ലോക ജനതയുടെ കയ്യടി വാങ്ങി സൗദി . . . വിപ്ലവനായകനായി മുഹമ്മദ് ബിന്‍ സല്‍മാന്‍

muhammed bin salman

റിയാദ് : ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക, സാംസ്‌കാരിക വിപ്ലവങ്ങള്‍ക്കാണ് കഴിഞ്ഞ കുറെ നാളുകളായി സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്നത്. 35 വര്‍ഷം നീണ്ടുനിന്ന സിനിമാവിലക്കില്‍ നിന്ന് വെള്ളിത്തിരയിലെ മായികകാഴ്ചകളിലേക്ക് ഈ മാസം പകുതിയോടെ രാജ്യം മിഴിതുറക്കും. ഈ പരിഷ്‌കാരങ്ങള്‍ക്കും മാറ്റങ്ങള്‍ക്കുമെല്ലാം രാജ്യം കടപ്പെട്ടിരിക്കുന്നത് ഒരേയൊരാളോടാണ്, കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനോട്.

സൗദിയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌കാരങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വികസനത്തിനും വിപ്ലവത്തിനും തടസ്സം നിന്ന എതിരാളികളെ ബുദ്ധിപൂര്‍വ്വം പിന്തള്ളിയാണ് എംബിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ 32കാരന്‍ മുഖ്യധാര കീഴടക്കിയത്. പലവിധത്തില്‍ അധികാരം കയ്യാളിയിരുന്ന സൗദിയിലെ ആത്മീയാചാര്യന്മാരെയും മന്ത്രിമാരെയും വ്യവസായപ്രമുഖരെയും അഴിമതിയാരോപിച്ച് ഒറ്റരാത്രി കൊണ്ട് അറസ്റ്റ് ചെയ്തു നീക്കിയത് ലോകം ഞെട്ടലോടെയാണ് കണ്ടത്.

കഴിഞ്ഞ വര്‍ഷം റിയാദില്‍ നടന്ന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: ”സാധാരണ ജീവിതമാണ് ഞങ്ങള്‍ക്ക് വേണ്ടത്. മതം സഹിഷ്ണുതയായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന, എളിമയോടെയുള്ള ഒരു ജീവിതം. സൗദി ജനസംഖ്യയുടെ 70 ശതമാനവും 30 വയസ്സില്‍ താഴെയുള്ളവരാണ്. നിഷേധാത്മക ആശയങ്ങളില്‍ അടുത്ത 30 വര്‍ഷവും തളക്കപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അവയെ ഒറ്റയടിക്ക് നശിപ്പിക്കും.”

സമ്പദ് വ്യവസ്ഥയെ ശാക്തീകരിക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതികളിലൂടെ വിളിച്ചോതുന്നതെങ്കിലും കേവലമായ സാമ്പത്തിക പരിഷ്‌കാരങ്ങളല്ല സൗദിയില്‍ നടക്കുന്നത്. മതവും സമൂഹവും സാമ്പത്തികവും അധികാരവും എല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്ര പരിവര്‍ത്തനത്തിന്റെ ദിശയിലേക്കാണ് രാജ്യം നീങ്ങുന്നത്.

സൗദി ജനതയുടെ പകുതിയോളം വരുന്നത് സ്ത്രീകളാണ്. എന്നാല്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കോ സ്വാതന്ത്ര്യത്തിനോ പ്രാധാന്യമില്ലാത്ത നിയമവ്യവസ്ഥിതിയാണ് സൗദിയിലേത്. ഈ മേഖലയില്‍ അതിശക്തമായ മാറ്റങ്ങളാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ തുറന്നിട്ടത്. പൊതുനിരത്തുകളില്‍ വാഹനമോടിക്കാന്‍ വിലക്കുണ്ടായിരുന്ന സ്ത്രീകളെ സ്വതന്ത്രരാക്കി. സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടും അദ്ദേഹത്തിന്റെ നിലപാട് ഏറെ ശ്രദ്ധേയമായി.

നിലവില്‍ നിയമം മൂലം സൗദിയില്‍ ഒരു ഡ്രസ് കോഡ് നിലനില്‍ക്കുന്നുണ്ട്. കറുത്ത മേല്‍ വസ്ത്രമായ അബായ ധരിച്ചുകൊണ്ട് മാത്രമെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി സഞ്ചരിക്കാവൂ എന്നാണ് നിയമം. എന്നാല്‍ കറുപ്പ് വസ്ത്രം കൊണ്ട് ദേഹം മൂടി നടക്കണമെന്നത് മതത്തിന്റെ നിയമമല്ലെന്നും അതിനായി നിര്‍ബന്ധിക്കേണ്ടതില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ശിരോവസ്ത്രത്തിന്റെ കാര്യത്തിലും അടിച്ചേല്‍പ്പിക്കലുകള്‍ വേണ്ടെന്ന് അദ്ദേഹം നിലപാടെടുത്തു.

വിഷന്‍ 2030 ആണ് ഇനി മുന്നിലുള്ളത്. രാജ്യത്തിന്റെ സമഗ്രവികസനമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ ഇതിനകം പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞു. സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന പദ്ധതികള്‍ക്കും തുടക്കമായിക്കഴിഞ്ഞു.

ഈ വികസനങ്ങളും മാറ്റങ്ങളും ഒന്നും ദഹിക്കാത്ത, അതില്‍ അതൃപ്തിയുള്ള ഒരു വിഭാഗവും സൗദിയിലുണ്ട്. എന്നാല്‍ ആത്മവിശ്വാസത്തോടെ തീരുമാനങ്ങളെടുക്കാനും കാലക്രമേണ ഭൂരിപക്ഷത്തിന്റെ വിശ്വാസമാര്‍ജിക്കാനും മുഹമ്മദ് ബിന്‍ സല്‍മാന്‍ സാധിക്കും എന്നാണ് ഏവരും കരുതുന്നത്. പുതിയ കാലത്തിന്റെ വെല്ലുവിളികളെയെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ഭരണാധികാരി എന്ന നിലയിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രസക്തനാകുന്നത്.

റിപ്പോര്‍ട്ട്: അഞ്ജന മേരി പോള്‍

Top