വീട്ടില്‍ അതിക്രമിച്ചുകേറിയെന്ന് പരാതി; മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷമിയുടെ വീടാക്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്.കഴിഞ്ഞ ദിവസം പാതിരാത്രിയാണ് ഷമിയുമായി പിണങ്ങിക്കഴിയുന്ന ഹസിന്‍ മകള്‍ ദേബോയേയും കൊണ്ട് ഷമിയുടെ വീട്ടിലെത്തി അമ്മയും മറ്റ് ബന്ധുക്കളുമായി വാക് തര്‍ക്കത്തിലേര്‍പ്പെട്ടത്.

തുടര്‍ന്ന് ഷമിയുടെ വീട്ടുകാര്‍ നല്‍കിയ പരാതി അനുസരിച്ചാണ് പോലീസ് സെക്ഷന്‍ 151 പ്രകാരം അറസ്റ്റ് ചെയ്തത്. ഹസിന്‍ വീട്ടില്‍ അതിക്രമിച്ചുകയറുകയായിരുന്നു വെന്നാണ് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

അതേസമയം ഷമിയുടെ പ്രശസ്തി പരിഗണിച്ചാണ് പൊലീസ് അകാരണമായി തന്നെ അറസ്റ്റ് ചെയ്തത് എന്നാണ് ഹസിന്‍ പറയുന്നത്.

ഷമി തന്നെ പീഡിപ്പിക്കുകയാണെന്ന് കാണിച്ച് ഹസിന്‍ കഴിഞ്ഞ വര്‍ഷം ഷമിക്കെതിര കേസ് കൊടുത്തിരുന്നു. ഷമി മറ്റ് സ്ത്രീകളുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും ഹസിന്‍ പരസ്യമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ബി.സി.സി.ഐ ഷമിയുമായുള്ള കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചിരുന്നു. ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണിപ്പോള്‍.

Top