താരപുത്രി വിസ്മയയുടെ ആദ്യ പുസ്തകത്തിന് ആശംസകളുമായി അമിതാഭ് ബച്ചന്‍

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്ക്ക് ആശംസകളുമായി അമിതാഭ് ബച്ചന്‍. വാലന്റൈന്‍സ് ദിനത്തില്‍ പെന്‍ഗ്വിന്‍ ബുക്സ് പുറത്തിറക്കിയ വിസ്മയയുടെ കാവ്യ-ചിത്ര പുസ്തകം ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായവും ആശംസകളും ബച്ചന്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണിപ്പോള്‍.

‘മോഹന്‍ലാല്‍, മലയാള സിനിമയുടെ സൂപ്പര്‍താരം, എനിക്ക് ഒരുപാട് ആരാധനയുള്ള ഒരാള്‍. അദ്ദേഹത്തിന്റെ മകള്‍ വിസ്മയ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പുസ്തകം എനിക്കയച്ചു തന്നു. കവിതകളിലൂടെയും ചിത്രങ്ങളിലൂടെയും സര്‍ഗ്ഗാത്മകവും സൂക്ഷ്മവുമായ യാത്ര. കഴിവ് പാരമ്പര്യമാണ്. എല്ലാ ഭാവുകങ്ങളും.’- ബച്ചന്‍ കുറിച്ചു.

ജാപ്പനീസ് ഹൈക്കു കവിതകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വിസ്മയ എഴുതിയ എഴുപതിലധികം കുറുങ്കവിതകളും അതിനോടൊപ്പമുള്ള ചിത്രങ്ങളും ചേര്‍ന്നതാണ് പുസ്തകം. വിസ്മയയുടെ ആദ്യപുസ്തകമാണിത്.

പത്തും പതിനഞ്ചും വരികളുള്ള കവിതകള്‍ മുതല്‍ ഒറ്റവരി കവിതകള്‍വരെ സമാഹാരത്തിലുണ്ട്. പ്രണയവും വിരഹവും കുറുമ്പും കുസൃതിയും അമൂര്‍ത്തമായ ആശയങ്ങളുമെല്ലാം കൊണ്ട് വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ് താരപുത്രി.

Top