മോഹൻലാലുമായി ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ ചർച്ച നടത്താൻ ഒരുങ്ങുന്നു

മോഹന്‍ലാലിന്റെ ഡ്രീം പ്രോജക്ടായ ഒടിയന്റെ റിലീസിനു ശേഷം താരരാജാവുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തുമെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നല്‍കിയ ഈ വിവരത്തെ കുറിച്ച് പ്രതികരിക്കാന്‍ മോഹന്‍ലാല്‍ ക്യാംപും തയ്യാറായിട്ടില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മോഹന്‍ലാല്‍, നമ്പി നാരായണന്‍ എന്നിവരുടെ പേരുകള്‍ ബി.ജെ.പി നേതൃത്വത്തില്‍ സജീവമാണ്. മോഹന്‍ലാല്‍ ആകട്ടെ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയുമായി സഹകരിച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തികള്‍ നടത്തിവരുന്നത്. ശബരിമല വിഷയം കത്തി നില്‍ക്കെ ‘സ്വാമി ശരണം’ എന്നു പറഞ്ഞ് മോഹന്‍ലാല്‍ ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റും ഇതിനകം വിവാദമായിട്ടുണ്ട്.

ശബരിമലയിലെ ധര്‍മ്മസമരത്തിനുള്ള മോഹന്‍ലാലിന്റെ പിന്തുണയായാണ് ഈ പോസ്റ്റിനെ സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ കാണുന്നത്. കേരളത്തില്‍ പൊതുജനസമ്മതിയുള്ള ഒരു വ്യക്തിയെ മുന്നോട്ട് വയ്ക്കാന്‍ ഇല്ല എന്ന പരിമിതി മോഹന്‍ലാല്‍ വരുന്നതോടെ മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. മുന്‍പ് അമിത് ഷാ തലസ്ഥാനത്ത് എത്തിയ സമയത്ത് മോഹന്‍ ലാലുമായി ചര്‍ച്ച നടത്താന്‍ നീക്കം നടന്നിരുന്നു. അന്ന് പാളിയ ചര്‍ച്ച ഒടിയനു ശേഷം തുടരാനാണ് തീരുമാനം.

46379158_1977263212329365_3234090432354844672_n

അടുത്തിടെ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാന്‍ മോഹന്‍ലാലിന് അവസരമൊരുക്കിയ ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ തന്നെയാണ് താരത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറക്കാന്‍ ഇപ്പോള്‍ സജീവമായി ഇടപെടല്‍ നടത്തി വരുന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും ഈ നീക്കത്തിനു പിന്നിലുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നിന്നും മോഹന്‍ലാല്‍ മത്സരിച്ചാല്‍ നിഷ്പ്രയാസം വിജയിക്കുമെന്നും ഇതിന്റെ അലയൊലി കേരളമാകെ വ്യാപിക്കുമെന്നുമാണ് സംഘ പരിവാര്‍ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന ഒരു മുന്നണി സംവിധാനം ബി.ജെ.പി മുന്‍കൈ എടുത്ത് രൂപീകരിച്ചാല്‍ ഇപ്പോള്‍ യു.ഡി.എഫിലും എല്‍.ഡി.എഫിലും ഉള്ള ചില ഘടകകക്ഷികള്‍ പോലും അത്തരം ഒരു മുന്നണി സംവിധാനത്തോട് സഹകരിക്കുമെന്നാണ് പ്രതീക്ഷ.

mohanlal

ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ള കേരളത്തില്‍ ശബരിമല വിഷയം ഇടതു വോട്ട് ബാങ്കില്‍ കാര്യമായ ചോര്‍ച്ചയുണ്ടാക്കുമെന്നാണ് സംഘ പരിവാര്‍ നേതൃത്വം കരുതുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായാല്‍, വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുകയാണെങ്കില്‍ കാബിനറ്റ് റാങ്കോടെ കേന്ദ്ര മന്ത്രി പദം വരെ വാഗ്ദാനം ചെയ്യാന്‍ സംഘപരിവാര്‍ ഉന്നതര്‍ തയ്യാറാണെന്നാണ് ലഭിക്കുന്ന വിവരം.

യു.പി.എ ഭരണത്തില്‍ ആന്ധ്രയില്‍ നിന്നും സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയും തമിഴകത്ത് നിന്നും നടന്‍ നെപ്പോളിയനും കേന്ദ്ര മന്ത്രിമാരായിരുന്ന കാര്യവും പരിവാര്‍ നേതൃത്വം ഓര്‍മ്മിപ്പിക്കുന്നു.

കേണല്‍ പദവി ഉള്‍പ്പെടെ പദവികളാട് എന്നും അകലം പാലിക്കാത്ത മോഹന്‍ലാല്‍ സംഘപരിവാര്‍ മുന്നോട്ട് വയ്ക്കുന്ന ഓഫറുകള്‍ക്ക് ചെവികൊടുക്കുകയാണെങ്കില്‍ അത് കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചുലക്കുമെന്ന കാര്യവും ഉറപ്പാണ്.

bjpad

അതേ സമയം, മോഹന്‍ലാലിന് ആര്‍.എസ്.എസ് നേതാക്കളുമായുള്ള അടുപ്പം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ പോലും താരത്തിനെതിരെ പ്രതികരിക്കാതിരുന്ന ഇടതു-വലതു നേതാക്കള്‍, ലാല്‍ കാവി പാളയത്തിലേക്ക് പോയാല്‍ ആഞ്ഞടിക്കാനുള്ള തീരുമാനത്തിലാണ്. ലാലിന്റെ കാവി പ്രണയം അദ്ദേഹത്തിന് വലിയ തിരിച്ചടിയാണ് നല്‍കുകയെന്നാണ് ഭരണ പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം.

റിപ്പോര്‍ട്ട്: സുനില്‍ നാരായണന്‍

Top