നടനകലയില്‍ കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍ സാധിക്കട്ടെ; പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ന്ന് അറുപതാം ജന്മദിനമാഘോഷിക്കുന്ന മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നൂറുകണക്കിനു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ പ്രതിഷഠ നേടിയ മോഹന്‍ലാലിന് നടനകലയില്‍ കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍ സാധിക്കട്ടെയെന്ന് ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ആശംസയറിയിച്ചത്.

കോവിഡ് കാലത്ത് ദുരിതാശ്വാസനിധിയിലേക്ക് മോഹന്‍ലാല്‍ 50 ലക്ഷം രൂപ സംഭാവന നല്‍കിയ കാര്യവും മുഖ്യമന്ത്രി എടുത്തു പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അഭിനയകലയിൽ സർഗധന്യത തെളിയിച്ച അസാമാന്യ പ്രതിഭയാണ് മലയാളത്തിന്റെ മോഹൻലാൽ. നൂറുകണക്കിനു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ അനശ്വരമായ സ്ഥാനമാണ് അദ്ദേഹം നേടിയിട്ടുള്ളത്. വൈവിധ്യം നിറഞ്ഞതും ജീവസ്സുറ്റതുമാണ് ആ കഥാപാത്രങ്ങൾ. ഏതുതരം കഥാപാത്രമായാലും അതിൽ ലാലിന്റേതായ സംഭാവനയുണ്ടാകും. ഭാവംകൊണ്ടും രൂപംകൊണ്ടും ശബ്ദംകൊണ്ടും പ്രേക്ഷകമനസ്സിൽ ആ കഥാപാത്രം നിറഞ്ഞുനിൽക്കുകയും ചെയ്യും. ഈ അസാധാരണത്വമാണ് മോഹൻലാലിനെ മലയാളത്തിന്റെ പ്രിയ നടനാക്കുന്നത്.

ആപത്‌ഘട്ടങ്ങളിൽ സഹജീവികളെ സഹായിക്കാനും ലാൽ താൽപ്പര്യം കാണിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നൽകിയത്. പ്രളയകാലത്തും ഇതേ നിലയിൽ സഹായമെത്തിക്കാൻ അദ്ദേഹം തയ്യാറായി. നടനകലയിൽ കൂടുതൽ ഉയരങ്ങൾ താണ്ടാൻ അദ്ദേഹത്തിന് സാധിക്കട്ടെ. ഈ ഷഷ്ടിപൂർത്തി ഘട്ടത്തിൽ എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു.

പിണറായി വിജയൻ
മുഖ്യമന്ത്രി

Top