താരയുദ്ധമല്ല, ആരോഗ്യപരമായ മത്സരമാണ് തനിക്കും മമ്മൂട്ടിക്കും ഇടയില്‍; മോഹന്‍ലാല്‍

ലയാള സിനിമയെക്കുറിച്ച് ചോദിച്ചാല്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന പേരുകളാണ് മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും. നാല്‍പ്പത് വര്‍ഷത്തിലധികമായി ഇരുവരും മലയാള സിനിമാ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ട്. അതുകൊണ്ടു തന്നെ ഇരുവര്‍ക്കും ആരാധകര്‍ ഏറെയാണ്.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പേരില്‍ അവരുടെ ആരാധകര്‍ ഏറ്റുമുട്ടാറുള്ള കാഴ്ചകള്‍ക്ക് താരങ്ങളുടെ അഭിനയജീവിതത്തോളം പ്രായം വരും. ആരാധകര്‍ കാണിക്കുന്ന ഇത്തരം അമിതാവേശങ്ങള്‍ക്ക് ഒരുപരിധിയിലേറെ ഇടപെടാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് മമ്മൂട്ടിയും മോഹന്‍ലാലും പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ താരയുദ്ധമല്ല, ആരോഗ്യപരമായ മത്സരമാണ് തനിക്കും മമ്മൂട്ടിക്കും ഇടയിലുള്ളതെന്ന് പറയുകയാണ് സാക്ഷാല്‍ മോഹന്‍ലാല്‍. മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഒരു താരയുദ്ധം നിലനില്‍ക്കുന്നുണ്ടെന്ന് മലയാളികള്‍ വിശ്വസിക്കുന്നുണ്ട്. അത് ശരിയാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മഹാനടന്‍.

‘യുദ്ധമൊന്നുമില്ല ആരോഗ്യപരമായ മത്സരമുണ്ടാവാം. മമ്മൂട്ടി ചെയ്ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ലായെന്ന ബോധ്യമുള്ളയാളാണ് ഞാന്‍. പിന്നെ ഞാന്‍ എന്തിനാണ് അദ്ദേഹത്തോട് യുദ്ധത്തിന് പോകുന്നത്. അദ്ദേഹത്തിന് നല്ല റോളുകള്‍ കിട്ടുമ്പോള്‍ എനിക്കും നല്ല റോളുകള്‍ കിട്ടണമെന്ന് ഞാന്‍ കൊതിക്കാറുണ്ട്. അതില്‍ എന്താണ് തെറ്റ്. ഒരാളെ ഇല്ലാതാക്കാന്‍ മറ്റൊരാള്‍ ശ്രമിക്കുമ്പോഴല്ലേ പ്രശ്നമുള്ളൂ’ എന്നും അദ്ദേഹം പറഞ്ഞു.

Top