കൈത്താങ്ങായി സൂപ്പര്‍സ്റ്റാര്‍; ദുരിതാശ്വാസ നിധിയിലേയ്ക്ക് മോഹന്‍ലാല്‍ 25ലക്ഷം രുപ നല്‍കും

കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രുപ നല്‍കും. തുക നാളെ നേരിട്ട് കൊമാറുമെന്നാണ് മോഹന്‍ ലാല്‍ അറിയിച്ചിരിക്കുന്നത്.

കാലവര്‍ഷക്കെടുതിയില്‍ കേരളത്തിന് 100 കോടിയുടെ അടിയന്തര ധനസഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും അറിയിച്ചിരുന്നു. നേരത്തെ 160 കോടി സഹായമായി കേന്ദ്രം അനുവദിച്ചിരുന്നു. ആകെ 260 കോടി ഇതിനോടകം കേരളത്തിന് കേന്ദ്രം കൊടുത്തു. കണക്ക് കിട്ടിയാല്‍ കൂടുതല്‍ തുക വീണ്ടും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്‌നാഥ് സിംഗിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിവേദനം നല്‍കിയിരുന്നു. പുനരധിവാസത്തിനും തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാനുമുളള യഥാര്‍ത്ഥ നഷ്ടം വിലയിരുത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ പ്രാഥമികമായ കണക്കുകളാണ് മുഖ്യമന്ത്രി സമര്‍പ്പിച്ചത്.

നിരവധി പേരാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി രംഗത്തെത്തിയിരിക്കുന്നത്. തമിഴകത്തു നിന്ന്‌ തമിഴ് സൂപ്പര്‍ താരം കമല്‍ഹാസന്‍ 25 ലക്ഷവും, നടന്‍മാരും സഹോദരന്‍മാരുമായ സൂര്യയും കാര്‍ത്തിയും ഇരുപത്തഞ്ചു ലക്ഷം രുപയും സംഭാവനയാണ് നല്‍കിയിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ടയും രംഗത്തെത്തി. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി. ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കി നടികര്‍ സംഘവും എത്തി.

Top