സ്വാര്‍ഥതയ്ക്ക് വേണ്ടി പോരടിച്ചാല്‍ ഇരു കൂട്ടര്‍ക്കും നഷ്ടം ;ശിവസേന സഖ്യം വേണമെന്ന് മോഹന്‍ ഭാഗവത്

മുംബൈ : മഹാരാഷ്ട്രയില്‍ എങ്ങിനെയും അധികാരം പിടിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് പാര്‍ട്ടി നേതാക്കള്‍. തര്‍ക്കങ്ങള്‍ പരിഹരിച്ച് ബിജെപിയും ശിവസേനയും ഒന്നിച്ച് സര്‍ക്കാരുണ്ടാക്കണമെന്നാണ് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് തന്നെ ഇപ്പോള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഒരുമിച്ച് നിന്നില്ലെങ്കില്‍ ശിവസേനയ്ക്കും ബിജെപിക്കും ഒരു പോലെ നഷ്ടങ്ങളുണ്ടാക്കുമെന്ന് ഭാഗവത് പറഞ്ഞു. സ്വാര്‍ഥതയ്ക്ക് വേണ്ടി പോരടിച്ചാല്‍ നഷ്ടങ്ങളുണ്ടാകുന്നത് ബിജെപിയ്ക്കും സേനയ്ക്കുമാണെന്ന് ഭാഗവത് വ്യക്തമാക്കി. കോണ്‍ഗ്രസ് -എന്‍സിപി പാര്‍ട്ടികള്‍ക്ക് ഒപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമവുമായി സേനാ മുന്നോട്ട് പോവുന്നതിനിടെയാണ് മോഹന്‍ ഭാഗവതിന്റെ പ്രതികരണം.

ചര്‍ച്ച നടത്തുകയാണെന്ന് ശിവസേന പറയുന്നുണ്ടെങ്കിലും നിലവില്‍ ബി.ജെ.പിയുമായാണ് ശിവസേന ബന്ധം പുലര്‍ത്തുന്നതെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ശിവസേന വൃത്തങ്ങള്‍ തന്നെയാണ് ബിജെപിയുമായുള്ള സഖ്യ സാധ്യതകളെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

പാര്‍ട്ടി ആദ്യം മുന്നോട്ടുവെച്ച 50-50 ശതമാനം ഫോര്‍മുല അംഗീകരിക്കാന്‍ തയാറായാല്‍ ബിജെപിയുമായി കൂട്ടുകൂടാന്‍ സന്തോഷമേയുള്ളൂ എന്നാണ് ശിവസേന വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അതേസമയം ശിവസേനയുമായി സഹകരിക്കുന്ന കാര്യത്തില്‍ നാളെ എന്‍സിപി, കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും.

Top