അലസരായ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് മുഹമ്മദ് റിയാസ്

കാസർ​ഗോഡ്: റോഡുകളെ കുറിച്ചുള്ള റിപ്പോർട്ട് തിരക്കഥ എഴുതും പോലെ മുറിയിൽ ഇരുന്ന് തയ്യാറാക്കിയാൽ പോരെന്ന് പൊതുമരാമത്ത് മന്ത്രി. ജനങ്ങളുടെ നികുതി പണം ശമ്പളമായി വാങ്ങി ഏല്‍പ്പിച്ച ജോലി ചെയ്യാത്ത ഉദ്യോ​ഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തി വരുന്ന സന്ദർശനത്തിന്റെ ഭാ​ഗമായി കാസർ​ഗോഡ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തെറ്റായ പ്രവണതകളുടെ പിന്നാലെ പോകുന്ന സ്ഥിതി സംസ്ഥാനത്തുണ്ട്. അത് പരിഹരിക്കണം. കാസര്‍ഗോഡ് ജില്ലയിലെ കെഫ്ആര്‍എഫ്ബിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം കുറെ കൂടി ജാഗ്രത വേണം. ചന്ദ്രഗിരി ജങ്ഷനിലെ റോഡ് തകരാറായ സംഭവം മാധ്യമങ്ങൾ ഉൾപ്പെടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഈ റോഡ് ഇന്റര്‍ലോക്ക് ചെയ്യാന്‍ 25 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയ വിവരം അറിയിക്കുന്നു. കാസര്‍ഗോഡ് ജില്ലയില്‍ ചിലര്‍ക്ക് ജോലി ചെയ്യാന്‍ മടിയാണ്. ജോലി ചെയ്യാത്ത ഒരാളെയും വെറുതെ വിടില്ല.’ മന്ത്രി പറഞ്ഞു.

അതേസമയം, ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് തുള്ളുന്ന മന്ത്രിമാരുണ്ടെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശത്തിന് അതേ വേദിയില്‍ മന്ത്രി മുഹമ്മദ് റിയാസ് തിരുത്തല്‍ മറുപടി നൽകി. ‘ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് തുള്ളുന്നവരല്ല ഇടതുമന്ത്രിമാര്‍’ എന്നാണ് ഉണ്ണിത്താനെ തിരുത്തി റിയാസ് പറഞ്ഞത്. കാസര്‍ഗോഡ് പള്ളിക്കരയില്‍ ബിആര്‍ഡിസിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടയായിരുന്നു സംഭവം.

 

 

Top