മോഹന്‍ലാലിനെ കാണുന്നത് ഒരു മാസ് ഹീറോ ആയിട്ടാണ്, ഫാന്‍സുകാരാണ് വാലിബന്‍ ഒരു മാസാണെന്ന് പറഞ്ഞത്; കമല്‍

‘മലൈക്കോട്ടൈ വാലിബന്റെ’ നെഗറ്റീവ് പരാമര്‍ശങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ കമല്‍. മോഹന്‍ലാലിനെ കാണുന്നത് ഒരു മാസ് ഹീറോ ആയിട്ടാണെന്നും മമ്മൂട്ടി മാസ് സിനിമകള്‍ ചെയ്യുമ്പോഴും അദ്ദേഹത്തെ അങ്ങനെ പ്രേക്ഷകര്‍ കണ്ടിട്ടില്ലെന്നും കമല്‍ പറഞ്ഞു. സംവിധായകന്‍ ലിജോ ഒരിക്കല്‍ പോലും മലൈക്കോട്ടൈ വാലിബന്‍ ഒരു മാസ് ചിത്രമാണെന്ന് പറഞ്ഞതായി താന്‍ കേട്ടിട്ടില്ല എന്നും മോഹന്‍ലാലിന്റെ ആരാധകരും മറ്റുള്ളവരും അങ്ങനെ ധരിക്കുകയായിരുന്നുവെന്നും കമല്‍ പറഞ്ഞു.

മോഹന്‍ലാലിനെ കാണുന്നത് ഒരു മാസ് ഹീറോ ആയിട്ടാണ്. മമ്മൂട്ടി മാസ് സിനിമകള്‍ ചെയ്യുമ്പോള്‍ പോലും അദ്ദേഹത്തെ അങ്ങനെ കണ്ടിട്ടില്ല. അത് പണ്ട് മുതലേയുള്ള രീതിയാണ്. മറ്റുള്ള ആളുകളും ഫാന്‍സുകാരും പറഞ്ഞുണ്ടാക്കിയതാണ് മലൈക്കോട്ടൈ വാലിബന്‍ ഒരു മാസ് സിനിമായണെന്നും മോഹന്‍ലാലിന്റെ ഗംഭീര സിനിമയാണെന്നും. പക്ഷെ ലിജോ അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല, അദ്ദേഹം എവിടെയെങ്കിലും അത് പറഞ്ഞതായി ഞാന്‍ കേട്ടിട്ടുമില്ല. മലൈക്കോട്ടൈ വാലിബന്‍ എന്ന ടൈറ്റില്‍ പ്രേക്ഷകരില്‍ അങ്ങനെ ഒരു മതിപ്പുണ്ടാക്കിയിട്ടുണ്ട്, കമല്‍ വ്യക്തമാക്കി.

എന്നാല്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷയോടെ മുന്നേറുകയാണ് വാലിബന്‍. സിനിമ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഒരു മുത്തശ്ശി കഥ പോലെ മനോഹരമായി എന്നാണ് മറുവിഭാഗത്തിന്റെ പ്രതികരണം. ആദ്യ ഷോകള്‍ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങള്‍ വന്നെങ്കിലും കളക്ഷന്‍ കണക്കുകളില്‍ ചിത്രം പിന്നോട്ട് പോകുന്നില്ല.

Top