കേന്ദ്രസേനയിലെ ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തി മുഹമ്മദ് റിയാസ്

തെ, ബേപ്പൂർ ജനതക്ക് ഒരിക്കലും തെറ്റിയിട്ടില്ല, ശരിയായ തീരുമാനം തന്നെയാണ് അവരും എടുത്തിരിക്കുന്നത്. മുഹമ്മദ് റിയാസ് എന്ന കമ്യൂണിസ്റ്റിന് വോട്ട് ചെയ്യാതിരുന്നവർ പോലും മിന്നൽ വേഗത്തിലുള്ള റിയാസിൻ്റെ ഇടപെടൽ കണ്ടിപ്പോൾ അന്തംവിട്ടിരിക്കുകയാണ്.
ബേപ്പൂരിൽ നിന്ന് മീൻപിടിക്കാൻ പോയി കനത്ത കടൽക്ഷോഭത്തിൽ കാണാതായ അജ്മീർ ഷാ എന്ന ബോട്ടും അതിലുള്ള യാത്രക്കാരും സുരക്ഷിതരാണെന്ന് കണ്ടെത്തിയ വിവരം ആദ്യം അറിയിച്ചത് ബേപ്പൂരിൻ്റെ ഈ നിയുക്ത എം.എൽ.എയാണ്. ഫിഷറിസ് ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോഗസ്ഥർ പോലും അപ്പോഴാണ് യഥാർത്ഥത്തിൽ വിവരമറിഞ്ഞിരുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വന്നിരുന്ന റിയാസ് ബോട്ട് കാണാതായ വിവരമറിഞ്ഞ ഉടന തന്നെ നേരിട്ട് രംഗത്തിറങ്ങുകയാണുണ്ടായത്.

തീരദേശ പൊലീസ് മേധാവി പി.വിജയൻ, കോസ്റ്റ് ഗാർഡ് ഐ.ജി ശ്രീജെന, ദുരന്തനിവാരണ വിഭാഗം മേധാവി ശേഖർ കുര്യാക്കോസ് എന്നിവരുമായി ചേർന്ന് റിയാസ് നടത്തിയ ഇടപെടലുകൾക്ക് പെട്ടന്ന് തന്നെ റിസർട്ടുമുണ്ടായി. ബോട്ട് ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ നങ്കൂരമിട്ടിരിക്കയാണെന്ന വിവരം അപ്പോഴാണ് പുറം ലോകം അറിഞ്ഞിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് വ്യക്തമാക്കിയ റിയാസ് അവർക്ക് ആവശ്യമുള്ള സഹായങ്ങൾ നൽകി തിരികെ എത്തിക്കാനുള്ള ഇടപെടലുകളും ദ്രുതഗതിയിലാണ് നടത്തിയിരിക്കുന്നത്. നിയുക്ത എം.എൽ.എയുടെ ഈ അർപ്പണബോധം പൊലീസ് ഉന്നതരെ മാത്രമല്ല സെൻട്രൽ ഗവൺമെൻ്റിനു കീഴിലുള്ള കോസ്റ്റ് ഗാർഡ് ഉദ്യാഗസ്ഥരിലും വലിയ മതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.

കാലാവസ്ഥ അനുകൂലമാകുന്നതോടെ മത്സ്യതൊഴിലാളികളെ തിരികെ എത്തിക്കുമെന്ന ഉറപ്പാണ് എം.എൽ.എക്ക് കോസ്റ്റ്ഗാർഡ് മേധിവിയും നൽകിയിരിക്കുന്നത്. ഇതു സംബന്ധമായ വിവരങ്ങൾ തീരദേശ പൊലീസ് ഐ.ജി പി.വിജയനും എം.എൽ.എക്ക്  നൽകുകയുണ്ടായി. മത്സ്യതൊഴിലാളികളുടെ ബന്ധുക്കൾക്ക് ശ്വാസം നേരെ വീണതും റിയാസിൻ്റെ പ്രതികരണം പുറത്ത് വന്നതോടെയാണ്. മേയ് അഞ്ചിനാണ് അജ്മീർ ഷാ എന്ന ബോട്ട് മീൻ പിടുത്തതിനായി ബേപ്പൂരിൽ നിന്നും പോയിരുന്നത്. 15 തൊഴിലാളികളായിരുന്നു ഈ ബോട്ടിലുണ്ടായിരുന്നത്. ചുഴലിക്കാറ്റിന് മുൻപേ തന്നെ ഇതിലെ തൊഴിലാളികളുമായി ബന്ധപ്പെടാൻ അധികൃതർ ശ്രമിച്ചിരുന്നെങ്കിലും ഇവരുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ബോട്ടിലുള്ളവരെ അറിയിക്കാനും അതുകൊണ്ടുതന്നെ സാധിച്ചിരുന്നുമില്ല. ഇവിടെയാണ് എം.എൽ.എയുടെ ഇടപെടൽ ഗുണം ചെയ്തിരിക്കുന്നത്.

അജ്മീർ ഷാ എന്ന ബോട്ടിന് പുറമെ മെയ് പത്താം തിയ്യതി ബേപ്പൂരിൽനിന്ന് പോയ മിലാദ് – 03 എന്ന ബോട്ടിനെക്കുറിച്ചും ഒരു വിവരവും ലഭ്യമായിരുന്നില്ല. എന്നാൽ, ഇതു പിന്നീട് ഗോവൻ തീരത്ത് നിന്നും കണ്ടെത്തുകയാണുണ്ടായത്. ഈ ബോട്ട് കരയിലേക്ക് എത്തിക്കാനുള്ള നടപടി ക്രമങ്ങളിലും ശരവേഗത്തിലാണ് റിയാസ് ഇടപെട്ടിരിക്കുന്നത്. മിലാദ് – 03 എന്ന ബോട്ടും കാലാവസ്ഥ അനുകൂലമായാൽ വൈകാതെ കരയിലെത്തുമെന്ന വിവരവും റിയാസ് തന്നെയാണ് ബന്ധുക്കൾക്കുൾപ്പെടെ കൈമാറിയിരുന്നത്.

കടലിൻ്റെ മക്കളെ സംബന്ധിച്ച് ഇത് വേറിട്ട അനുഭവമാണ്.തങ്ങളിൽ ഒരാളായി ഒപ്പം നിന്നു പ്രവർത്തിക്കുന്ന എം.എൽ.എ, ഇന്ന് അവർക്ക് സ്വപ്നമല്ല യാഥാർത്ഥ്യമാണ്. എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്യും മുൻപ് തന്നെ രാഷ്ട്രീയ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. രാപകൽ ഇല്ലാതെ ബേപ്പൂർ മണ്ഡലത്തിൽ നിലവിൽ സജീവമാണ് റിയാസ്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഇതിനകം തന്നെ ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഡി. വൈ. എഫ്. ഐ അഖിലേന്ത്യാ അദ്ധ്യക്ഷൻ കൂടിയായ മുഹമ്മദ് റിയാസ് മണ്ഡലത്തിലെ ഡിവൈ.എഫ്.ഐ – സി.പി.എം പ്രവർത്തകരെ മാത്രമല്ല രാഷ്ട്രീയ എതിരാളികളെ പോലും ചേർത്ത് പിടിച്ചാണ് അതിജീവനത്തിനു വേണ്ടിയുള്ള നാടിൻ്റെ പോരാട്ടത്തെ നയിച്ചു കൊണ്ടിരിക്കുന്നത്. അതു കൊണ്ട് തന്നെയാണ് രാഷ്ട്രീയ എതിരാളികൾ പോലും നിയുക്ത എം.എൽ.എയുടെ പ്രവർത്തിയെ അഭിനന്ദിക്കുന്നത്.

അവരുടെ കണക്കുകൂട്ടലുകൾക്കും അപ്പുറമാണ് റിയാസിൻ്റെ ഭാഗത്ത് നിന്നുള്ള സഹകരണമെന്നതും എടുത്തു പറയേണ്ട കാര്യം തന്നെയാണ്. സത്യപ്രതിജഞ ചെയ്തതിനു ശേഷം ഫീൽഡിൽ ഇറങ്ങാം എന്ന് കരുതുന്ന സകല എം.എൽ.എമാരും കണ്ടു പഠിക്കേണ്ട മാതൃക കൂടിയാണിത്. കാൽ ലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷം നേടിയാണ് റിയാസ് ബേപ്പൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അപവാദ പ്രചരണങ്ങൾക്കു മേലുള്ള ആധികാരിക വിജയം കൂടിയായിരുന്നു ഈ വിജയം. കോളജ് പഠനകാലത്ത് ബേപ്പൂർ മണ്ഡലത്തിലെ തന്നെയുള്ള ഫാറൂഖ് കോളജിൽ നിന്നും കാലിക്കറ്റ് സർവ്വകലാശാലാ യൂണിയൻ കൗൺസിലറായി റിയാസ് തിരഞ്ഞെടുക്കപ്പെട്ടത് ശരിക്കും ഒരു അട്ടിമറി വിജയത്തിലൂടെ ആയിരുന്നു. അക്കാലത്ത് എം.എസ്.എഫ് നേതൃത്വത്തെ ഞെട്ടിച്ച എസ്.എഫ്.ഐ വിജയം കൂടിയായിരുന്നു അത്.

സ്കൂൾ വിദ്യാർത്ഥിയായിരിക്കെ തന്നെ എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനായി മാറിയ റിയാസ് കഴിഞ്ഞ 30 വർഷത്തോളം നീണ്ട സംഘടനാ പ്രവർത്തനത്തിനിടയിൽ നിരവധി തവണയാണ് ജയിലിൽ അടക്കപ്പെട്ടിരുന്നത്. പലവട്ടം ക്രൂര മർദ്ദനങ്ങൾക്കും വിധേയനാവുകയുണ്ടായി. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷനായിരിക്കെ കേന്ദ്ര സർക്കാറിനെതിരായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതിന് ഡൽഹി, മുംബൈ സംസ്ഥാനങ്ങളിലും ഈ യുവ നേതാവ് അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. വിയർപ്പൊഴുക്കാതെ എ.സി റൂമിലിരുന്നും മൊബൈൽ ഫോൺ ഉപയോഗിച്ചും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നേതാക്കൾ ഏറെയുള്ള പുതിയ കാലത്ത് റിയാസിനെ പോലുള്ള കമ്യൂണിസ്റ്റുകൾ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരം മാത്രമല്ല ആവേശകരം കൂടിയാണ്.

Top