ഐ.എസ്.എല്‍: മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്സില്‍ കളിക്കും

കൊച്ചി: മലയാളി സെന്റര്‍ ഫോര്‍വേഡ് താരം മാഡമ്പില്ലത്ത് മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്‌സില്‍. കാസര്‍ഗോഡ് സ്വദേശിയായ റാഫി 2004ല്‍ എസ്.ബി.ടിയിലാണ് തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്. ചെന്നൈയ്ന്‍ എഫ്സിയില്‍ നിന്നുമാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. 2009-10 ഐ ലീഗില്‍ ഒരു ഇന്ത്യന്‍ കളിക്കാരന്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്ക് റെക്കോര്‍ഡായ 14ഗോളുകള്‍ നേടിക്കൊണ്ട് മഹീന്ദ്ര യുണൈറ്റഡിന്റെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സില്‍ മുഹമ്മദ് റാഫിക്ക് ഇത് രണ്ടാം വരവാണ്. എടികെയിലൂടെ ഐഎസ്എല്ലില്‍ എത്തിയ റാഫി മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിരുന്നു. 2015ഐഎസ്എല്ലിലെ എമേര്‍ജിങ് പ്ലയെര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ റാഫി ചെന്നൈ എഫ്‌സി, ചര്‍ച്ചില്‍ ബ്രദേഴ്സ്, മുംബൈ എഫ്‌സി, ഡിഎസ്‌കെ ശിവാജിയന്‍സ്, മുംബൈ ടൈഗേഴ്സ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്

ഹെഡ്ഡറുകളിലൂടെ ഗോളുകള്‍ നേടുന്നതില്‍ ഏറ്റവും മികവു പുലര്‍ത്തുന്ന കളിക്കാരനാണ് റാഫി.’രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തുന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആറാം സീസണിനായി ഒരുകൂട്ടം പ്രതിഭാധനരായ കളിക്കാര്‍ക്കൊപ്പം ഹോം ടീമിനെ പ്രതിനിധീകരിക്കുന്നതിനുള്ള അവസരം അംഗീകാരമായി കാണുന്നു. ഐഎസ്എല്‍ കപ്പ് നേടുകയെന്നതാണ് ഇപ്പോള്‍ ഏക ലക്ഷ്യം. അതിനായി ഞാന്‍ പിച്ചിലും പുറത്തും എന്റെ 100 ശതമാനം പരിശ്രമവും നല്‍കും. ഞങ്ങളുടെ ഹോം സ്റ്റേഡിയത്തെ ആരാധക പിന്തുണയാല്‍ വീണ്ടും ഒരു മഞ്ഞകോട്ടയാക്കി മാറ്റുന്നത് കാണുവാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും’റാഫി പറയുന്നു.

അതേസമയം, ഐ.എസ്.എല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ റാഫിയെ മികച്ച ഫോമില്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

Top