കാലവര്‍ഷത്തിനു മുമ്പേ റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ നടപടിയെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കേരളത്തിലെ മുഴുവന്‍ റോഡുകളുടെയും അറ്റക്കുറ്റ പണികള്‍ നടത്തണമെന്ന് കേരള പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡുകളുടെ സുരക്ഷ ഉറപ്പാക്കാനായി പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മുന്‍വര്‍ഷങ്ങളില്‍ കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും പതിവായി കാലവര്‍ഷത്തില്‍ റോഡുകള്‍ പൊട്ടിപ്പൊളിയുന്ന സ്ഥലങ്ങളില്‍ തകര്‍ച്ച ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ നടപടികളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള റോഡുകളുടെ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ചീഫ് എന്‍ജിനിയര്‍ മുതല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ വരെയുള്ള 70 ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

യോഗത്തില്‍ മൂന്ന് പ്രധാന തീരുമാനങ്ങളാണ് എടുത്തത്. ആദ്യത്തേത് തിരുവനന്തപുരം പൊഴിയൂരില്‍ കടലാക്രമണത്തില്‍ തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കാന്‍ അടിയന്തരനടപടി, രണ്ടാമത്തെത് ആലപ്പുഴ കൃഷ്ണപുരം-ഹരിപ്പാട് ദേശീയപാത-66ലെ അറ്റകുറ്റപ്പണികള്‍ക്കുള്ള ഫണ്ട് ലഭ്യമാക്കുന്നതിന് ദേശീയപാതാ അതോറിറ്റിയോട് ആവശ്യപ്പെടും. മൂന്നാമത്തേത് പാലക്കാട് – മണ്ണാര്‍ക്കാട് ദേശീയപാതയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി ത്വരിതപ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിക്കല്‍ തുടങ്ങിയവയാണ് തീരുമാനങ്ങള്‍.

Top