അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22ന് തുറക്കും; മോഹന്‍ ഭഗവത്

മുംബൈ: അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22ന് തുറക്കുമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്. രാജ്യത്തെ ക്ഷേത്രങ്ങളിലും മറ്റും പ്രത്യേക ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കണമെന്ന് മോഹന്‍ ഭഗവത് പറഞ്ഞു. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. ചടങ്ങില്‍ ഗായകന്‍ ശങ്കര്‍ മഹാദേവന്‍ മുഖ്യാതിഥിയായിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസ്, നിതിന്‍ ഗഡ്കരി തുടങ്ങിയവരും പങ്കെടുത്തു.

ജി 20 ഇന്ത്യയില്‍ നടത്താന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മോഹന്‍ ഭഗവത് പറഞ്ഞു. ഇന്ത്യയുടെ നയതന്ത്ര മികവ് ലോകം കണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ചന്ദ്രയാനും ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടവും മോഹന്‍ ഭഗവത് പ്രശംസിച്ചു. ക്ഷേത്രങ്ങളില്‍ അടക്കം ഏതെങ്കിലും തരത്തിലുള്ള വിവേചനം ബാക്കിയുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ചിന്തിച്ചു വോട്ട് ചെയ്യണം. ആരാണ് നല്ല കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ആലോചിച്ച് വോട്ട് ചെയ്യണം. ദീര്‍ഘനാളത്തെ അനുഭവം ജനങ്ങള്‍ക്ക് മുന്നില്‍ ഉണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

Top