മമ്മൂട്ടിയ്ക്ക് ഇല്ലാത്ത എന്ത് യോഗ്യതയാണ് ലാലിന് പുരസ്കാരം നേടിക്കൊടുത്തത് ?

മോഹന്‍ലാലിന് കാവി പാളയത്തിലേക്കുള്ള ദൂരം കുറയുന്നുവോ? ലാലിന് പത്മഭൂഷണ്‍ ലഭിച്ചത് സംബന്ധിച്ച് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രസക്തമായ ഒരു ചോദ്യമാണിത്.

സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയുമായി പ്രവര്‍ത്തിച്ചു വരുന്ന മോഹന്‍ലാല്‍ ഏറെ വിമര്‍ശനമുയര്‍ന്നിട്ടും ഇതില്‍ നിന്നും പിന്‍മാറാന്‍ തയ്യാറായിരുന്നില്ല.

മോഹന്‍ലാല്‍ മുഖ്യ രക്ഷാധികാരിയായ വിശ്വ ശാന്തി ഫൗണ്ടേഷന്റെ തലപ്പത്തും സംസ്ഥാനത്തെ പ്രമുഖ ആര്‍.എസ്.എസ് നേതാക്കളാണ്.

മോഹന്‍ലാലിന് ആര്‍.എസ്.എസ് – ബി.ജെ.പി ബന്ധം പാടില്ലെന്ന് ഇവിടെ ആരും പറയില്ല. പറയാനും പാടില്ല, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം തന്നെയാണ്.

അങ്ങനെയുള്ള മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്നവര്‍ മതി കൂടെ, എന്ന വാദം ഉയര്‍ത്താനും ലാലിനും അദ്ദേഹത്തിനൊപ്പം ഉള്ളവര്‍ക്കും അവകാശമുണ്ട്. മറിച്ച് ചിന്തിക്കാന്‍ പ്രേക്ഷകര്‍ക്കും അവകാശമുണ്ട്, പ്രത്യേകിച്ച് ജാതി-മത-രാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറമാണ് കലാകാരന്റെ സ്ഥാനം എന്നതിനാല്‍.

മോഹന്‍ലാലിന് ഇപ്പോള്‍ പത്മഭൂഷണ്‍ നല്‍കാനിടയായ സാഹചര്യം സ്വാഭാവികമായും സംശയിക്കപ്പെടുന്നതും അതുകൊണ്ട് തന്നെയാണ്.

പുരസ്‌ക്കാരങ്ങളുടെ പിന്നാലെ പോവുന്നത് സൂപ്പര്‍ താരങ്ങളുടെ ഒരു ശീലമാണ്. അത് മലയാളത്തിലായാലും മറ്റു ഭാഷകളിലായാലും അങ്ങനെ തന്നെയാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും മുന്‍പ് പത്മശ്രീ ലഭിച്ചതാണ്. മമ്മൂട്ടിക്ക് ഇല്ലാത്ത എന്ത് യോഗ്യതയാണ് മോഹന്‍ലാലിന് ഉള്ളത് എന്ന ചോദ്യത്തിന് കേന്ദ്ര സര്‍ക്കാറാണ് മറുപടി പറയേണ്ടത്. ദേശീയ അവാര്‍ഡ് എണ്ണത്തില്‍ ലാലിനേക്കാള്‍ കൂടുതല്‍ വാങ്ങിയത് മമ്മൂട്ടിയാണ്.

മോഹന്‍ലാല്‍ മികച്ച നടനുള്ള രണ്ട് അവാര്‍ഡുകള്‍ ഉള്‍പ്പെടെ നാല് ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയപ്പോള്‍ മമ്മൂട്ടി മികച്ച നടനുള്ള മൂന്ന് അവാര്‍ഡുകള്‍ ഉള്‍പ്പെടെ നാല് ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഇനി സാമൂഹിക സേവന പ്രവര്‍ത്തന രംഗത്താണെങ്കിലും മമ്മൂട്ടി ഒട്ടും പിന്നിലല്ല. മമ്മൂട്ടിയുടെ നേത്യത്വത്തിലുള്ള
കെയര്‍ & ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ സേവന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

വിശ്വശാന്തി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയെ ഡല്‍ഹിയില്‍ പോയി കണ്ട് മോഹന്‍ലാല്‍ ധരിപ്പിച്ചതു പോലെ മമ്മുട്ടി ചെയ്തിട്ടില്ല എന്നത് മാത്രമാണ് ഒരു കുറവ്.

കേരളത്തില്‍ താമരക്ക് വേരോട്ടം ലഭിക്കാന്‍ സൂപ്പര്‍ താരങ്ങളെ ലക്ഷ്യമിട്ട് ബി.ജെ.പി നീക്കം നടത്താന്‍ തുടങ്ങിയിട്ട് കുറേ നാളുകളായി. സുരേഷ് ഗോപിയിലൂടെ ആദ്യം തന്നെ ഈ ലക്ഷ്യം സാധിക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞു. ഇതിനു തൊട്ട് പിന്നാലെയാണ് ആര്‍.എസ്.എസ് നേതൃത്വം മോഹന്‍ലാലിനായി ചരടുവലി തുടങ്ങിയത്. ലാലിന്റെ അടുപ്പക്കാരനായ പ്രമുഖ സിനിമാ സംവിധായകനെയും ആത്മീയ ആചാര്യനായ മാതാ അമൃതാനന്ദമയിയെയും മുന്‍ നിര്‍ത്തിയായിരുന്നു ഈ നീക്കങ്ങള്‍. ഇതിനു ശേഷമാണ് ആര്‍.എസ്.എസ് നേതാക്കളുമായി വേദി പങ്കിടാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും ലാല്‍ രംഗത്തിറങ്ങിയത്.

mammootty-actor

ശബരിമല വിഷയം മുന്‍ നിര്‍ത്തി സംഘപരിവാര്‍ സംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ സമയത്ത് തന്നെ ‘സ്വാമി ശരണം’ എന്ന് പറഞ്ഞ് മോഹന്‍ലാല്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടതും സോഷ്യല്‍ മീഡിയകളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരുന്നു. സമര രംഗത്തുള്ള സംഘ പരിവാറുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ഈ ഫെയ്സ് ബുക്ക് പോസ്റ്റ് എന്നായിരുന്നു വിമര്‍ശനം.

ഇപ്പോള്‍ മോഹന്‍ലാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാവുകയോ പ്രചരണത്തിന് ഇറങ്ങുകയോ ചെയ്യുമെന്ന ശക്തമായ അഭ്യൂഹവും സംസ്ഥാനത്തുണ്ട്. ലാല്‍ സ്ഥാനാര്‍ത്ഥി ആയാലും ഇല്ലെങ്കിലും അദ്ദേഹം സംഘപരിവാര്‍ ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറല്ല എന്നാണ് ലഭിക്കുന്ന വിവരം. ഈ പശ്ചാത്തലത്തിലാണ് പത്മഭൂഷണ്‍ ലാലിന് ലഭിച്ചതും ചര്‍ച്ചയാകുന്നത്.

സി.പി.എം അനുകൂല ചാനലായ കൈരളിയുടെ ഡയറക്ടര്‍ പദവിയില്‍ നിന്നും തുടക്കത്തില്‍ തന്നെ മോഹന്‍ലാല്‍ പിന്‍മാറിയത് ഈ ഘട്ടത്തില്‍ നാം ഓര്‍ക്കണം. സി.പി.എം അനുകൂല ചാനല്‍ ആണ് എന്ന ഒറ്റ കാരണത്താലാണ് മോഹന്‍ലാല്‍ അന്ന് പരസ്യമായി പിന്‍മാറ്റം നടത്തിയത്. അന്നും ഇന്നും മമ്മുട്ടി പക്ഷേ നിലപാടില്‍ ഉറച്ച് നിന്നു. ഇപ്പോഴും അദ്ദേഹം കൈരളി ചാനലിന്റെ ചെയര്‍മാനാണ്.

ഒരു സംഘടനയോടും വിധേയത്വവും രാഷ്ട്രീയ ചായ്വും ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് സംഘ പരിവാര്‍ സംഘടനകളുമായി മോഹന്‍ലാല്‍ സഹകരിക്കുന്നത് ? കൈരളിയോടുള്ള നിസഹകരണം പരസ്യമായി പ്രഖ്യാപിച്ച് കുത്തക മാധ്യമങ്ങള്‍ക്ക് ‘വിഭവ’മൊരുക്കിയ ലാല്‍ എന്തേ അത്തരം ഒരു നിലപാട് സംഘപരിവാര്‍ സംഘടനകളോട് സ്വീകരിക്കാത്തത് ? ഈ ചോദ്യത്തിന് യുക്തിസഹമായ മറുപടി നല്‍കാന്‍ മോഹന്‍ലാലിന് കഴിയാത്തിടത്തോളും അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ സംശയത്തോടെ മാത്രമേ കാണാന്‍ കഴിയൂ.

political reporter

Top