ഹിന്ദു രാഷ്ട്രമെന്നാല്‍ അവിടെ മുസ്ലിംകള്‍ക്ക് സ്ഥാനമില്ലെന്ന് അര്‍ഥമില്ലെന്ന് മോഹന്‍ ഭാഗവത്

Mohan Bhagwat

ന്യൂഡല്‍ഹി: ഹിന്ദു രാഷ്ട്രമെന്നാല്‍ അവിടെ മുസ്ലിംകള്‍ക്ക് സ്ഥാനമില്ലെന്ന് അര്‍ഥമില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് ഹിന്ദുത്വം ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വം എന്നത് ഒരു ലോകം ഒരു കുടുംബം എന്നതാണ്. ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത് സാര്‍വലൗകിക സാഹോദര്യത്തിന് വേണ്ടിയാണ്. നാനാത്വത്തില്‍ ഏകത്വം എന്നത് തന്നെയാണ് ഈ സാഹോദര്യത്തിന്റെ സുപ്രധാന വശം. നമ്മുടെ സംസ്‌കാരത്തില്‍ നിന്നാണ് ഈ ചിന്ത ഉയര്‍ന്നു വരുന്നത്. ആ സംസ്‌കാരത്തെയാണ് ലോകം ഹിന്ദുത്വം എന്നു വിളിക്കുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഡല്‍ഹിയില്‍ ത്രിദിന സമ്മേളനത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ് ബിജെപിയുടെ സഹചാരി അല്ലെന്നും ഹിന്ദുരാഷ്ട്രം എന്നത് വര്‍ഗീയ പരാമര്‍ശമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വയം സേവകരോട് ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടില്ല. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ തന്നെ പ്രവര്‍ത്തിക്കണം എന്ന് പ്രവര്‍ത്തകരോട് ആര്‍എസ്എസ് ആവശ്യപ്പെടുന്നുമില്ല. എന്നാല്‍, ദേശീയ താത്പര്യത്തിന് വേണ്ടി നിലകൊള്ളുന്നവരെ പിന്തുണയ്ക്കണം എന്ന് ഉപദേശിച്ചിട്ടുണ്ടെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.

ഹിന്ദുക്കളെ ഒന്നിപ്പിക്കാനാണ് ആര്‍.എസ്.എസ് രൂപം കൊണ്ടതെന്ന് ഭാഗവത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആര്‍.എസ്.എസിന്റെ ഹിന്ദുത്വം ആരെയെങ്കിലും എതിര്‍ക്കാനുള്ളതല്ല. വിഭിന്നതയുടെ വിവേചനം പാടില്ലെന്നതാണ് സംഘടനയുടെ നിലപാട്. ആര്‍.എസ് എസാണ് ഏറ്റവും വലിയ ജനാധിപത്യ സംഘടനയെന്നും മോഹന്‍ഭാഗവത് വ്യക്തമാക്കിയിരുന്നു.

Top