രാജ്യം നല്‍കിയ കേണല്‍ പദവി മോഹന്‍ലാല്‍ ഒഴിയണം ; അമ്മ വിവാദത്തില്‍ ഡീന്‍ കുര്യാക്കോസ്

Dean Kuriakose

കൊച്ചി: മലയാള സിനിമ സംഘടനയായ അമ്മയിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് രംഗത്ത്. നടിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെ സംരക്ഷിക്കുന്ന അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ രാജ്യം നല്‍കിയ കേണല്‍ പദവി ഒഴിയണമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

മോഹന്‍ലാല്‍ പ്രസിഡന്റായിരിക്കുമ്പോള്‍ ഗുരുതര ആരോപണത്തെ നേരിടുന്നയാളെ സംരക്ഷിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണം. രാജ്യം നല്‍കിയ പരമോന്നത ബഹുമതി മോഹന്‍ലാല്‍ ഒഴിയണം. കേണല്‍ പദവി വ്യക്തിപരമായ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതിന് മാത്രം ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.

കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച അമ്മയിലെ ഇടതുപക്ഷ ജനപ്രതിനിധികളും ജനങ്ങളോട് മാപ്പ് പറയണമെന്നും ഇവരുടെ നിലപാടിനെ സംബന്ധിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അഭിപ്രായം വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top