മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ വീരമൃത്യു വരിച്ച സൈനികരെ അപമാനിക്കുന്നത്; രാഹുല്‍ ഗാന്ധി

Rahul Gandhi

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ച ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെതിരെ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ അപമാനിക്കുന്നതാണ് മോഹന്‍ ഭാഗവതിന്റെ വാക്കുകളെന്ന് രാഹുല്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് രാഹുല്‍ മറുപടി നല്‍കിയത്.

‘ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം ഓരോ ഇന്ത്യക്കാരനെയും നമ്മുടെ ദേശീയ പതാകയെയും അപമാനിക്കുന്നതാണ്. ഇത് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരോടുള്ള അനാദരവാണ്. ഓരോ സൈനികനും പതാകയെ സല്യൂട്ട് ചെയ്യുന്നതാണ്. നമ്മുടെ സൈന്യത്തെയും ജവാന്മാരെയും അപമാനിച്ചതിന് താങ്കളോട് ലജ്ജ തോന്നുന്നു മിസ്റ്റര്‍ ഭാഗവത്’. രാഹുല്‍ ട്വിറ്ററില്‍ വ്യക്തമാക്കി. #ApologiseRSS എന്ന ഹാഷ് ടാഗോടു കൂടി മോഹന്‍ ഭാഗവതിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങളും ചേര്‍ത്താണ് രാഹുലിന്റെ ട്വീറ്റ്.

ഇന്ത്യന്‍ സൈന്യത്തിനു യുദ്ധത്തിനു തയ്യാറെടുക്കാന്‍ ആറ് മാസം വേണമെങ്കില്‍ ആര്‍എസ്എസിനു വെറും മൂന്ന് ദിവസം മതിയെന്നായിരുന്നു മോഹന്‍ ഭാഗവത് പൂനെയില്‍ പ്രസംഗത്തില്‍ പറഞ്ഞത്.

Top