ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനുമൊപ്പം കേക്ക് മുറിച്ച് മോഹന്‍ലാല്‍; വീഡിയോ വൈറല്‍

ലയാള സിനിമയുടെ നടനവിസ്മയം മോഹന്‍ലാലിന്റെ അറുപതാം ജന്മദിനമായ ഇന്ന് നിരവധി പേരാണ് ആശംസയുമായി എത്തിയത്. ഇപ്പോഴിതാ ലോക്ഡൗണില്‍ വീട്ടിലിരുന്ന് ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം താരം പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

താരം കേക്ക് മുറിച്ചപ്പോള്‍ സുചിത്രയും പ്രണവും ബന്ധുക്കളും പിറന്നാള്‍ ഗാനം പാടി മാത്രമല്ല ഉറ്റ സുഹൃത്തുക്കള്‍ വീഡിയോ കോള്‍ വഴിയാണ് കേക്ക് മുറിക്കല്‍ പാര്‍ ട്ടിയില്‍ പങ്ക് ചേര്‍ന്നത്. ഈ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. അറുപതാം ജന്മദിനത്തോടൊപ്പം 2020ല്‍ അഭിനയജീവിതത്തിന്റെ നാല്പതു വര്‍ഷവും മോഹന്‍ലാല്‍ പൂര്‍ത്തിയാക്കി.

1978ല്‍ തിരനോട്ടം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി ഇന്ന് മലയാളത്തിലെ സൂപ്പര്‍താരങ്ങളിലൊരാളായി മാറിയ മോഹന്‍ലാലിന്റെ നടന വൈഭവം ആരാധകരെ വര്‍ധിപ്പിച്ചതേയുള്ളൂ.

തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്ന് മഞ്ഞില്‍ വിരിഞ്ഞപൂക്കളിലൂടെ വില്ലനായും പിന്നീടങ്ങോട്ടുള്ള ഓരോ ചുവടും നായകനായും സൂപ്പര്‍താരമായും മോഹന്‍ലാലിനെ സിനിമാലോകം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ലയാള സിനിമയുടെ സുവര്‍ണ്ണകാലമെന്ന് അടയാളപ്പെടുത്തുന്ന എണ്‍പതുകളിലും 90 കളിലും പുറത്ത് വന്ന എണ്ണം പറഞ്ഞ ചിത്രങ്ങള്‍ ലാലിലെ മഹാനടനെ കാണിച്ചുതന്നു. തോളല്‍പ്പം ചെരിച്ച്, ഒരു ചെറുനോട്ടത്തില്‍പോലും ലാലിലെ നടനെ ആരാധകര്‍ ഹൃദയത്തില്‍ ഒപ്പിയെടുത്തു.

മികച്ച നടനുള്ള രണ്ട് പുരസ്‌ക്കാരങ്ങളടക്കം നാലു ദേശീയ അവാര്‍ഡുകള്‍. 9 സംസ്ഥാന ബഹുമതികള്‍. പത്മശ്രീ. പത്മഭൂഷന്‍ എന്നിങ്ങനെ അദ്ദേഹം നേടിയെടുത്ത അംഗീകാരങ്ങളേറെ… മുന്നൂറിലേറെ വേഷങ്ങള്‍ പിന്നിട്ട് നാല്‍പതോളം വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ അറുപതിന്റെ നിറവിലെത്തിയ പ്രിയനടനില്‍ നിന്നും ആരാധകര്‍ ഇനിയുമേറെ പ്രതീക്ഷിക്കുന്നു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ദൃശ്യം 2 , സംവിധായകന്റെ റോളില്‍ ആദ്യമായി എത്തുന്ന ബാറോസ് ഇനിയുമുണ്ട്, മോഹന്‍ലാലെന്ന വിസ്മയത്തിന്റെ അഭിനയ മാന്ത്രികം.

Top