മോദിയുടെ താരപരിവേഷത്തിനും അപ്പുറം വിജയം സമ്മാനിച്ചത് ആർ.എസ്.എസ് !

മോദിയുടെ താരപരിവേഷത്തിനും അമിത് ഷായുടെ തന്ത്രത്തിനും അപ്പുറം ബി.ജെ.പിയുടെ വിജയത്തിന് പിന്നില്‍ മറ്റൊരാളുണ്ട്. അതാണ് മോഹന്‍ ഭാഗവത് എന്ന ആര്‍.എസ്.എസ് മേധാവി. സംഘടനയുടെ ഭരണഘടന ലംഘിച്ച് പോലും ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കളത്തിലിറക്കിയത് മോഹന്‍ ഭാഗവതാണ്.

രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കണമെന്ന അനുശാസനമാണ് ഇവിടെ ഭാഗവത് മറികടന്നത്. ഇത് മൂന്നാം തവണയാണ് ആര്‍.എസ്.എസ് തിരഞ്ഞെടുപ്പില്‍ സജീവമായി ഇടപെടുന്നത്.

രാജ്യത്തെ ആര്‍.എസ്.എസിന്റെ മുഴുവന്‍ സംഘടനാ സംവിധാനവും എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവര്‍ത്തിച്ചത്. യു.പിയില്‍ മഹാ സഖ്യത്തെ പിഴുതെറിഞ്ഞതിന് പിന്നിലും രാജസ്ഥാനിലും മധ്യപ്രദേശിലും, ഗുജറാത്തിലും തൂത്തുവാരാന്‍ കഴിഞ്ഞതും ആര്‍.എസ്.എസ് ഇടപെടല്‍ മൂലമാണ്. ബംഗാളിലും കര്‍ണ്ണാകയിലും ഡല്‍ഹിയിലും ഉള്‍പ്പെടെ ഏറെ വിയര്‍പ്പൊഴുക്കിയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചത്.

അമിത് ഷായുടെ തന്ത്രങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കിയത് ഈ സ്വയം സേവകരാണ്. മോദി എന്ന മുന്‍ ആര്‍.എസ്.എസ് പ്രചാരകന്‍ വീണ്ടും പ്രധാനമന്ത്രിയാകുന്നതിനെ അഭിമാനമായാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കാണുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ വിവിധ പദ്ധതികളും നേട്ടങ്ങളും വീടുവീടാന്തരം കയറി ഇറങ്ങി പറഞ്ഞത് സ്വയം സേവകരായിരുന്നു.ഇങ്ങനെ ബൂത്ത് തലത്തില്‍ വരെ ആര്‍.എസ്.എസ് നടത്തിയ പ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.

സ്വയം സേവകര്‍ക്ക് മോദി അമരവും മോഹന്‍ ഭാഗവത് ആത്മാവുമാണ്. ഇന്നുവരെ ആര്‍.എസ്.എസ് മേധാവിയുമായി ഒരു ചെറിയ ഭിന്നത പോലും മോദിക്കുണ്ടായിട്ടില്ല. ഒടുവില്‍ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കാനുള്ള നിര്‍ദ്ദേശം പോലും ഇരുവരും ഒന്നിച്ചെടുത്തതായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പല നയങ്ങള്‍ക്കും എതിരായി സംഘ പരിവാറില്‍ തന്നെ എതിര്‍പ്പുയര്‍ന്നപ്പോഴും അനുനയിപ്പിച്ചതും ഭാഗവതായിരുന്നു.മോദി വിരുദ്ധനായ വി.എച്ച്.പി മുന്‍ അന്ത്രാരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയയെ പുറത്താക്കിയതിന് പിന്നിലും ആര്‍.എസ്.എസ് മേധാവിയായിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ഗ്വാളിയോറിലായിരുന്നു ആര്‍എസ്എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭ ചേര്‍ന്നിരുന്നത്. സര്‍കാര്യവാഹ് അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍, ഹിന്ദു ആചാരാനുഷ്ഠാനങ്ങളിലെ വൈവിധ്യങ്ങള്‍ അംഗീകരിക്കപ്പെടണം എന്നു പറഞ്ഞശേഷം ശബരിമല, രാംജന്മഭൂമി, കുംഭമേള എന്നിവ പരാമര്‍ശിച്ചിരുന്നു.

രാജ്യം ദേശദ്രോഹ ശക്തികളാല്‍ ആക്രമിക്കപ്പെടുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ യോഗം കേന്ദ്ര സര്‍ക്കാര്‍ തിരിച്ചടിച്ച രീതിയെ പ്രശംസിക്കുകയുമുണ്ടായി. ദേശതാല്‍പര്യം സംരക്ഷിക്കുന്ന സര്‍ക്കാരിനായി ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും തിരഞ്ഞെടുപ്പു സമയത്ത് നിലകൊള്ളേണ്ടതിനെപ്പറ്റി ഭാഗവത് ഓര്‍മപ്പെടുത്തി. മോദി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്കായുള്ള സംഘപരിവാറിന്റെ ആഹ്വാനമായി ആ യോഗം മാറി.

1977ല്‍ ഇന്ദിരാഗാന്ധിയെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ ജനതാപാര്‍ട്ടിക്കു പിന്തുണ പ്രഖ്യാപിച്ചതു പോലെ 2014ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ ബിജെപിക്കൊപ്പം നില്‍ക്കുകയാണ് ആര്‍എസ്എസ് ചെയ്തിരുന്നത്. 2019ല്‍ ഭരണത്തുടര്‍ച്ചയ്ക്കായാണ് രംഗത്തിറങ്ങിയത്.2014 ല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ നരേന്ദ്ര മോദി പോയതു തന്നെ നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തേക്കായിരുന്നു.

എന്നും അധികാര സ്ഥാനങ്ങളോട് അകലം പാലിച്ചാണ് ആര്‍.എസ്.എസ് നില്‍ക്കുന്നതെങ്കിലും മോദിയും പൂര്‍ണ്ണമായും ആര്‍.എസ്.എസിന്റെ നിയന്ത്രണത്തില്‍ തന്നെയാണ്. ഈ ലക്ഷ്മണ രേഖ ലംഘിച്ച് മുന്നോട്ട് പോകാന്‍ എന്തായാലും മോദിക്കും അമിത് ഷാക്കും കഴിയില്ല. മോഹന്‍ ഭാഗവത് എന്ന ആര്‍.എസ്.എസ് മേധാവി തന്നെയാണ് സംഘപരിവാറില്‍ എപ്പോഴും അവസാന വാക്ക്

Top