ വലിയ രോഷം ലാല്‍ ആരാധകര്‍ക്കിടയിലും ശക്തമാണ്. ആന്റണി പെരുമ്പാവൂരിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വന്‍ പൊങ്കാലയാണ് നടക്കുന്നത്.

”ആര് തന്നെ ഇല്ലാതായാലും സിനിമയും തിയറ്ററും ബാക്കിയാകുമെന്ന” തിയറ്ററുകാരുടെ വാക്കുകളാണ് മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും പ്രകോപിപ്പിച്ചിരിക്കുന്നത്. പ്രിയദര്‍ശന്റെ വാക്കുകളില്‍ തന്നെ അതു പ്രകടവുമാണ്. ഈ പരാമര്‍ശത്തെ അതിന്റേതായ ‘സ്പിരിറ്റില്‍’ എടുക്കാതെ വൈകാരികമായാണ് ഇരുവരും എടുത്തിരിക്കുന്നത്. അതുകൊണ്ടാണ് ബാക്കി 5 മോഹന്‍ലാല്‍ സിനിമകള്‍ കൂടി ഒടിടിക്ക് കൊടുക്കുമെന്ന് ആന്റണി പെരുമ്പാവൂരും ഇപ്പോള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ആരോടാണ് ഈ ഭീഷണി എന്നതും ഒരു പ്രശ്‌നം തന്നെയാണ്. തിയറ്റര്‍ ഉടമകളെ മാത്രമല്ല പ്രേക്ഷകരെ കൂടിയാണ് ആന്റണിയും സംഘവും വെല്ലുവിളിച്ചിരിക്കുന്നത്. അതും ഓര്‍ത്തു കൊള്ളണം.

സിനിമ നല്ലതാണെങ്കില്‍ കുടുംബ സമേതം ജനങ്ങള്‍ തിയറ്ററുകളില്‍ എത്തും. സീറ്റുകള്‍ക്ക് പരിമിതി ഉണ്ടെങ്കില്‍ പ്രദര്‍ശനങ്ങള്‍ വര്‍ദ്ധിപ്പിച്ചും, കൂടുതല്‍ ദിവസം പ്രദര്‍ശനം നടത്തിയും ആ നഷ്ടം നികത്താനും കഴിയും. അതല്ലാതെ കോവിഡ് നിയന്തണങ്ങള്‍ പാടെ മാറ്റുക എന്നത് നടപ്പുള്ള കാര്യമൊന്നും അല്ല. ജനങ്ങളുടെ ജീവനാണ് പ്രധാനം. രണ്ടാമതാണ് വിനോദം എന്നതും മറന്നു പോകരുത്.

ഈ കോവിഡ് കാലത്ത് എല്ലാ മേഖലയിലും പ്രതിസന്ധിയുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ കണക്കുകൂട്ടലുകള്‍ മാത്രമല്ല ലോകത്തിന്റെ തന്നെ ആകെ കണക്കുകൂട്ടലുകള്‍ തെറ്റിയ കാലമാണിത്. അതുകൂടി ഉള്‍ക്കൊണ്ടു വേണമായിരുന്നു ഒരു തീരുമാനമെടുക്കാന്‍. മോഹന്‍ലാല്‍ സിനിമ കൊണ്ട് തിയറ്ററുകള്‍ സജീവമായാല്‍ അതിന്റെ ഗുണം സിനിമാമേഖലക്ക് ആകെയാണ് ലഭിക്കുക. അതാണിപ്പോള്‍ ആന്റണി പെരുമ്പാവൂരും അണിയറയിലെ ‘ഗോഡ് ഫാദറും” ചേര്‍ന്ന് ഇല്ലാതാക്കിയിരിക്കുന്നത്. ‘വിനാശകാലേയുള്ള വിപരീത ബുദ്ധിയാണിത് ” അത് കാലം തെളിയിക്കുക തന്നെ ചെയ്യും.

EXPRESS KERALA VIEW

Top