ആറ്റിങ്ങല്‍-വെഞ്ഞാറമ്മൂട് റോഡിലെ മുഴുവന്‍ ടാറിംഗ് പ്രവൃത്തിയും പൂര്‍ത്തീകരിച്ചതായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍-വെഞ്ഞാറമ്മൂട് പുത്തന്‍പാലം റോഡിലെ മുഴുവന്‍ ടാറിംഗ് പ്രവൃത്തിയും പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

ടാറിംഗ് പ്രവൃത്തി മന്ദഗതിയിലായതും ഓടനിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജനങ്ങളാണ് ശ്രദ്ധയില്‍പ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. വാമനപുരം, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട പാതയാണിത്. മൂന്ന് മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. എംഎല്‍എമാരായ ഡി കെ മുരളി, വി ശശി, ഒ എസ് അംബിക എന്നിവരും കൂടെയുണ്ടായിരുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

പ്രധാനജംഗ്ഷനുകളിലെ ഫുട്പാത്ത് നവീകരണം, ആവശ്യമായ സ്ഥലങ്ങളില്‍ ഐറിഷ് കോണ്‍ക്രീറ്റ്, റോഡ് മാര്‍ക്കിംഗ്, റോഡ് സുരക്ഷാ സാമഗ്രികള്‍ എന്നിവയാണ് ഇനി പൂര്‍ത്തീകരിക്കുവാനുള്ളതെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി അവസാനമാകുമ്പോഴേക്കും ഈ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൂടുതല്‍ തൊഴിലാളികളെയും ആവശ്യമായ യന്ത്രങ്ങളും ഉപയോഗിച്ച് പ്രവൃത്തി വേഗത്തിലാക്കണമെന്ന് സന്ദര്‍ശനവേളയില്‍ തീരുമാനിച്ചിരുന്നു. കൂടാതെ ഓടകള്‍ ശുചീകരിക്കണമെന്നും ആറ്റിങ്ങല്‍ മൂന്ന്മുക്ക്, പൂവണത്തുംമൂട് തുടങ്ങിയസ്ഥലങ്ങളില്‍ ഓടനിര്‍മ്മിക്കണമെന്നും നിശ്ചയിച്ചു. തുടര്‍ന്ന് മന്ത്രി ഓഫീസില്‍ നിന്നും പ്രവൃത്തിയുടെ പുരോഗതി നിരന്തരം പരിശോധിച്ചു.

മൂന്നാഴ്ചകള്‍ കൊണ്ട് റോഡിലെ മുഴുവന്‍ ടാറിംഗ് പ്രവൃത്തിയും പൂര്‍ത്തീകരിക്കുകയുണ്ടായി. പ്രധാനജംഗ്ഷനുകളിലെ ഫുട്പാത്ത് നവീകരണം, ആവശ്യമായ സ്ഥലങ്ങളില്‍ ഐറിഷ് കോണ്‍ക്രീറ്റ്, റോഡ് മാര്‍ക്കിംഗ്, റോഡ് സുരക്ഷാ സാമഗ്രികള്‍ എന്നിവയാണ് ഇനി പൂര്‍ത്തീകരിക്കുവാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top