മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ്; പിന്‍വലിക്കാന്‍ തയ്യാറെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തയാറെന്ന് സര്‍ക്കാര്‍.പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ കേസാണ് പിന്‍വലിക്കുന്നത്. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോട് സര്‍ക്കാര്‍ നിയമോപദേശം തേടി. നടന്‍ മോഹന്‍ലാലിന്റെ അപേക്ഷയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം കേസ് പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്നാം കോടതി പരിഗണിച്ചിരുന്നു . എന്നാല്‍ , മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. കൊച്ചിയില്‍ നിന്നെത്തിയ മോഹന്‍ലാലിന്റെ അഭിഭാഷകന്‍ കോടതിയില്‍ അവധി അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.

വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. 2019 ഡിസംബര്‍ നാലിന് ഡിജിപിയോട് ഇത് സംബന്ധിച്ച നിയമോപദേശവും സര്‍ക്കാര്‍ തേടി. കേസ് പിന്‍വലിക്കാമെന്ന് നിയമോപദേശമാണ് ഡിജിപി നല്‍കിയത്.

ഈ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് പിന്‍വലിക്കുന്നതിന് സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ക്ക് ഈ മാസം ഏഴിന് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്തയച്ചത്.

പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ മേല്‍നോട്ട ചുമതല ജില്ലാ കലക്ടര്‍ക്കാണ്. പ്രോസിക്യൂട്ടര്‍ വഴി കോടതിയില്‍ അപേക്ഷ നല്‍കി കേസ് പിന്‍വലിക്കാനാണ് നീക്കം നടക്കുന്നത്.

2012 ജൂണിലാണ് ആനക്കൊമ്പ് കേസിന്റെ തുടക്കം. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാന്റെ വിശദീകരണം.

ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്.

1977ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് ആനക്കൊമ്പ് നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയും വാങ്ങി കൈവശം സൂക്ഷിക്കുകയും ചെയ്തതിനാണ് മലയാറ്റൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറും കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫിസറും മോഹലാലിനും മറ്റ് മൂന്ന് പ്രതികള്‍ക്കുമെതിരെ കുറ്റപ്പത്രം സമര്‍പ്പിച്ചത്.

തൃശൂര്‍ ഒല്ലൂര്‍ കുട്ടനെല്ലൂര്‍ ഹൗസിങ് ഗാര്‍ഡില്‍ പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ നോര്‍ത്ത് എന്‍.എസ് ഗേറ്റില്‍ നയനത്തില്‍ കെ. കൃഷ്ണകുമാര്‍, ചെന്നൈ ടെയിലേഴ്സ് റോഡില്‍ പെനിന്‍സുല അപ്പാര്‍ട്ടുമന്റെില്‍ നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രതികള്‍.

Top