മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ 2020ല്‍ തീയേറ്ററില്‍ എത്തും

മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയേറ്ററില്‍
എത്തുന്നത് 2020ല്‍. മരക്കാരുടെ ഷൂട്ടിങ് ഹൈദരബാദിലാണിപ്പോള്‍ നടക്കുന്നത്. റാമോജി ഫിലിം സിറ്റിയിലാണ് ഭൂരിഭാഗം ചിത്രീകരണവും നടക്കുന്നത്. ഊട്ടി രാമേശ്വരം എന്നിവിടങ്ങളിലായിരിക്കും ബാക്കി ചിത്രീകരണം.

ഡിസംബര്‍ ഒന്നിനാണ് ഷൂട്ടിങ് ആരംഭിച്ചത്. 100 ദിവസം കൊണ്ട് തീരുന്ന ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം ആസൂത്രണം ചെയതിരിക്കുന്നുവെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ധാരാളമുള്ളത് കൊണ്ടാണ് റിലീസ് നീളുന്നതെന്നാണ് വിവരം. നാല് കുഞ്ഞാലി മരയ്ക്കാര്‍മാരെയാണ് ചരിത്രം രേഖപ്പെടുത്തുന്നത്. അതില്‍ നാവിക തലവനായ കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ഐവി ശശിയുടെ മകന്‍ അനിയാണ് തിരക്കഥ ഒരുക്കുന്നത്. സംവിധാനത്തിനൊപ്പം തിരക്കഥയുടെ പിന്നിലും പ്രിയദര്‍ശന്റെ കരങ്ങളുണ്ട്.

ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റ് എന്നിവ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി ചിത്രം എത്തും.

Top