കേരളവും . . ബംഗാളും ജിഹാദികളെയാണ് പിന്തുണയ്ക്കുന്നത് : ആർ.എസ്.എസ് മേധാവി

ന്യൂഡല്‍ഹി: ബംഗാള്‍-കേരള സര്‍ക്കാരുകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത്.

കേരളത്തിലേയും ബംഗാളിലേയും സര്‍ക്കാരുകള്‍ പരാജയമാണെന്നും ഇരു സര്‍ക്കാരുകളും ദേശവിരുദ്ധ ശക്തികളെ പിന്തുണയ്ക്കുകയും ജിഹാദികളുമായി സന്ധി ചെയ്യുന്നുവെന്നും മോഹന്‍ ഭാഗവത് തുറന്നടിച്ചു.

ഈ സംസ്ഥാനങ്ങളില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ജിഹാദി സംഘടനകള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിന്റെ സ്ഥാപക വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭഗവത്.

ഈ രണ്ട് സംസ്ഥാനങ്ങളിലേയും സര്‍ക്കാരുകള്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റാതെ ജിഹാദി ഘടകങ്ങളെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ജനങ്ങള്‍ പ്രതിരോധം തുടങ്ങിയിട്ടുണ്ട് മോഹന്‍ ഭഗവത് പറഞ്ഞു.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്നും കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് മോഹന്‍ ഭഗവത് വ്യക്തമാക്കി.

റോഹിങ്ക്യന്‍ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കുകയാണെങ്കിലും അത് രാജ്യ സുരക്ഷ കണക്കിലെടുത്തുകൊണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

റോഹിങ്ക്യകളെ പിന്തുണയ്ക്കുന്നവരെ മനുഷ്യത്വത്തിന്റെ പേരിലാണ് ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കുന്നത്. എന്നാല്‍, മാനുഷികതയുടെ പേരില്‍ മാനവരാശിയെ തന്നെ അപകടപ്പെടുത്താനാവില്ലെന്നും ഭഗവത് പറഞ്ഞു.

ബംഗ്ലാദേശില്‍ നിന്നുള്ള കടന്നുകയറ്റ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെടാതെ കിടക്കുമ്പോഴാണ് മ്യാന്മര്‍ പ്രശ്‌നവും കൂടി നമ്മുടെ തലയിലാവുന്നത്. റോഹിങ്ക്യകളെ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിച്ചാല്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ഇത് അധികബാദ്ധ്യതയാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരിലെ ജനങ്ങള്‍ ഇന്ത്യയുടെ ഭാഗമാണെന്ന പ്രതീതി ജനിപ്പിക്കാന്‍ ഭരണഘടനയില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്നും ആര്‍എസ്എസ് മേധാവി ആവശ്യപ്പെട്ടു. കശ്മീരിലെ ജനങ്ങള്‍ ഇന്ത്യയുടെ ഭാഗമാണെന്ന പ്രതീതി ഉളവാക്കാന്‍ സ്വാതന്ത്യത്തിന് ശേഷം ഇതുവരെയും സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top