‘മോഹൻലാൽ’ അപമാനം ബഹിഷ്കരിക്കാൻ ആരാധകർ, താര സംഘടനക്കും വിമർശനം

Mohanlal fans

മോഹന്‍ലാല്‍’ എന്ന് പേരിട്ട് സൂപ്പര്‍ താരത്തിന്റെ ആരാധകരെ നോട്ടമിട്ടു ചെയ്ത സിനിമക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

ഇത്തരമൊരു സിനിമയില്‍ ലാലിനെ ‘ഉപയോഗിക്കാന്‍’ അനുമതി കൊടുക്കരുതായിരുന്നു എന്നതാണ് ലാല്‍ ആരാധകര്‍ക്കിടയിലെ വിലയിരുത്തല്‍.

പ്രതീക്ഷിച്ച നിലവാരമില്ലാത്ത സിനിമ ഇനി പുറത്തിറങ്ങാനിരിക്കുന്ന ലാല്‍ സിനിമകളെ ബാധിക്കുമോ എന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്. മഞ്ജു വാര്യര്‍ ലാല്‍ ആരാധകനായി അഭിനയിക്കുന്ന ‘മോഹന്‍ലാല്‍’ വിഷു റിലീസായാണ് തിയറ്ററുകളിലെത്തിയത്.

‘ആമി’ സിനിമ ഒരു ദുരന്തമായപ്പോള്‍ മോഹന്‍ലാല്‍ ആരാധകരെ കൂട്ടുപിടിച്ച് രക്ഷപ്പെടാനുള്ള മഞ്ജുവിന്റെ കുബുദ്ധിയാണ് ഈ സിനിമയെന്നാണ് ആരാധകരുടെ ആരോപണം. തങ്ങളുടെ താരദൈവത്തേയും തങ്ങളേയും അപമാനിച്ച സിനിമയെ ബഹിഷ്‌ക്കരിച്ച്‌കൊണ്ട് പ്രതിഷേധിക്കുകയാണ് ഒരുവിഭാഗം ആരാധകര്‍. തങ്ങളുടെ നീരസവും മഞ്ജുവിന്റെ കുബുദ്ധിയും അവര്‍ ലാലേട്ടനേയും ആന്റണി പെരുംമ്പാവൂരിനേയും അറിയിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

മോഹന്‍ലാല്‍ തന്റെ 40 കൊല്ലത്തെ അഭിനയജീവിതംകൊണ്ട് ഉണ്ടാക്കിയെടുത്ത സല്‍പ്പേര് ഈ സിനിമ തുലച്ചു എന്ന് സിനിമാപ്രേമികളും പറയുന്നു. മോഹന്‍ലാലിന്റെ പേര് ടൈറ്റില്‍ ആയി ഉപയോഗിക്കാന്‍ കൊടുക്കുമ്പോള്‍ ചിത്രത്തിന്റെ നിലവാരത്തെക്കുറിച്ച് സംവിധായകനും നിര്‍മ്മാതാവും മഞ്ജുവും നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്തതില്‍ ലാലിനും ആന്റണി പെരുംമ്പാവൂരിനും കടുത്ത അതൃപ്തിയുണ്ട്.

‘മോഹന്‍ലാല്‍’ സിനിമയില്‍പ്രതിഷേധിച്ച് ഒരു ആരാധകനിട്ട വാട്‌സ് ആപ്പ് പോസ്റ്റ് ചുവടെ:

മോഹൻലാൽ – ഫാൻസിനു പോലും നാണക്കേട്‌.

★☆☆☆☆

“ഏതാ നിങ്ങളുടെ ബ്ലഡ്‌ ഗ്രൂപ്പ്‌..??

“ഞങ്ങൾക്കെല്ലാം ഒറ്റ ഗ്രൂപ്പേയുള്ളൂ ലാലേട്ടൻ.”

മോഹൻലാൽ ഒരു മലയാളിക്ക്‌ എന്തെല്ലാമാണ്‌? കാലാതിവർത്തിയായ അഭിനയമുഹൂർത്തങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളെ കീഴടക്കിയ നടനാണ്‌ മോഹൻലാൽ. ഒരു നടൻ എന്നതിനേക്കാൾ, അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വലിയൊരു കൂട്ടം ജനങ്ങളുണ്ട്‌. ഇവരുടെ ഈ താരാരാധന ആദ്യദിവസങ്ങളിൽ തിയെറ്ററിലെത്തുന്ന പ്രേക്ഷകരിൽ നിന്ന് മനസ്സിലാക്കാം. കൈയ്യടികളും ആർപ്പുവിളികളുമായി ഇഷ്ടനടനെ വരവേൽക്കുകയും സിനിമയുടെ വിജയത്തിനായി പ്രചരണം നടത്തുകയും ചെയ്യുന്ന വലിയൊരുവിഭാഗം ആളുകൾ. അക്കൂട്ടത്തിൽ ബാല്യം വിട്ടുമാറാത്തവർ മുതൽ വാർദ്ധ്യക്യത്തിലുള്ളവരുമുണ്ട്‌ എന്നത്‌ മറ്റൊരു സത്യം. കുട്ടിക്കാലം മുതൽ തങ്ങളുടെ മനസ്സിനെ ഏറെ സ്വാധീനിച്ച മോഹൻലാലിന്റെ സിനിമകൾ ഇന്നും അവരെ താരത്തോടുള്ള ആരാധനയിൽ ആമഗ്നരായിരിക്കുവാൻ പ്രേരിപ്പിക്കുന്നു.

ഇക്കാലത്തെ ആരാധകരുടെ കാര്യം നോക്കാം. മോഹൻലാലിന്റെ സിനിമകൾ അനൗൺസ്‌ ചെയ്യുമ്പോൾ തന്നെ സോഷ്യൽ മീഡിയ വഴി അവ പ്രചരിപ്പിക്കുകയും, സിനിമകളിറങ്ങിക്കഴിയുമ്പോൾ സോഷ്യൽ മീഡിയകളിൽ മതിൽക്കെട്ടുകൾ സൃഷ്ടിക്കുകയും, തങ്ങളുടെ ആരാധ്യപുരുഷന്റെ സിനിമകൾക്കെതിരായി ആരെങ്കിലും അഭിപ്രായം പറഞ്ഞാൽ അവർക്കെതിരെ പലവിധങ്ങളിൽ ആത്മസംഘർഷം തീർക്കുന്നു. ജാതി-മത-പ്രായ-ലിംഗ ഭേദമെന്യെ ഈ വിഭാഗമാളുകൾ ഈ കാര്യത്തിൽ (ഐക്യകണ്ഠേന) കർമ്മനിരതരാകുന്നു. കുറച്ചുനാൾ മുൻപ്‌ വരെ ‘ദൃശ്യം ഡാ’ ആയിരുന്നു എതിരാളികളോട്‌ മുട്ടിനിൽക്കുവാൻ ഇക്കൂട്ടർ ഉപയോഗിച്ചിരുന്ന പ്രധാന ആയുധമെങ്കിൽ, സാമ്പത്തികലാഭത്തിന്റെ കാര്യത്തിൽ നേട്ടമുണ്ടാക്കിയ ‘പുലിമുരുക’നാണ്‌ ഏറ്റവും പുതിയ ആയുധം. ഇതിനിടയിൽ വന്നുപോയ ഇഷ്ടതാരത്തിന്റെ വിജയപരാജയങ്ങളൊന്നും ഇവർ ഗൗനിക്കാറില്ല. ഈ ഈവിഭാഗം ആരാധകരിലേയ്ക്കാണ്‌ സുനീഷ് വരനാട് രചിച്ച് സജിദ് യഹിയ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ക്യാമറ തിരിക്കുന്നത്‌.

താരാരാധന പ്രമേയമാക്കിയ നിരവധി ചിത്രങ്ങളിറങ്ങിയിട്ടുണ്ട്‌. എന്നാൽ ഒരു വലിയനടന്റെ പേർ അതേപടി ഉപയോഗിച്ചുകൊണ്ട്‌ ഒരു ചിത്രനിറങ്ങുന്നു എന്നത്‌ ആരാധകരെ സംബന്ധിച്ചിടത്തോളം ആവേശജനകമാണ്‌. അതുതന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രത്യേകതയും. ആന്റണി പെരുമ്പാവൂർ, ശ്രീകുമാർ മേനോൻ, മമ്മൂട്ടി, മോഹൻലാൽ, മോഹൻലാൽ ഫാൻസ്‌, മമ്മൂട്ടി ഫാൻസ്‌ മോഹൻലാൽ സിനിമകൾ സംവിധാനം ചെയ്ത ഒരുപറ്റം സംവിധായകർ തുടങ്ങിയവർക്ക്‌ നന്ദിയർപ്പിച്ചുകൊണ്ടാണ്‌ ചിത്രം തുടങ്ങിയത്‌. പൃഥ്വിരാജ്‌ ആയിരുന്നു കഥാഖ്യാനം.

ആത്മഹത്യ ചെയ്യുവാനായി രവിപുരം റെയിൽവേ സ്റ്റേഷനിലേക്ക്‌ പോകുന്ന സേതുവിൽ നിന്നുമാണ്‌ ചിത്രം പറഞ്ഞുതുടങ്ങുന്നത്‌. മോഹൻലാൽ ഫാനായ ഓട്ടോ ഡ്രൈവർ പുലിമുരുകൻ ഫാൻഷോയ്ക്കുള്ള ടിക്കറ്റ്‌ അറേഞ്ച്‌ ചെയ്യാനുള്ള തിരക്കിലാണ്‌. സേതു ഇപ്പോൾ ഈ അവസ്ഥയിലേക്ക്‌ എത്തിച്ചേരുവാനുണ്ടായ കാരണത്തിലേയ്ക്കാണ്‌ ചിത്രം വിരൽ ചൂണ്ടുന്നത്‌. ഇന്ദ്രജിത്ത്‌ അവതരിപ്പിക്കുന്ന സേതു എന്ന കഥാപാത്രം നാളിതുവരെ താനനുഭവിച്ച പ്രശ്നങ്ങൾക്കെല്ലാം കാരണം മോഹൻലാലാണെന്ന് തിരിച്ചറിയുന്നു.

മോഹൻലാലിന്റെ കാര്യം ആരുപറഞ്ഞാലും വിശ്വസിക്കുന്ന, ആരിലും മോഹൻലാലിന്റെ പ്രതിരൂപം കാണുന്ന, താരാരാധന മൂത്ത്‌ സമനില തെറ്റിയ ആരാധികയായ മീനാക്ഷിയുടെ കഥയാണ്‌ ‘മോഹൻലാൽ.’ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഇറങ്ങിയ ദിവസമാണ്‌ മീനു ജനിച്ചത്‌. അവൾ മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത്‌ ഒന്ന് മുതൽ പൂജ്യം വരെ സിനിമ കാണുവാനിടയാവുകയും അങ്ങനെ മോഹൻലാൽ മനസിൽ കയറിപ്പറ്റുകയും ചെയ്യുന്നു. മോഹൻലാലിനൊപ്പം സിനിമയിലഭിനയിക്കണമെന്നും അവൾ ആഗ്രഹിക്കുന്നു. വളർന്ന് വന്നപ്പോൾ ആ ആരാധന Celebrity worship syndrome എന്ന അനാരോഗ്യമായ അവസ്ഥയിലേയ്ക്ക്‌ മീനാക്ഷിയെ എത്തിച്ചു.

‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ പുലിമുരുകൻ വരെയുള്ള ചിത്രങ്ങൾ കഥാപശ്ചാത്തലമാകുന്നുണ്ട്‌. ഈ ചിത്രങ്ങൾ തമ്മിലുള്ള 36 വർഷങ്ങളിലെ മോഹൻലാലിന്റെ സിനിമാ സാന്നിധ്യവും, അദ്ദേഹത്തിനുണ്ടായ ആരാധകബാഹുല്യവും ജനവികാരവുമെല്ലാം പ്രമേയമാകുന്നു.

പൂർണ്ണമായും ആരാധകതൃപ്തിയായിരുന്നു സംവിധായകന്റെ ഉദ്ദേശ്യം. തുടക്കം മുതൽ മോഹൻലാലിന്റെ ഹിറ്റ്‌ ചിത്രങ്ങളുടെ (മാത്രം) വീഡിയോ ക്ലിപ്പിംഗുകൾ അങ്ങിങ്ങായി കാണിക്കുന്നുണ്ട്‌. വാനപ്രസ്ഥം, രാജശിൽപ്പി തുടങ്ങിയ ചിത്രങ്ങൾ ഭാഗികമായി പരാമർശിക്കുകയും, മോഹൻലാലിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ തന്മാത്രയെ കോമാളിത്തരമായി ചിത്രീകരിക്കുകയും ചെയ്തുകൊണ്ട്‌, ആരാധകർക്ക്‌ തൃപ്തിലഭിക്കുന്ന ചിത്രങ്ങൾക്കായുള്ള ജനങ്ങളുടെ ആവേശത്തിനു തന്നെയാണ്‌ സംവിധായകൻ പ്രാമുഖ്യത നൽകിയത്‌.

സമൂഹത്തിലെ സാധാരണജനവിഭാഗത്തെയാണ്‌ ഇത്തവണയും ഫാൻസ്‌ എന്ന പേരിൽ സംവിധായകൻ കോമാളിവേഷം കെട്ടിച്ചിരിക്കുന്നത്‌. ചുമട്ടു തൊഴിലാളികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ, ഗുണ്ടകൾ ഇവരെല്ലാം ഇഷ്ടതാരത്തിനുവേണ്ടി മരിക്കാൻ പോലും തയ്യാറാണ്‌. രക്തദാനപരിപാടി, സാമൂഹികസേവനങ്ങൾ, തട്ടിപ്പ്‌ നടത്തിയവനെ പിടിക്കൽ തുടങ്ങിയ ഇതര പ്രവർത്തനങ്ങളിലും ഈ വിഭാഗമാളുകൾ വളരെ ആക്ടീവാണ്‌. ദോഷം പറയരുതല്ലോ, ഇവരൊക്കെ വളരെ നല്ല വ്യക്തിത്വത്തിനുടമകളുമാണ്‌.

കേരളത്തിൽ ജനിച്ച്‌ വളർന്ന് മുപ്പതുകളിൽ ജീവിക്കുന്ന മലയാളികൾക്കെല്ലാം മോഹൻലാൽ എന്ന നടനുള്ള സ്വാധീനം നന്നായറിയാം. സിനിമയെ ജീവിതത്തിന്റെ ഭാഗമായി കാണാത്തവരും നമുക്കുചുറ്റുമുണ്ട്‌. എന്നാൽ തമിഴ്‌നാട്ടിലെ രജനീകാന്തിന്റെ ജനസ്വീകാര്യതയുമായാണ്‌ ഇവിടെ മോഹൻലാൽ ഉപമിയ്ക്കപ്പെട്ടിരിക്കുന്നത്‌. പ്രധാന കഥാപാത്രങ്ങൾ കണ്ടുമുട്ടുന്ന എല്ലാവരും മോഹൻലാൽ ഫാൻസ്‌. വഴിപോക്കരും, ബസ്‌ യാത്രക്കാരും, വീട്ടമ്മമാരും, ഡ്രൈവർമാരും, ചന്തയിൽ കച്ചവടം നടത്തുന്നവരും, ഗ്രാമവാസികളും, നഗരത്തിലെ ഹൗസിംഗ്‌ കോളനിയിലെ ജനങ്ങളും എന്നുവേണ്ട, നാട്‌ മുഴുവൻ കടുത്ത താരാരാധകർ. ഈ നാട്ടിൽ ഓട്ടോറിക്ഷ വിളിച്ച്‌ വന്നാൽ ഡ്രൈവർക്ക്‌ പണം കൊടുക്കേണ്ട, പകരം താനൊരു മോഹൻലാൽ ഫാൻ ആണെന്ന് പറഞ്ഞാൽ മതിയാവും. ഒരുപക്ഷേ ഡ്രൈവർ പണം തിരികെ കൊടുത്തേക്കാം. കത്തിയെടുത്ത്‌ കുത്താൻ വരുന്ന ഗുണ്ടാ സംഘങ്ങളോട്‌, “തങ്ങൾ മോഹൻലാൽ ഫാൻസ്‌ ആണ്‌” എന്ന് പറഞ്ഞാൽ അവർ പിൻവാങ്ങും. എന്തിനേറെപ്പറയുന്നു, തന്റെ പ്രശ്നത്തിനു കാരണം ലാലേട്ടനാണെന്ന് പറയുമ്പോൾ അവിടെക്കിടക്കുന്ന പട്ടി പോലും കുരയ്ക്കുന്നു. മൊത്തത്തിൽ പറഞ്ഞാൽ ഈ നാട്ടിൽ ജീവിക്കണമെങ്കിൽ മോഹൻലാൽ ഫാൻ ആയിരുന്നേ തീരൂ. ഇത്തരത്തിലൊരു ജനസമൂഹമാണ്‌ താരാരാധന മൂത്ത എഴുത്തുകാരന്റെ ഭാവനയിലുണർന്നത്‌. തെലുങ്ക്‌ നാട്ടിലോ തമിഴ്‌നാട്ടിലോ പോലുമുണ്ടാകുമോ ഇത്തരത്തിലുള്ള താരാരാധന എന്ന് ചിലപ്പോഴൊക്കെ സംശയം തോന്നാറുണ്ട്‌.

ചെറിയവായിൽ ഘോരവർത്തമാനങ്ങൾ പറയുന്ന കുട്ടികൾ ഈ ചിത്രത്തിലേയും ബോറൻ കാഴ്ചയായിരുന്നു. കുട്ടികളേക്കൊണ്ട്‌ ക്ലാസ്‌ മുറിയിൽ ഹീറോയിസം കാണിക്കാനും, താരത്തിന്‌ സ്തുതിപാടുവാൻ വേണ്ടി അവരെ വിനിയോഗിക്കുവാനും സംവിധായകൻ മറന്നില്ല.

നിരവധി ക്ലീഷേകൾ ചിത്രത്തിലുണ്ട്‌. വിലകുറഞ്ഞതും നാടകീയത നിറഞ്ഞതുമായ സംഭാഷണ രംഗങ്ങൾ പ്രേക്ഷകനെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്‌. കോമഡിക്ക്‌ വേണ്ടി കൃത്രിമമായി കൂട്ടിച്ചേർത്ത നിരവധി രംഗങ്ങളുണ്ട്‌. ചീറ്റിപ്പോയ കോമഡികളാണ്‌ ഭൂരിഭാഗവും. എഴുത്തുകാരൻ ട്രോൾ ഗ്രൂപ്പുകളിൽ ആക്ടീവാണെന്നതിനു തെളിവായി കുറച്ചുരംഗങ്ങളുണ്ട്‌. കഥാപാത്രങ്ങളുടെ നിറം, ഉയരം എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള ഹാസ്യരംഗങ്ങളും ചിത്രത്തിലുടനീളമുണ്ട്‌. പണം കൈക്കലാക്കിയ വില്ലൻ പരമ്പരാഗതരീതിയിൽ തോർത്തുകൊണ്ട്‌ മുഖം മറച്ച്‌ കവർന്നെടുത്ത അതേ ബാഗുകളുമായി നടന്നുനീങ്ങുന്നതും, ഫാൻസിന്റെ സഹായത്തോടെ ഓടിച്ചിട്ട്‌ പിടിക്കുന്നതുമെല്ലാം കാണാത്ത കാഴ്ചകളാണ്‌.! തിരിച്ചടവിൽ വീഴ്ചകൾ വരുത്തി, ഒടുവിൽ പണവുമായി സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ ചെല്ലുന്ന വ്യക്തിയിൽ നിന്ന് ആ തുക വാങ്ങുവാൻ വിസമ്മതിക്കുന്ന ബാങ്ക്‌ ജീവനക്കാർ കൗതുകമുണർത്തി.

താരാരാധനയുടെ ദോഷഫലങ്ങളേക്കുറിച്ച്‌ ചിത്രം യാതൊന്നും പറയുന്നില്ല. നായികക്ക്‌ പൊതുവായി ഒരു സ്വഭാവവിശേഷതയില്ല. ആരാധനമൂത്ത്‌ ഉറഞ്ഞുതുള്ളുന്ന നായികയ്ക്കൊപ്പം കാഴ്ചക്കാരാവുകയാണ്‌ നാട്ടുകാരും കുടുംബാംഗങ്ങളും എന്തിന്‌ ഭർത്താവ്‌ പോലും. നായികയുടെ ചെയ്തികൾ ഒരുകാരണവശാലും ന്യായീകരണയോഗ്യമാകുന്നില്ല. മോഹൻലാലിന്റെ വിവാഹം കഴിഞ്ഞ വാർത്ത സിനിമാമാസികയിൽ നിന്ന് വായിച്ച്‌ തലകറങ്ങി വീഴുന്ന മൂന്നാം ക്ലാസുകാരി..! ഒരാർത്ഥത്തിൽ ആരാധന മൂത്ത സംവിധായകന്റെയും എഴുത്തുകാരന്റെയും ജൽപ്പനങ്ങളാണ്‌ സിനിമാരൂപത്തിൽ സ്ക്രീനിലെത്തിയിരിക്കുന്നത്‌.

‘അന്ധമായ ആരാധനയ്ക്ക്‌ പിന്നിൽ എല്ലാവർക്കും ഓരോ കാരണങ്ങളുണ്ട്‌, അത്രമേൽ വ്യക്തവും ശക്തവുമായ കാരണം” എന്ന വാചകത്തോടുകൂടിത്തുടങ്ങിയ ചിത്രം, ഉപസംഹാരം വരേയ്ക്കും അന്ധമായ ആരാധനയ്ക്ക്‌ വ്യക്തമോ സ്പഷ്ടമോ ആയ ന്യായം പ്രേക്ഷകനുനൽകിയില്ല.

കഥാപാത്രനിർണ്ണയത്തിന്റെ കാര്യത്തിൽ തന്റെ മുൻ ചിത്രത്തിൽ സംഭവിച്ചതിനേക്കാൾ വലിയ പിഴവാണ്‌ ഇത്തവണ സംഭവിച്ചിരിക്കുന്നത്‌. ഇന്നോളം ഏൽപ്പിക്കപ്പെട്ട വേഷങ്ങൾ എല്ലാം തന്നെ മികവോടുകൂടി അവതരിപ്പിച്ചിട്ടുള്ള നടനായ ഇന്ദ്രജിത്ത്‌ വ്യക്തിത്വം തീരെയില്ലാത്ത ഒരു കഥാപാത്രത്തെയാണ്‌ അവതരിപ്പിക്കുന്നത്‌. ഇന്ദ്രജിത്തിന്റെ ഭർത്താവ്‌ വേഷം പലപ്പോഴും പൊട്ടൻ കളിക്കുന്നത്‌ പ്രേക്ഷകനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്‌. തന്റെ സഹധർമ്മിണിയുടെ വൈകല്യങ്ങൾ ചെറുപ്പം മുതലേ മനസിലാക്കിയിട്ടും വിവാഹം കഴിഞ്ഞും അദ്ദേഹം അമ്പരക്കുന്നു. നായികയുടെ പെരുമാറ്റ വൈകല്യങ്ങളെ അംഗീകരിച്ചും ഇടയ്ക്ക്‌ ഞെട്ടിയും ഒരു ഭീരുവായി അദ്ദേഹം നിലകൊണ്ടു.

തന്റെ രണ്ടാം വരവിൽ മഞ്ജുവാര്യരെ ഏറ്റവും ചെറുപ്പമായി കാണപ്പെട്ടത്‌ ഈ ചിത്രത്തിലാണ്‌. ആരാധന മൂത്ത്‌ രോഗിയായ കഥാപാത്രത്തെ ഒരുവിധത്തിൽ അഭിനയിച്ചുപ്രതിഫലിപ്പിച്ചു. മോഹൻലാൽ ചെയ്ത ഓരോ കഥാപാത്രങ്ങളും എത്രമാത്രം മലയാളി സ്ത്രീകളുടെ മനസ്സിൽ സ്വാധീനവും സ്നേഹവും ചെലുത്തിയിട്ടുണ്ട് എന്ന് മഞ്ജുവിന്റെ മീനാക്ഷിയിലൂടെ കാണിച്ചുതരിക എന്നതായിരുന്നു സംവിധായകന്റെ ലക്ഷ്യം. എന്നാൽ നായികയുടെ സ്വഭാവവിശേഷത തെളിയിക്കുവാനായുള്ള അദ്ദേഹം വിതച്ച വിത്ത്‌, കോപ്രായമായാണ്‌ മുളച്ചുപൊങ്ങിയത്‌. ‘പിരിയിളകിയ മോഹൻലാൽ ഫാൻ’ കഥാപാത്രത്തിന്റെ പരിവേഷം എന്ന നിലയിൽ മഞ്ജു വാര്യർ ആദ്യപകുതിയിൽ കഥാപാത്രത്തോട്‌ കുറേയൊക്കെ നീതിപുലർത്തി. എന്നാൽ രണ്ടാം പകുതിയിലെ പ്രകടനങ്ങളെ ന്യായീകരിക്കാൻ കഴിയില്ല. പലതും കഥാപാത്രത്തിന്റെ സ്വഭാവവിശേഷതയാണോ മഞ്ജു വാര്യരുടെ അമിതാഭിനയമാണോ എന്ന് വിവേചിച്ചറിയുവാൻ പ്രയാസമാണ്‌.

നായികയുടെ സ്വഭാവവിശേഷതയ്ക്ക്‌ ഒടുവിൽ സിദ്ധിഖിന്റെ കഥാപാത്രത്തിലൂടെ നായകൻ നൽകിയ ന്യായീകരണങ്ങൾ ഒട്ടും ആശ്വാസകരമല്ല. മീനാക്ഷിയുടെ ബാല്യകാലം ബേബി മീനാക്ഷിയും നന്നായി ചെയ്തിട്ടുണ്ട്‌. മാസ്റ്റർ ആദിഷ്‌ പ്രവീൺ തന്റെ പതിവ്‌ ശൈലിയിൽ അഭിനയിച്ചപ്പോൾ, മാസ്റ്റർ വിശാൽ കൃഷ്ണ മാൽ ഗുഡി ഡേയ്സിലും മറ്റും കാഴ്ചവച്ച അസഹ്യമായ പ്രകടനങ്ങളിൽ നിന്നും പുരോഗമിച്ചിട്ടുണ്ട്‌. സൗബിൻ ഷാഹിർ ഇന്നോളം ചെയ്തവയിൽ വച്ച്‌ ഏറ്റവും ബോറൻ കഥാപാത്രമാണ്‌ ഈ ചിത്രത്തിലേത്‌. വ്യത്യസ്തമായ ശബ്ദക്രമീകരണവും, സംസാരരീതിയും മടുപ്പുളവാക്കി. പ്രദീപ്‌ കോട്ടയം, സലിം കുമാർ എന്നിവരുടെ കഥാപാത്രങ്ങൾ ചെറുതായി രസം പകരുന്നു. എന്നാൽ ഗിരിനഗറിലെ ഗൂർഖയായി അഭിനയിച്ച നടന്റെ സ്റ്റേജ്‌ പെർഫോമൻസും മറ്റും ചിത്രത്തെ വിലകുറഞ്ഞ കോമഡി സ്കിറ്റ്‌ പോലെ അധഃപതിക്കുവാൻ ഇടയാക്കി.

ടോണി ജോസഫ്‌ ആണ്‌ സംഗീതസംവിധായകൻ. പ്രാർത്ഥന ഇന്ദ്രജിത്‌ ആലപിച്ച “ഞാൻ ജനിച്ചപ്പോൾ കേട്ടൊരു പേര്‌” എന്നാരംഭിക്കുന്ന ഗാനം മാത്രം കേൾക്കാൻ ഇമ്പമുണ്ടായിരുന്നു. മറ്റ്‌ ഗാനങ്ങൾ വളരെ മോശമായിരുന്നു. പശ്ചാത്തല സംഗീതം ചിത്രത്തോട്‌ ചേർന്നുനിന്നു. ഷാജി കുമാറിന്റെ ഛായാഗ്രഹണമികവ്‌ ചില മികച്ച ഫ്രെ യിമുകളാൽ ദൃശ്യമാക്കപ്പെട്ടു. ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ്‌ നിർവ്വഹണത്തിൽ ചില അപാകതകൾ ദൃശ്യമായിരുന്നു. ചിത്രത്തിനൊടുവിൽ കേട്ട UAE ഫാൻസ്‌ പ്രവർത്തകരുടെ FAN ANTHEM വിലകുറഞ്ഞ കാഴ്ചകളിലൊന്നായിരുന്നു.

ഈ ചിത്രം മോഹൻലാൽ ഫാൻസിനുവേണ്ടി മാത്രമായി തയ്യാറാക്കപ്പെട്ടതാണെങ്കിൽക്കൂടി ആർക്കും തന്നെ തൃപ്തികരമായ ഒരനുഭവം പ്രദാനം ചെയ്യുന്നില്ല. മോഹൻലാലിന്റെ ഇന്നത്തെ താരമൂല്യം ഉപയോഗപ്പെടുത്തി സംവിധായകൻ പ്രേക്ഷകരെ (ഫാൻസിനെ) ചൂഷണം ചെയ്യുകയാണുണ്ടായത്‌. ഫലത്തിൽ മോഹൻലാലിനും, ഫാൻസിനും വലിയ നാണക്കേട്‌ തന്നെയാണ്‌ ഇത്തരത്തിലൊരു സൃഷ്ടി എന്നതിൽ സംശയമില്ല.

സിനിമ എന്നത്‌ സംവിധായകന്റെ കലയാണ്‌. താരങ്ങൾ സംവിധായകന്റെ കരങ്ങളാൽ ഒരു ശിൽപമായി രൂപാന്തരം പ്രാപിക്കേണ്ട കളിമണ്ണുമാണ്‌. താരത്തോടുള്ള ആരാധന സിനിമാ വ്യവസായത്തെ സംവിധായകന്റെ കരങ്ങളിൽ നിന്നും വേർപെടുത്തുകയും, താരങ്ങൾക്ക്‌ വേണ്ടിയോ ആരാധകതൃപ്തിക്കുവേണ്ടിയോ ഉള്ള ചിത്രങ്ങളെടുക്കുവാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ആ അർത്ഥത്തിൽ ഒരു ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം സിനിമാവ്യവസായം മോശം ഫലമാണുളവാക്കുന്നത്‌. താരത്തിനുവേണ്ടിയുള്ള ആരാധനാ സംഘടനകൾ ഗുണത്തേക്കാളേറെ ദോഷമാണ്‌. അതുകൊണ്ടുതന്നെ നിരുത്സാഹപ്പെടുത്തേണ്ട ഒന്നാണ്‌ താരാരാധന. അല്ലാതെ ഗ്ലോറിഫൈ ചെയ്യപ്പെടേണ്ട ഒന്നല്ല.Related posts

Back to top