ടൂറിസം കേന്ദ്രങ്ങളില്‍ പൊളൈറ്റ് പൊലീസിംഗാണ് വേണ്ടതെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട്: ടൂറിസം കേന്ദ്രങ്ങളില്‍ പൊളൈറ്റ് പൊലീസിംഗാണ് വേണ്ടതെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കോവളത്തുണ്ടായത് ഒറ്റപ്പെട്ട പ്രശ്‌നമെന്നും അതുപോലും ഉണ്ടാവാന്‍ പാടില്ലെന്നും ടൂറിസം മന്ത്രി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് സംബന്ധിച്ചുള്ള പൊലീസ് അസോസിയേഷന്റെ വിശദീകരണം ആഭ്യന്തര വകുപ്പ് പരിശോധിക്കട്ടെയെന്നും മന്ത്രി അറിയിച്ചു.

പുതുവര്‍ഷത്തലേന്ന് കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവം വിവാദമായതോടെ സംഭവത്തില്‍ ഇടപെട്ട പൊലീസുകാരനെതിരെ നടപടി എടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് കോവളം ഗ്രേഡ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ ബീച്ചിലേക്ക് മദ്യം കൊണ്ടുപോയതാണ് തടഞ്ഞതെന്നും എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അതേ സമയം തീരത്തേക്കല്ല മദ്യം കൊണ്ടു പോയതെന്ന് സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ആസ്ബര്‍ഗ് പറഞ്ഞു.

പുതുവര്‍ഷത്തലേന്ന് കേരളത്തിന് നാണക്കേടായ കോവളം സംഭവം വലിയ ചര്‍ച്ചയായതോടെയാണ് മുഖ്യമന്ത്രി ഇടപട്ട് നടപടി എടുത്തത്. കോവളത്തിനടുത്ത് വെള്ളാറില്‍ ഹോംസ്‌റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ബിവറേജസില്‍ നിന്നും മദ്യം വാങ്ങിവരുമ്പോഴാണ് പൊലീസ് തടഞ്ഞത്. ബില്‍ ചോദിച്ച് തടഞ്ഞതിനാല്‍ സ്റ്റീവന്‍ മദ്യം ഒഴുക്കിക്കളഞ്ഞത് ദേശീയ തലത്തില്‍ ചര്‍ച്ചയായി.

ഇതോടെയായാണ് വിദേശിയെ തടഞ്ഞ കോവള ഗ്രേഡ് എസ്‌ഐ ഷാജിയെ സസ്‌പെന്‍ഡ് ചെയ്തത്. സംഘത്തിലുണ്ടായിരുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകും. വിവാദം തണുപ്പിക്കാന്‍ മന്ത്രി ശിവന്‍കുട്ടി സ്റ്റീവനെ വീട്ടിലേക്ക് വിളിച്ച് വരുത്തി സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദീകരിച്ചു. സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ എടുത്ത നടപടിക്കെതിരെ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എതിര്‍പ്പ് ഉന്നയിച്ചു.

ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം പാലിക്കുകയാണ് എസ് ഐ ചെയ്തതെന്നാണ് സംഘടന മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. വിദേശിയെ തൊട്ടിട്ടില്ലെന്നും മദ്യം കളയാനും ആവശ്യപ്പെട്ടില്ല. നടപടി പിന്‍വലിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. എന്നാല്‍ ഈ വാദങ്ങള്‍ തള്ളുകയാണ് സ്റ്റീവന്‍. മദ്യം കളയാന്‍ ആവശ്യപ്പെട്ട പൊലീസ് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്റ്റീഫന്‍ പറഞ്ഞു.

Top