സിനിമാ പ്രതിസന്ധി; 2 മാസം ഇനി റിലീസ് ഇല്ലെന്ന് റിപ്പോര്‍ട്ടുകള്‍

കേരളത്തിലെ തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ അനുവദിക്കാത്ത സാഹചര്യത്തില്‍ സിനിമാ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. മാര്‍ച്ച് നാലിന് റിലീസ് ചെയ്യേണ്ടിയിരുന്ന പ്രീസ്റ്റ് മാറ്റിയതിനു പിന്നാലെ ആന്റണി വര്‍ഗീസ് ചിത്രം അജഗജാന്തരവും റിലീസ് നീട്ടി. സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാലാണ് റിലീസ് നീട്ടിവയ്ക്കുന്നതെന്ന് അജഗജാന്തരം സിനിമയുടെ അണിയപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുതിയ ഇളവുകളില്‍ തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ ആകാം എന്നാണ്. എന്നാല്‍ കേരളത്തില്‍ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തല്‍ക്കാലം ഈ ഇളവ് വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍ മാത്രമല്ല. മാത്രമല്ല ഏപ്രില്‍ ആദ്യം ഇലക്ഷന്‍ കൂടി പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. ഈ സ്ഥിതി തുടര്‍ന്നാല്‍ മാര്‍ച്ച്, ഏപ്രില്‍ മാസം ഇനി സിനിമാ റിലീസുകള്‍ ഉണ്ടാകില്ല. അങ്ങനെയെങ്കില്‍ തിയറ്ററുകള്‍ വീണ്ടും അടച്ചിടേണ്ട നിലയിലേയ്ക്ക് കാര്യങ്ങള്‍ മാറും. സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ എല്ലാ തിയറ്ററുകളും പൂട്ടുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ പുതിയ ഇളവുകള്‍ ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സിനിമ വ്യവസായം വന്‍നഷ്ടത്തിലാണെന്ന് ഫിലിം ചേംബര്‍ കത്തില്‍ പറയുന്നു. മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ അനുവദിച്ച വിനോദ നികുതി ഇളവ് വലിയ ആശ്വാസം തന്നെ. എന്നാല്‍ സിനിമ വ്യവസായം പഴയ അവസ്ഥയിലാകാന്‍ ഇനിയും സമയം വേണമെന്ന് നില്‍ക്കെ ഇളവുകള്‍ മാര്‍ച്ച് 31ന് ശേഷവും തുടരണം.

അതുപോലെ തന്നെ തിയറ്റര്‍ കളക്ഷന്റെ ഏറിയ പങ്കും ലഭിക്കുന്നത് സെക്കന്‍ഡ് ഷോയില്‍ നിന്നാണ്. അതിനാല്‍ സെക്കന്‍ഡ് ഷോ കൂടെ അനുവദിക്കണമെന്ന് ഫിലിം ചേംബറിന്റെ കത്തില്‍ പറയുന്നു. പ്രതിസന്ധി രൂക്ഷമായതോടെയാണ് ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന ‘കള’, ‘ടോള്‍ ഫ്രീ’, ‘അജഗജാന്തരം’, ‘ആര്‍ക്കറിയാം’ തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് മാറ്റിവച്ചു. ആര്യാടന്‍ ഷൗക്കത്ത് കഥയും തിരക്കഥയും സംഭാഷണവും എഴുതി സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ‘വര്‍ത്തമാനം ‘എന്ന ചിത്രം മുന്നൂറോളം തിയറ്ററുകളില്‍ 12നു റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

 

Top