സംഘടിത സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മോഹന്‍ലാല്‍

കൊച്ചി; സംഘടിത സൈബര്‍ ക്രിമിനല്‍ ആക്രമണങ്ങള്‍ പെരുകി വരുന്ന ഈ കാലഘട്ടത്തില്‍ സൈബര്‍ ഇടങ്ങളില്‍ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ നമുക്ക് കഴിയണമെന്ന് നടന്‍ മോഹന്‍ലാല്‍. കൊച്ചിയില്‍ രണ്ട് ദിവസങ്ങളിലായി നടന്ന കൊക്കൂണ്‍ 12 എഡിഷന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള പോലീസ് സംഘടിച്ച് വരുന്ന കൊക്കൂണ്‍ കോണ്‍ഫറന്‍സ് സൈബര്‍ ലോകത്തെ അറിവുകള്‍ പൊതുജനങ്ങള്‍ക്കും സൈബര്‍ വിദ്യാര്‍ത്ഥികള്‍ക്കും, വിദഗ്ധര്‍ക്കും മനസിലാക്കാനും ചര്‍ച്ചചെയ്യപ്പെടുവാനുമാണ് ഉതകുന്നത്. കേരള സര്‍ക്കാര്‍ ഇത്രയും ജനോപകരാപ്രദമായി പരിപാടി സംഘടിപ്പിച്ചതിന് മോഹന്‍ലാല്‍ അഭിനന്ദനം അറിയിച്ചു. കൂടാതെ കുട്ടികളുടേയും സ്ത്രീകളുടേയും സൈബര്‍ സുരക്ഷയെ മുന്‍ നിര്‍ത്തി അവതരിപ്പിച്ച കൊക്കൂണ്‍ 12 ന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോലീസുകാരും, പേപ്പറും ഇല്ലാത്ത പോലീസ് സ്റ്റേഷനാണ് സാങ്കേതികതയുടെ പുതിയ ലോകത്ത് കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡിജിപി ലോക്നാഥ് ബഹ്റ ഐപിഎസ് പറഞ്ഞു. സൈബര്‍ സെക്യൂരിറ്റിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ 100 കോടിയോളം രൂപ ചിലവഴിക്കുന്നുണ്ട്. അത് കൂടുതല്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കൊക്കൂണ്‍ കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ മോഹന്‍ലാലും, ഡിജിപി ലോക്നാഥ് ബഹ്റയും സമ്മാനിച്ചു.

ചടങ്ങില്‍ കൊക്കൂണ്‍ കോണ്‍ഫറന്‍സ് വൈസ് ചെയര്‍മാനും എഡിജിപിയുമായ മനോജ് എബ്രഹാം ഐപിഎസ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറേ ഐപിഎസ്, ഡിഐജി പി. പ്രകാശ് ഐപിഎസ്, സ്‌കോട്ട് വാറന്‍, ജോണ്‍ റൂസ്, റയാന്‍ ഷെര്‍സ്റ്റോബിറ്റോ, മനുസഖറിയ തുടങ്ങിയവര്‍ സംസാരിച്ചു

Top