തന്റെ ജന്മദിനം നെല്‍കൃഷി വിളവെടുത്ത് ആഘോഷിച്ച അനുജന്മാര്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍

കൊച്ചി: ഇക്കഴിഞ്ഞ തന്റെ ജന്മദിനം വേറിട്ട രീതിയില്‍ ആഘോഷമാക്കിയ ആരാധകര്‍ക്ക് നന്ദി അറിയിച്ച് നടന്‍ മോഹന്‍ലാല്‍. ആറ്റിങ്ങല്‍ മോഹന്‍ലാല്‍ ഫാന്‍സ് ഗ്രൂപ്പിലെ അനുജന്മാര്‍ക്കാണ് മോഹന്‍ലാല്‍ നന്ദി അറിയിച്ചത്. അന്നേ ദിവസം അവര്‍ കൃഷി ചെയ്ത നെല്‍കൃഷി വിളവെടുത്താണ് നടന്റെ ജന്മദിനം ആഘോഷമാക്കി മാറ്റിയത്. വിളവെടുത്ത നെല്ല് പാവപ്പെട്ടവര്‍ക്ക് നല്‍കാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ അനുജന്മാര്‍ക്ക് നന്ദിയും മംഗളാശംസകളും നേര്‍ന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എൻ്റെ ഇക്കഴിഞ്ഞ ജന്മദിനത്തിൽ ആറ്റിങ്ങലിൽ ഉള്ള പ്രിയ അനുജന്മാർ ആ ദിനം ആഘോഷിച്ചത് വേറിട്ടൊരു രീതിയിൽ ആയിരുന്നു .. അവർ തരിശായി കിടന്ന നാൽപതു സെൻ്റ് നെൽപ്പാടം പാട്ടത്തിനെടുത്തു നെൽക്കൃഷിയിറക്കി, പ്രത്യാശ ഇനത്തിൽപെട്ട വിത്താണ് അവർ കൃഷിചെയ്യാൻ തിരഞ്ഞെടുത്തത്… നാലുമാസങ്ങൾക്കു ശേഷം പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചു ഇപ്പോൾ അവർ അവിടെ നൂറുമേനി വിളവെടുത്തിരിക്കുന്നു. ഇവിടെ വിളവെടുത്ത നെല്ല് പാവപ്പെട്ടവർക്ക് നൽകുവാൻ ആണ് ഇതിനു പിന്നിൽ പ്രവർത്തിച്ചവർ തീരുമാനിച്ചിരിക്കുന്നത്… ഇന്നത്തെ കാലത്തു യുവതലമുറ കൃഷിയിൽ നിന്ന് അകന്നു പോകുമ്പോൾ ഓൾ കേരള മോഹൻലാൽ ഫാൻസ്‌ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയിൽ ഉള്ള എൻ്റെ പ്രിയ അനുജന്മാരുടെ ഈ ശ്രമത്തെ അഭിനന്ദിക്കേണ്ടതാണ്. ഇത് കേരളത്തിലെ യുവജനതയ്ക്കു ഒരു പ്രചോദനം ആകട്ടെ… ഈ പ്രവർത്തനത്തിന് പിന്നിൽ അണിനിരന്ന ആറ്റിങ്ങലിലുള്ള എൻ്റെ അനുജന്മാർക്കു എല്ലാവിധ മംഗളാശംസകളും നേരുന്നു.

Top