ഒടുവിൽ സംഘപരിവാർ നേതൃത്വത്തോട് ലാൽ നയം വ്യക്തമാക്കി, മത്സരിക്കാനില്ല

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഇല്ലെന്ന് മോഹന്‍ലാല്‍. ബി.ജെ.പി- ആര്‍.എസ്.എസ് നേതൃത്വത്തോട് ഇക്കാര്യം ലാല്‍ വ്യക്തമാക്കിയതായാണ് ലഭിക്കുന്ന സൂചന.

ബി.ജെ.പി പിന്തുണയോടെ തിരുവനന്തപുരത്ത് നിന്നും ലോകസഭയിലേക്ക് മത്സരിച്ചാല്‍ രാഷ്ട്രീയപരമായി താന്‍ വേട്ടയാടപ്പെടുമെന്ന ഭയമാണ് മോഹന്‍ലാലിന്റെ പിന്‍മാറ്റത്തിനു പ്രധാന കാരണമെന്നാണ് അറിയുന്നത്.

ആനക്കൊമ്പ് കേസ് വീണ്ടും സജീവമായതും പുനരന്വേഷണത്തിനുള്ള സാധ്യത വര്‍ദ്ധതും മോഹന്‍ലാലിന്റെ ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. അതേസമയം, സേവന പ്രവര്‍ത്തനങ്ങളില്‍ സേവാഭാരതിയുമായി തുടര്‍ന്നും സഹകരിക്കുമെന്ന ഉറപ്പും ആര്‍.എസ്.എസ് നേതൃത്വത്തിന് മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ട്.

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന് ദേശീയമാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നിരുന്നുവെങ്കിലും മോഹന്‍ലാല്‍ ഇതുവരെ ശക്തമായി നിഷേധിച്ച് രംഗത്ത് വന്നിരുന്നില്ല. ഇത് അദ്ദേഹത്തിന്റെ ആരാധകരില്‍ ഒരു വിഭാഗത്തിലും അതൃപ്തിക്ക് കാരണമായിരുന്നു.

മോഹന്‍ലാലിനു പുറമെ ബോളിവുഡില്‍ നിന്നും അക്ഷയകുമാര്‍, മാധുരി ദീക്ഷിത്, സണ്ണി ഡിയോള്‍, ജോണ്‍പോള്‍, തമിഴകത്ത് നിന്നും രജനീകാന്ത് തുടങ്ങി ജനപ്രിയരായ വിവിധ ഭാഷകളിലെ സൂപ്പര്‍ താരങ്ങളെ രംഗത്തിറക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നാണ് ഇടപെടല്‍ ഉണ്ടായിരുന്നത്.

mohanlal-bjp

ഇതില്‍ മോഹന്‍ലാലാണ് ഇപ്പോള്‍ പിന്‍മാറുന്നതായി അറിയിച്ചിരിക്കുന്നത്. രജനീകാന്ത് അടുത്തയിടെ ബി.ജെ.പിക്ക് എതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അത് ഇപ്പോള്‍ പുറത്തിറക്കിയ 2.0 സിനിമയുടെ വിജയത്തെ ബാധിക്കാതെ ഇരിക്കാന്‍ വേണ്ടിയാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. രജനിയുടെ രാഷ്ട്രീയ പ്രവേശനം തന്നെ തമിഴകം പിടിക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായതിനാല്‍ രജനിയുടെ വിമര്‍ശനം കാര്യമായി എടുക്കുന്നില്ലെന്നതാണ് അവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ പോലും നിലപാട്.

ഏതു വിധേനയെയും വീണ്ടും കേന്ദ്ര ഭരണം പിടിക്കുക എന്ന അജണ്ട മുന്‍ നിര്‍ത്തിയാണ് ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്വങ്ങള്‍ താരങ്ങളെയും വലവീശി പിടിക്കുന്നത്. അതിനു വേണ്ടി ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന സെലിബ്രിറ്റികളെ കണ്ടു പിടിച്ച് രംഗത്തിറക്കുകയാണ് ലക്ഷ്യം.

അതേസമയം, മത്സര രംഗത്തേക്ക് താന്‍ ഇപ്പോള്‍ ഇല്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കുന്നത് രജനികാന്തിനെ പോലെ തന്റെയും സിനിമകളുടെ വിജയത്തെ ബാധിക്കാതെ നോക്കാനാണോ എന്നതും ന്യായമായും സംശയമുയര്‍ത്തുന്ന കാര്യമാണ്.

മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമ മോഹന്‍ലാലിന്റെ ഒടിയന്‍ ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്. ലാലിന്റെ സന്തത സഹചാരിയായ ആന്റണി പെരുമ്പാവൂരാണ് ഈ സിനിമയുടെ നിര്‍മ്മാതാവ്.

bjp karnataka

അടുത്തയിടെ പുറത്തിറങ്ങിയ മോഹന്‍ലാല്‍ സിനിമകള്‍ സാമ്പത്തികമായ വലിയ പരാജയമായിരുന്നു എന്നതും ഇപ്പോഴത്തെ മോഹന്‍ലാലിന്റെ പിന്‍മാറ്റവും ചേര്‍ത്ത് വിലയിരുത്തേണ്ടത് തന്നെയാണ്. രാഷ്ട്രീയ കേരളത്തില്‍ സൂപ്പര്‍ താരങ്ങളെ മുന്‍ നിര്‍ത്തി അട്ടിമറി വിജയം നേടാം എന്നത് ഒരിക്കലും വിലപ്പോവില്ലെന്നാണ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്.

സൂപ്പര്‍ താരങ്ങള്‍ എപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുവോ അന്നു മുതല്‍ അവരുടെ തകര്‍ച്ചയും തുടങ്ങുമെന്നാണ് സിനിമാ നിരൂപകരുടെയും അഭിപ്രായം. സിനിമയില്‍ താരങ്ങള്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ സ്നേഹിക്കുന്നവര്‍ താരത്തിന്റെ രാഷ്ട്രീയത്തെ അംഗീകരിക്കില്ലെന്നതാണ് നിരൂപക പക്ഷം.

Top