രജനീകാന്ത് പോലും നമിച്ചു പോയിട്ടുണ്ട്, യഥാർത്ഥ സൂപ്പർസ്റ്റാറുകൾ ഇവരാണ് !

ന്ത്യയിലെ ഏറ്റവും വില കൂടിയ താരങ്ങളില്‍ മുന്‍ നിരയിലാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ സ്ഥാനം. ജപ്പാന്‍, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കട്ട ഫാന്‍സുണ്ട് ഈ തെന്നിന്ത്യന്‍ താരത്തിന്. ഇന്ത്യന്‍ സിനിമയെ ഹോളിവുഡ് പോലും ശ്രദ്ധിച്ചത് ശങ്കര്‍ സംവിധാനം ചെയ്ത യന്തിരനിലൂടെയായിരുന്നു. അനന്തമായ ബിസിനസ്സ് സാധ്യതയാണ് യന്തിരന്‍ ഇന്ത്യന്‍ സിനിമക്ക് മുന്നില്‍ തുറന്നിട്ടിരുന്നത്.

എന്നാല്‍ തന്റെ സിനിമാ ജീവിതത്തില്‍ ഇന്നുവരെ ഒരു ദേശീയ അവാര്‍ഡ് പോലും രജനിക്ക് ലഭിച്ചിട്ടില്ല. കമല്‍ഹാസന്‍ മുതല്‍ രജനിയുടെ മരുമകന്‍ ധനുഷ് വരെ ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കുന്നത് നോക്കി നില്‍ക്കാനേ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുള്ളു. ബിസിനസ്സിലെ സൂപ്പര്‍സ്റ്റാര്‍ രജനിയും അവാര്‍ഡ് നേട്ടത്തലെ സൂപ്പര്‍ സ്റ്റാര്‍ കമലും എന്നതാണ് തമിഴകത്തെ സ്ഥിതി.

കേരളത്തില്‍ ഇക്കാര്യത്തില്‍ മോഹന്‍ലാലും മമ്മുട്ടിയും ഭഗ്യവാന്‍മാരാണ്. ഇരുവരും നേട്ടത്തിന്റെ കാര്യത്തില്‍ ഒപ്പത്തിനൊപ്പമാണ്. ഈ അതുല്യപ്രതിഭകള്‍ നേടാത്ത അവാര്‍ഡുകളോ, മറ്റ് അംഗീകാരങ്ങളോ ഇല്ലെന്ന് തന്നെ പറയാം. സംസ്ഥാന അവാര്‍ഡ് മുതല്‍ ദേശീയ അവാര്‍ഡുകള്‍ വരെ ഇവര്‍ പലവട്ടം വാങ്ങിക്കൂട്ടിയിട്ടുണ്ട്

ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് മലയാളസിനിമയെ സംബന്ധിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. നാലു പതിറ്റാണ്ടിലേറെയായി മലയാള സിനിമാ ആസ്വാദകരുടെ മനസ്സിലും വെള്ളിത്തിരയിലും പകരക്കാരില്ലാത്ത താരരാജാക്കന്മാരാണിവര്‍.

പ്രേംനസീര്‍ യുഗത്തിലെ താരങ്ങളില്‍ നിന്നും ബാറ്റണ്‍ ഏറ്റെടുത്ത് മലയാളസിനിമയെ നാലു പതിറ്റാണ്ടിലേറെയായി മുന്നോട്ട് നയിക്കുന്ന ഈ താരങ്ങള്‍ ദൃഢമായൊരു സൗഹൃദം തന്നെ കാത്തുസൂക്ഷിക്കുന്നുണ്ട്. സിനിമയിലെ മത്സരം ഇവരുടെ സൗഹൃദത്തെ ഒരിക്കല്‍ പോലും ബാധിച്ചിട്ടില്ല. ഇപ്പോള്‍ വീണ്ടും ഇരു താരങ്ങളും വീണ്ടുമൊരു മത്സരത്തിന്റെ വക്കിലാണ്. മമ്മൂട്ടിയുടെ മാമാങ്കവും മോഹന്‍ലാലിന്റെ ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹവു’മാണ് മാറ്റുരക്കാനൊരുങ്ങുന്നത്.

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ 2 ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് മാമാങ്കവും കുഞ്ഞാലി മരക്കാറും. 50 കോടി രൂപ മുതല്‍ മുടക്കില്‍ എം. പത്മകുമാറിന്റെ സംവിധാനത്തിലാണ് ‘മാമാങ്കം’ ഒരുങ്ങുന്നതെങ്കില്‍ ,100 കോടി രൂപ ചെലവഴിച്ച് പ്രിയദര്‍ശന്റെ സംവിധാനത്തിലാണ് ‘കുഞ്ഞാലി മരയ്ക്കാര്‍ വരുന്നത്.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും മാമാങ്കം ലക്ഷ്യമിടുമ്പോള്‍ കുഞ്ഞാലി മരയ്ക്കാര്‍ തമിഴ്, തെലുങ്ക്, ഹിന്ദി, എന്നിവയ്ക്കു പുറമെ ചൈനീസ് ഉള്‍പ്പെടെയുള്ള വിദേശ ഭാഷകളെയും ലക്ഷ്യമിടുന്നുണ്ട്. അതായത് ഇരു ചിത്രങ്ങളും പല ഭാഷകളിലായാണ് പടവെട്ടാന്‍ പോകുന്നത് എന്ന് വ്യക്തം.

ഈ രണ്ട് പേരുകളിലും മലയാളത്തില്‍ നേരത്തെ തന്നെ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. 1964ല്‍ കുഞ്ഞാലി മരയ്ക്കാറും 1979ല്‍ മാമാങ്കവും കേരളത്തിലെ തിയറ്ററുകളെ ഇളക്കി മറിച്ചവയാണ്. . അതുകൊണ്ടു തന്നെയാണ് മാമാങ്കവും കുഞ്ഞാലി മരയ്ക്കാരും വീണ്ടും പുനഃരാവിഷ്‌ക്കരിക്കപ്പെടുന്നത്.

മാമാങ്കം നവംബര്‍ ആദ്യവാരം തിയറ്ററുകളിലെത്തുമ്പോള്‍ കുഞ്ഞാലി മരയ്ക്കാര്‍ അടുത്ത വര്‍ഷം ആദ്യം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരരാജാക്കന്മാരുടെ ഇരു ചിത്രങ്ങള്‍ക്കുമായി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പരസ്പരം മത്സരിക്കുകയാണെങ്കിലും മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭ്രപാളികളിലെത്തിയ കാലവും മുന്‍പ് ഉണ്ടായിരുന്നു. ഏകദേശം 25ഓളം ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ചിരുന്നത്. അഹിംസ, പടയോട്ടം, വിസ അസ്ത്രം തുടങ്ങി അവസാനമായി ട്വിന്റി ട്വിന്റി, കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്നിവയിലും ഇരുവരും ഒരുമിച്ചാണ് എത്തിയിരുന്നത്.

ട്വിന്റി ട്വിന്റിയില്‍ മോഹന്‍ലാലും മമ്മൂട്ടിയും തുല്യപ്രധാന വേഷങ്ങളാണ് കൈകാര്യം ചെയ്തതെങ്കില്‍ കടല്‍ കടന്നൊരു മാത്തുക്കുട്ടിയില്‍ മോഹന്‍ലാല്‍ അതിഥി താരമായാണ് എത്തിയത്.

ലാലിന്റേയും മമ്മൂട്ടിയുടേയും അഭിനയശേഷിയെ ശരിക്കും ഉപയോഗപ്പെടുത്തിയ ഒരു സംവിധായകനാണ് ഐ.വി ശശി. അതിരാത്രം, ആള്‍കൂട്ടത്തില്‍ തനിയെ,അനുബന്ധം തുടങ്ങി മനോഹരമായ നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി വെള്ളിത്തിരയില്‍ എത്തിയിട്ടുണ്ട് . കോമഡിയും സീരിയസ് വേഷങ്ങളും ഇരു താരങ്ങള്‍ക്കും ഭാഷകള്‍ക്കതീധമായി വലിയ ആരാധക പിന്തുണയാണ് നേടിക്കൊടുത്തിരിക്കുന്നത്. ഹിന്ദി,തെലുങ്ക്,തമിഴ് സൂപ്പര്‍ താരങ്ങള്‍ പോലും ആരാധിക്കുന്നത് മലയാളികളുടെ ഈ സ്വന്തം താരങ്ങളെയാണ്.

മമ്മൂട്ടി മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയപ്പോള്‍ രണ്ടുതവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് മോഹന്‍ലാല്‍ നേടിയിരിക്കുന്നത്. അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ പുരസ്‌കാരവും മമ്മൂട്ടി നേടിയിട്ടുണ്ട്. 1998-ല്‍ പത്മശ്രീ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

ഇതിന് പുറമെ 2010 ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച മമ്മൂട്ടിയെ ആ വര്‍ഷം ഡിസംബറില്‍ ഡോക്റേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാ കലാശാലയും ആദരിക്കുകയുണ്ടായി.

ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001-ല്‍ മോഹന്‍ലാലിന് രാജ്യത്തെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ പുരസ്‌കാരവും,2009-ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവിയും നല്‍കുകയുണ്ടായി. 2019 ല്‍ രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ബഹുമതി നല്‍കിയും ഭാരത സര്‍ക്കാര്‍ ലാലിനെ ആദരിക്കുകയുണ്ടായി.

ചലച്ചിത്ര ലോകത്തിനും സംസ്‌കൃത നാടകത്തിനും നല്‍കിയ സംഭാവനകള്‍ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയും, കാലികറ്റ് സര്‍വ്വകലാശാലയും മോഹന്‍ലാലിന് ഡോക്ടേറ്റ് നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയിലെ വേറിട്ട വ്യക്തിത്വങ്ങളാണ് മോഹന്‍ ലാലും മമ്മുട്ടിയും. ഇവരോട് കിടപിടിക്കാന്‍ ആരുണ്ട് എന്ന് തല ഉയര്‍ത്തി മലയാളി ചോദിച്ചാല്‍ ഉത്തരം ലഭിക്കുക ഏറെ പ്രയാസകരമായിരിക്കും. അതുപോലെ തന്നെ ഇവരുടെ യഥാര്‍ത്ഥ പിന്‍ഗാമി ആരാണ് എന്ന കാര്യത്തിലും അവ്യക്തത ഇപ്പോഴും തുടരുകയാണ്. അങ്ങനെ ഒരു ആള്‍ ഇതുവരെ വന്നിട്ടില്ല എന്ന് തന്നെയാണ് ചലച്ചിത്ര ലോകവും വിലയിരുത്തുന്നത്.

Express View

Top