അയോദ്ധ്യയിലേക്ക് മോഹൻലാലിനെ ക്ഷണിച്ചത് പരിവാർ അജണ്ടയോ? കോൺഗ്രസ്സിനെ മാത്രമല്ല, ലാലിനെയും വെട്ടിലാക്കിയ നീക്കം

യോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച്, രാഷ്ട്രീയ വിവാദങ്ങള്‍ കത്തിപ്പടരവെ ആരൊക്കെ ഈ ചടങ്ങിന് എത്തുമെന്നതാണ് രാജ്യം ഉറ്റു നോക്കുന്നത്. കോണ്‍ഗ്രസ്സ് ആണ് ഇക്കാര്യത്തില്‍ പ്രധാനമായും ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. യു.പി, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി കോണ്‍ഗ്രസ്സിന്റെ ഭൂരിപക്ഷ ഘടകങ്ങളും നേതാക്കളും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണമെന്ന അഭിപ്രായത്തിലാണുള്ളത്. പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സമാന അഭിപ്രായമാണ് ഉള്ളതെന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ശക്തമായി ആവശ്യപ്പെട്ട സംസ്ഥാന ഘടകങ്ങള്‍ കേരളവും കര്‍ണാടകയുമാണ്. ന്യൂനപക്ഷ സമൂഹം എതിരാകുമെന്ന ഭയമാണ് ഈ രണ്ടു സംസ്ഥാനങ്ങളിലെയും നേതാക്കളുടെ നിലപാടിന് ആധാരം.

പ്രതിഷ്ഠാ ചടങ്ങിന് ഇനിയും ദിവസങ്ങള്‍ ഉള്ളതിനാല്‍ ധൃതിപിടിച്ചുള്ള തീരുമാനം വേണ്ടുന്നതാണ് സോണിയ ഗാന്ധിയുടെ നിലപാട്. ശ്രീരാമന്‍ ഹൈന്ദവ സമൂഹത്തിന്റെ വികാരമായതിനാല്‍ ചടങ്ങില്‍ പങ്കെടുത്തില്ലെങ്കില്‍ ഭൂരിപക്ഷ സമുദായത്തിനിടയില്‍ അത് വലിയ ക്യാംപയിനായി കോണ്‍ഗ്രസ്സിനെതിരെ ബി.ജെ.പി ഉയര്‍ത്തുമെന്നാണ് സോണിയ ഗാന്ധി ഭയപ്പെടുന്നത്. ഈ ഭയം തന്നെയാണ് സി.പി.എമ്മിനെ പോല ഉറച്ച ഒരു തീരുമാനമെടുപ്പിക്കുന്നതില്‍ നിന്നും കോണ്‍ഗ്രസ്സ് ദേശീയനേതൃത്വത്തെ പിറകോട്ടടിപ്പിച്ചിരിക്കുന്നത്.

അതേസമയം സമാജ് വാദി പാര്‍ട്ടി, ശിവസേന തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സി.പി.എമ്മിന്റെ പാത പിന്തുടര്‍ന്ന് ജെ.ഡി.യു, തൃണമൂല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടികളും ചടങ്ങില്‍ പങ്കെടുക്കില്ലന്ന് ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ മുന്നണിയിലെ ഈ ഭിന്നതയും കോണ്‍ഗ്രസ്സിനെ ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട്.

സമാനമായ ഒരു പ്രതിസന്ധിയെയാണ് നടന്‍ മോഹന്‍ലാലും അഭിമുഖീകരിക്കുന്നത്. കേരളത്തില്‍ നിന്നും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത് മോഹന്‍ലാലിനും അമൃതാനന്ദമയിക്കുമാണ്. ഇതില്‍ അമൃതാനന്ദമയി ചടങ്ങില്‍ പങ്കെടുക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലിന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. സുരേഷ് ഗോപിയെ പോലും വിളിക്കാതെയാണ് മോഹന്‍ലാലിനെ അയോദ്ധ്യയിലേക്ക് സംഘാടകര്‍ ക്ഷണിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ ഈ ക്ഷണത്തിനും പ്രാധാന്യം ഏറെയാണ്. ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണമെന്നു തന്നെയാണ് മോഹന്‍ലാലിന്റെ ആഗ്രഹം.

എന്നാല്‍, ഇതു സംബന്ധമായി ഇപ്പോള്‍ ഉയര്‍ന്ന വിവാദത്തില്‍ ലാലിനും വലിയ ആശങ്കയുണ്ട്. ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് ഉയരുന്ന ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് ആയതിനാല്‍ ചടങ്ങില്‍ പങ്കെടുത്താല്‍ മറുവിഭാഗം എതിരാകുമോ എന്നതാണ് മോഹന്‍ലാലിന്റെ ഭയം. എന്നാല്‍, എതിര്‍പ്പുകള്‍ വക വയ്ക്കാതെ അയോദ്ധ്യയിലേക്ക് പോകാനാണ് സംഘപരിവാര്‍ നേതൃത്വം ലാലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയുമായി സഹകരിക്കുന്ന മോഹന്‍ലാലിന് ആര്‍.എസ്.എസ് നേതൃത്വവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ഈ ബന്ധം ഉപയോഗിച്ച് ലാലിനെ രാഷ്ട്രീയത്തില്‍ ഇറക്കാന്‍ ബി.ജെ.പി നേതൃത്വം ശ്രമിച്ചിരുന്നു എങ്കിലും അദ്ദേഹം തല്‍ക്കാലം പിടികൊടുത്തിരുന്നില്ല. എങ്കിലും, ബി.ജെ.പി ഇപ്പോഴും ആ ശ്രമം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു ‘അജണ്ട’ കൂടി മുന്‍ നിര്‍ത്തിയാണ് അയോധ്യയിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.

ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്വങ്ങളെ സംബന്ധിച്ച് കേരളമാണ് അവരുടെ അടുത്ത ടാര്‍ഗറ്റ്. ജനപ്രിയരായ നേതാക്കള്‍ പാര്‍ട്ടിയില്‍ ഇല്ല എന്നതാണ് കേരളത്തിലെ ബി.ജെ.പി നേരിടുന്ന പ്രധാന വെല്ലുവിളി. ഈ ‘പരിമിതി’ മറികടക്കാന്‍ മോഹന്‍ലാലിനെ പോലെയുള്ള ഒരു സൂപ്പര്‍താരം വന്നാല് സാധിക്കുമെന്നതാണ് കണക്കു കൂട്ടല്‍. ഇതിനായി ആവശ്യമെങ്കില്‍ ലാലിനെ വരുതിയിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ ബി.ജെ.പി രംഗത്തിറക്കും.

അടുത്ത തിരഞ്ഞെടുപ്പിനു മുന്‍പ് ഇത്തരമൊരു ഇടപെടല്‍ പ്രതീക്ഷിക്കാവുന്നതുമാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും രണ്ട് സീറ്റുകളാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളാണിത്. തൃശൂരില്‍ സുരേഷ് ഗോപിയും തിരുവനന്തപുരത്ത് മോഹന്‍ലാലും മത്സരിക്കണമെന്നാണ് ആര്‍.എസ്.എസും ആഗ്രഹിക്കുന്നത്. എന്നാല്‍, തല്‍ക്കാലം താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന മറുപടിയാണ് പരിവാര്‍ നേതൃത്വത്തിന് ലാല്‍ നല്‍കിയിരിക്കുന്നത്. ലാല്‍ ആവശ്യം നിരാകരിച്ചെങ്കിലും ബി.ജെ.പി നേതൃത്വം ശ്രമം ഉപേക്ഷിച്ചിട്ടില്ല. ലോകസഭ തിരഞ്ഞെടുപ്പില്‍ അല്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെങ്കിലും മോഹന്‍ലാലിനെ ബി.ജെ.പി പാളയത്തില്‍ എത്തിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.

ഈ ഒരു സാഹചര്യത്തില്‍ ലാലിനെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിലേക്കു ക്ഷണിച്ചതിനെ ഗൗരവമായി തന്നെ രാഷ്ട്രീയ കേരളവും വിലയിരുത്തേണ്ടതുണ്ട്. ജനുവരി 16 മുതല്‍ 22 വരെ അയോദ്ധ്യയില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് അമൃത മഹോത്സവമെന്നാണ് പേര് നല്‍കിയിരിക്കുന്നത്. രാമവിഗ്രഹം അവസാന ദിവസമായ 22ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് പ്രതിഷ്ഠിക്കുക. ഈ ചടങ്ങിന് നേരിട്ട് സാക്ഷ്യം വഹിക്കാനാണ് മോഹന്‍ലാലിനെയും ക്ഷണിച്ചിരിക്കുന്നത്. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, വി.എച്ച്.പി നേതാക്കള്‍ കേന്ദ്ര മന്ത്രിമാര്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരും ചടങ്ങിനെത്തും.

വാരാണസിയിലെ വേദ പണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ആണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. ജനുവരി 23 മുതലാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്ന് നല്‍കുക. 4,000ഓളം പുരോഹിതരും 2,000ല്‍ അധികം മറ്റ് അതിഥികളും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ഗൗതം അദാനി, രത്തന്‍ ടാറ്റ, മുകേഷ് അംബാനി, അനില്‍ അംബാനി, അമിതാഭ് ബച്ചന്‍, രജനികാന്ത്, അനുപംഖേര്‍, അക്ഷയ്കുമാര്‍, ധനുഷ്, ചിരഞ്ജീവി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, ദലൈലാമ, ബാബാ രാംദേവ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

EXPRESS KERALA VIEW

Top