കോതമംഗലത്ത് റോഡ് വികസനത്തിന് ഏഴു കോടിയുടെ പദ്ധതി തയ്യാറാക്കിയെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കോതമംഗലത്ത് റോഡ് വികസനത്തിന് ഏഴു കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് – വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോതമംഗലം മണ്ഡലത്തിലെ പ്ലാമുടി – കോട്ടപ്പടി -ഊരംകുഴി റോഡ് വികസനവുമായി ബന്ധപ്പെട്ട് എംഎല്‍എ ആന്റണി ജോണ്‍ ഉന്നയിച്ച സബ്മിഷനിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

നേരത്തെ, കിഫ് ബി ഫണ്ടില്‍ നിന്നും പ്രവൃത്തി നടത്തുന്ന റോഡില്‍ നെല്ലിക്കുഴി മുതല്‍ ഊരംകുഴി വരെയുള്ള ഭാഗങ്ങളില്‍ മാനദണ്ഡം അനുസരിച്ച വീതി ഇല്ലാത്തതിനാല്‍ പ്രവൃത്തി ആരംഭിക്കാന്‍ കഴിഞ്ഞില്ലെന്നും, വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാനുള്ള സ്ഥലവും ഇവിടെ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് 5 മീറ്റര്‍ ക്യാരേജ് വേ ഇല്ലാത്ത ഭാഗങ്ങള്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയെന്നും മന്ത്രി അറിയിച്ചു.

കിഫ് ബി പദ്ധതിയില്‍ നിന്നും ഒഴിവാക്കിയ ഭാഗം പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ കീഴിലേക്ക് മാറ്റി പ്രവൃത്തി നടത്തണമെന്ന നിര്‍ദ്ദേശമാണ് നിലവില്‍ ഉള്ളതെന്നും, ഇതിനായി ഏഴു കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇതിന് ഭരണാനുമതി ലഭിച്ചാല്‍ തുടര്‍നടപടികളിലേക്ക് കടക്കാമെന്നും മന്ത്രി റിയാസ് ചൂണ്ടിക്കാട്ടി.

Top