പുലിമുരുകൻ ഗാനങ്ങള്‍ക്ക് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ; സന്തോഷവാനെന്ന് മോഹൻലാൽ

ലയാള സിനിമയ്ക്ക് അഭിമാനമായി ബോക്സ് ഓഫീസിൽ ഹിറ്റുകൾ നേടിയ സൂപ്പർ സ്റ്റാർ മോഹൻലാൽ ചിത്രം പുലിമുരുകനിലെ രണ്ട് ഗാനങ്ങള്‍ക്ക് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ചിരുന്നു.

ഈ അഭിമാന നിമിഷത്തിന്റെ സന്തോഷം മോഹൻലാൽ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ് ഇപ്പോൾ.

ഗോപി സുന്ദർ ഈണമിട്ട ‘കാടണിയും കാൽച്ചിലമ്പേ’ (യേശുദാസ്, കെ.എസ്.ചിത്ര), ‘മാനത്തേ മാരിക്കുറുമ്പേ’ (എസ്.ജാനകി) എന്നീ രണ്ടു ഗാനങ്ങളാണു മലയാളത്തിന് അഭിമാനമായി 90-ാമത് അക്കാഡമി അവാര്‍ഡ് നാമനിര്‍ദേശ പട്ടികയിലുള്ളത്. ഗാനങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ലഭിച്ചതില്‍ താന്‍ ആവേശഭരിതനും സന്തോഷവാനുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നിന്ന് പുലിമുരുകനു മാത്രമാണ് ഓസ്‌കാര്‍ പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞത്.

2017ലെ ഒറിജിനൽ സോങ് വിഭാഗത്തിൽ പരിഗണിക്കുന്ന ലോകമെമ്പാടുമുള്ള 70 സിനിമകളുടെ പട്ടികയാണ് അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസ് പുറത്തുവിട്ടത്.

Top