ആധുനിക രാഷ്ട്ര ചിന്തയില്‍ ആധ്യാത്മികതയെ ഇണക്കിച്ചേര്‍ത്തത് ഗാന്ധിജിയാണെന്ന് മോഹന്‍ ഭാഗവത്

നാഗ്പൂര്‍: ഭാരതത്തിന്റെ വേര് ആധ്യാത്മികമാണെന്ന് തിരിച്ചറിഞ്ഞ് ആധുനിക രാഷ്ട്ര ചിന്തയില്‍ ആധ്യാത്മികതയെ ഇണക്കിച്ചേര്‍ത്തത് ഗാന്ധിജിയാണെന്ന് മോഹന്‍ ഭാഗവത്.

ഗാന്ധിജിക്ക് രാഷ്ട്രീയമെന്നത് ഭരണത്തിലൊതുങ്ങുന്നതല്ലായിരുന്നു. മറിച്ച് വ്യക്തികളുടെ സ്വഭാവശുദ്ധിയും, പ്രവര്‍ത്തിയും മാതൃകയാക്കുന്നതുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വലിയ വാഗ്ദാനങ്ങളും, സ്വാര്‍ത്ഥതയും വച്ചുപുലര്‍ത്തുന്ന വൈദേശിക ചിന്താധാരയിലെ രാഷ്ട്രീയ പ്രവണത അദ്ദേഹം നിരുല്‍സാഹപ്പെടുത്തി. ഭാരതത്തിലെ ജനമനസ്സില്‍ ഇതിഹാസങ്ങള്‍ എങ്ങനെയാണോ ഒളിമങ്ങാതെ നില്‍ക്കുന്നത് അതുപോലെയാണ് ഗാന്ധിജിയെന്നും ഭാഗവത് പറഞ്ഞു.

സത്യവും അഹിംസയും സ്വയംപര്യാപ്തതയും മനുഷ്യന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലാണ് അദ്ദേഹം വിശ്വസിച്ചത്. ഈ ചിന്ത സ്വന്തം ജീവിതത്തില്‍ സാക്ഷാത്ക്കരിച്ച വ്യക്തിത്വമാണ് ഗാന്ധിജിയെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികം രാജ്യം വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിജിയുടെ അന്ത്യ വിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചനകള്‍ അര്‍പ്പിക്കും. 10.30 ന് പാര്‍ലമെന്റ് മന്ദിരത്തിലെ പുഷ്പാര്‍ച്ചനക്ക് ശേഷം പ്രധാനമന്ത്രി ഗുജറാത്തിലേക്ക് തിരിക്കും.

വൈകീട്ട് 6ന് അഹമ്മദാബാദില്‍ എത്തുന്ന പ്രധാനമന്ത്രി സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ശേഷം സ്വഛ് ഭാരത് പരിപാടിയിലും പങ്കെടുക്കും. കോണ്‍ഗ്രസ് പദയാത്രക്ക് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ലഖ്‌നൌവില്‍ പ്രിയങ്ക ഗാന്ധിയും നേതൃത്വം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി കേരള ഹൗസില്‍ ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ഐക്യരാഷ്ട്രസഭ രാജ്യാന്തര അഹിംസാ ദിനമായാണ് ഗാന്ധിജയന്തി ആചരിക്കുന്നത്.

Top