ആനക്കൊമ്പ് കേസ് എന്തുകൊണ്ട് തീര്‍പ്പാക്കുന്നില്ല; ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: മോഹന്‍ലാലിനെതിരായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ആനക്കൊമ്പ് കേസ് എന്തുകൊണ്ട് തീര്‍പ്പാക്കുന്നില്ലെന്ന ചോദ്യവുമായി ഹൈക്കോടതി. 2012-ല്‍ വനം വകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും തീര്‍പ്പ് കല്‍പിക്കാത്തതെന്തെന്നും കോടതി ചോദിച്ചു.

കേസില്‍ പുതുതായി ആരെയും കക്ഷി ചേരാന്‍ കോടതി അനുവദിച്ചില്ല. കേസ് നടക്കുന്ന മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഹൈക്കോടതി കേസിന്റെ റിപ്പോര്‍ട്ട് വിളിപ്പിച്ചു. മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നാണ് ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

2012 ജൂണിലാണ് ആനക്കൊമ്പ് കേസിന്റെ തുടക്കം. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാന്റെ വിശദീകരണം.

ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്.

ഇതേ തുടര്‍ന്ന് കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തു. എന്നാല്‍ പിന്നീട് കേസ് റദ്ദാക്കി. കേസ് റദ്ദാക്കിയതിന് പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് അനുമതി നല്‍കിയത്.

ആനക്കൊമ്പുകേസില്‍ മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. നിയമപരമല്ലാത്ത വഴിയിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആനക്കൊമ്പു കൈവശം വെച്ചതിന് മോഹന്‍ലാലിനെതിരെ തുടര്‍ നടപടി വേണ്ടെന്നും സ്വകാര്യ ഹര്‍ജി തള്ളണമെന്നും വനംവകുപ്പ് നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്.

Top