ഒടിയന്‍ തിയേറ്ററുകളിലെത്തും മുമ്പ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും 22ാം തവണ കൈകോര്‍ക്കുന്നു

മോഹന്‍ലാലിനെ നായകനാക്കി ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന 22ാം ചിത്രമായ ഒടിയന്‍ കുളിരുകോരുന്ന ക്രിസ്മസിന് തിയേറ്ററുകളിലെത്തും മുമ്പ് പ്രേക്ഷകമനസില്‍ തീ കോരിയിട്ടുകഴിഞ്ഞു. തിയേറ്ററുകളിലും ഒടിയന്‍ ആവേശമായി പടരുമെന്നാണ് ടീസറുകളും ട്രെയിലറും വ്യക്തമാക്കുന്നത്. ഒടിയനെ ദൃശ്യവിസ്മയമാക്കുന്നതിന്റെ അവസാനഘട്ട മിനുക്കുപണികളിലാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഇരുട്ടിന്റെ മറവില്‍ കരിമ്പടം പുതച്ച്, കണ്ണുകളില്‍ നിഗൂഢതകള്‍ ഒളിപ്പിച്ച് ആദ്യമായി ഒടിയനെ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രേക്ഷകര്‍ക്ക് കാഴ്ചവെച്ചപ്പോള്‍ സോഷ്യല്‍ മീഡിയയിലുണ്ടായ തിരയിളക്കം തിയേറ്ററുകളിലേക്കും അടിച്ചുകയറും.

ഒടിവിദ്യ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തി കൊല്ലാന്‍ കഴിവുണ്ടായിരുന്നവരാണ് ഒടിയന്‍ എന്ന് ഐതീഹ്യവും ചരിത്രവും പറയുന്നു. മോഹന്‍ലാല്‍ എന്ന നടനവിസ്മയത്തെ ശ്രീകുമാര്‍ മേനോന്‍ ഒടിയന്‍ മാണിക്യനാക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന ആകാംഷ വാനോളമാണ്. അതിനൊത്ത് മോഹന്‍ലാലും സംവിധായകനും ഉയര്‍ന്നിട്ടുണ്ട്. പറഞ്ഞുകേട്ട മുത്തശ്ശിക്കഥകളില്‍ നിന്നു സത്യമേത്, മിഥ്യയേത് എന്നതു വേര്‍തിരിച്ചറിയാന്‍ കഴിയാത്തവിധം പ്രയാസമാണ് ഒടിയന്‍മാരുടെ ജീവിതം. പഴങ്കതകളിലൂടെ നമ്മുടെ മനസില്‍ പതിഞ്ഞ സൂപ്പര്‍ഹീറോ. ആ ഹീറോ മോഹന്‍ലാലിലൂടെ പുനര്‍ജ്ജനിക്കുമ്പോള്‍ സിനിമാ ചരിത്രത്തിലെ മറ്റൊരു മാജിക് ആവും, മോഹന്‍ലാല്‍ മാജിക്.

പ്രകാശ് രാജ്, മഞ്ജുവാര്യര്‍, സിദ്ധിഖ്, ഇന്നസെന്റ്, നരേന്‍, നന്ദു, കൈലാഷ്, സന അല്‍ത്താഫ് അങ്ങനെ വലിയൊരു താരനിര ചിത്രത്തിലുണ്ട്. ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ഒടിയന്റെ തിരക്കഥ ഒരുക്കുന്നത്. പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള നിരവധി സൂപ്പര്‍ ഹിറ്റുകള്‍ക്ക് ദൃശ്യചാരുത തീര്‍ത്ത ഷാജികുമാര്‍ ക്യാമറ ചലിപ്പിക്കുന്നു. പുലിമുരുകനില്‍ മോഹന്‍ലാലിനെ കൊണ്ട് പുലിവേട്ട ആടിത്തിമിര്‍പ്പിച്ച പീറ്റര്‍ ഹെയ്നാണ് ഒടിയന്‍ മാണിക്യന്റെ മാസ് ഫൈറ്റുകള്‍ മാന്ത്രികമാക്കുന്നത്. വിക്രംവേദ എന്ന ത്രില്ലര്‍ മാസ്മരികമാക്കിയ സംഗീതസംവിധായകന്‍ സി.എസ് സാം പശ്ചാത്തല സംഗീതം ഒരുക്കുന്നു. മെലഡിയിലൂടെ മലയാളിയുടെ മനസിലേക്ക് ആഴത്തിലിറങ്ങിയ എം.ജയചന്ദ്രന്‍ ഗാനങ്ങള്‍ക്ക് ഈണം പകരുന്നു.

Top