മോഹന്‍ലാലിന്റെയും, കമല്‍ഹാസന്റെയും ഫോട്ടോ വൈറലാകുന്നു; ‘എല്‍സിയു’ വില്‍ പ്രതീക്ഷ

കൈതി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ നിലയുറപ്പിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. ഷോര്‍ട്ട് ഫിലിമിലൂടെ കരിയര്‍ ആരംഭിച്ച് ‘ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്(എല്‍സിയു) എന്ന സാമ്രാജ്യം കെട്ടിപ്പടുത്ത ഈ അതുല്യ പ്രതിഭയെ ഏറ്റവും ഒടുവില്‍ അടയാളപ്പെടുത്തിയത് വിജയ് ചിത്രം ലിയോ ആണ്. ലിയോ ജൈത്രയാത്ര തുടരുമ്പോള്‍ എല്‍സിയുവിലെ അടുത്ത ചിത്രം ഏതാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ അവസരത്തില്‍ മോഹന്‍ലാലിന്റെയും, കമല്‍ഹാസന്റെയും ഒരു ഫോട്ടോയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

കേരളീയം 2023ല്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം കമല്‍ഹാസന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. മോഹന്‍ലാലും, മമ്മൂട്ടിയും, ശോഭനയും ഇദ്ദേഹത്തോടൊപ്പം പരിപാടിയില്‍ പങ്കെടുത്തു. ഇതിന്റെ ഫോട്ടോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. അതിലൊരു ഫോട്ടോയാണ് എല്‍സിയുവിലേക്ക് മലയാളികളെ കൊണ്ടു പോയിരിക്കുന്നത്. കമല്‍ഹാസന് ഹസ്തദാനം നല്‍കുന്ന മോഹന്‍ലാല്‍ ആണ് ഫോട്ടോയില്‍. ഇവരുടെ മധ്യത്തിലായി സീ യു എന്ന ഇം?ഗ്ലീഷ് അക്ഷരങ്ങള്‍ കാണാം. ഇതിനെ ലാലേട്ടന്റെ ‘എല്ലു’മായി കൂട്ടിയോജിപ്പിച്ച് ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരുന്നത്. ‘മോഹന്‍ലാല്‍ – നാര്‍കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്, കമല്‍ഹാസന്‍ – ലഹരിവിമുക്ത സമൂഹത്തിലേക്ക് സ്വാഗതം’, എന്ന ഡയലോഗും ഫോട്ടോയ്ക്ക് ഒപ്പം ആരാധകര്‍ കുറിക്കുന്നുണ്ട്.

എല്‍സിയുവില്‍ ഇനി വരാനിരിക്കുന്ന സിനിമകളില്‍ ഏതാനും പുതിയ താരങ്ങള്‍ ഉണ്ടാകുമെന്ന് ലോകേഷ് കനകരാജ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അങ്ങനെ എങ്കില്‍ മോഹന്‍ലാല്‍ വന്നാല്‍ നന്നായിക്കും എന്ന് ആരാധകര്‍ പറയുന്നു. എന്തായാലും ഈ ഫോട്ടോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Top